Breaking NewsINSIGHTNEWSTop News

ഒരു യുഗത്തിന്റെ അവസാനം; കെ.എം.റോയിയെ മംഗളം, മീഡിയമംഗളം മാനേജിങ് എഡിറ്റര്‍ ബിജു വര്‍ഗീസ് അനുസ്മരിക്കുന്നു

ബിജു വര്‍ഗീസ്

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വാരികയായി സാംസ്‌കാരികരംഗത്ത് വന്‍ വിജയം നേടി നിറഞ്ഞുനില്‍ക്കെ 1989ല്‍ മംഗളം ദിനപ്പത്രം തുടങ്ങാന്‍ എന്റെ പിതാവ് ശ്രീ എം.സി.വര്‍ഗീസ് തീരുമാനിക്കുമ്പോള്‍ അതിന് പിന്നിലെ കരുത്ത് അക്കാലത്ത് ചുറുചുറുക്കുള്ള കെ.എം.റോയ് എന്ന ജനറല്‍ എഡിറ്ററുടെ മേല്‍നോട്ടത്തില്‍ ജോയി തിരുമൂലപുരത്തിനു കീഴില്‍ സജ്ജരാക്കിയ എന്തിനും പോന്ന ഒരു കൂട്ടം യുവ മാധ്യമപ്രവര്‍ത്തകരുടെ സംഘമായിരുന്നു. മംഗളം എന്ന മാധ്യമ ബ്രാന്‍ഡിനെ വിശ്വസ്തതയുടെ പര്യായമാക്കുന്നതിലും സാധാരണക്കാരന്റെ ജിഹ്വ ആക്കുന്നതിലും ജനറല്‍ എഡിറ്റര്‍ എന്ന നിലയ്ക്ക് റോയ് സാറിന്റെ ദീര്‍ഘവീക്ഷണമുണ്ട്. പക്വതയുടെ മറ്റൊരു പേരായിട്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ എന്നും കണക്കാക്കിയിട്ടുള്ളത്.

ഞങ്ങള്‍ക്ക് പിതൃതുല്യനായിരുന്നു റോയിസാര്‍. എന്തിനും ഏതിനും വിളിക്കാവുന്നൊരു അത്താണി.വാര്‍ത്തയെപ്പറ്റിയോ ലോകകാര്യങ്ങളെപ്പറ്റിയോ ആളുകളെപ്പറ്റിയോ ഉള്ള എന്തു സംശയങ്ങള്‍ക്കും ഒരു ഫോണ്‍കാളില്‍ വിളിക്കാവുന്ന ഇന്‍സ്റ്റന്റ് വിജ്ഞാനകോശം. മംഗളത്തില്‍ നിന്നു വിട്ടു പോയപ്പോഴും ആ ബന്ധം അതേ ഊഷ്മളതയോടെ തന്നെ നിലനിന്നു. മംഗളത്തിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഏതു സന്ദിഗ്ധ ഘട്ടത്തിലും ആശ്രയമായി വിളിപ്പുറത്ത് അദ്ദേഹമുണ്ടായിരുന്നു. അതൊരു താങ്ങായിരുന്നു, തണലും.

പത്രസ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പലവിധത്തില്‍ അടുത്തു പെരുമാറാനവസരം കിട്ടിയപ്പോള്‍, കെ.എം.റോയി എന്ന മാധ്യമപ്രവര്‍ത്തകന്റെ മഹത്വം വ്യക്തിപരമായി കൂടുതല്‍ തിരിച്ചറിയാനായിട്ടുണ്ട് എനിക്ക്. എന്റെ നോട്ടത്തില്‍ മനോരമയും മാതൃഭൂമിയും ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും പോലുള്ള വന്‍കിട വ്യവസ്ഥാപിത പത്രപ്രസ്ഥാനങ്ങളുടെ വന്‍ നിഴലില്‍ നിന്ന് സമാന്തര/ബദല്‍ മാധ്യമസംസ്‌കാരം മലയാളപ്രസിദ്ധീകരണങ്ങളുടെ മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തിയതില്‍ കെ.എം.റോയി എന്ന മാധ്യമപ്രവര്‍ത്തകന് നിര്‍ണായകമായ പങ്കുണ്ട് എന്നാണ്.കേരളത്തിന്റെ മാധ്യമചരിത്രം തീര്‍ച്ചയായും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ട ഒന്നുതന്നെയാണത്. ദ് ഹിന്ദുവിലും മംഗളത്തിലും ദേശബന്ധുവിലും ഒരു പോലെ പ്രവര്‍ത്തിക്കാനാവുന്ന ആത്മവിശ്വാസം. അതാണ് റോയിസാറിനെ ഇതര മാധ്യമപ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. വന്‍കിട മാധ്യമങ്ങളെ ആശ്രയിക്കാതെ തന്നെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പല വാര്‍ത്തകളും ബ്രേക്ക് ചെയ്തുകൊണ്ട് മാധ്യമധര്‍മ്മം നിറവേറ്റാന്‍ സാധിച്ച പ്രതിഭ. അതാണ് റോയി സാര്‍ എന്നു സ്‌നേഹത്തോടെ സഹപ്രവര്‍ത്തകരും എണ്ണിയാല്‍ ഒടുങ്ങാത്ത ശിഷ്യരും ബഹുമാനത്തോടെ വിളിക്കുന്ന കെ.എം.റോയി.

സംസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ ട്രെയ്ഡ് യൂണിയന്‍ രൂപവല്‍ക്കരണം മുതല്‍ അതിന്റെ ശക്തിപ്പെടുത്തലില്‍ മാത്രമല്ല പത്രപ്രവര്‍ത്തനം ഒരു പ്രൊഫഷനെന്ന നിലയ്ക്ക് വളര്‍ത്തിയെടുക്കുന്നതില്‍ കെ.എം.റോയി എന്ന സംഘാടകന്റെ രക്തവും മാംസവും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തക ക്ഷേമനിധി മുതല്‍ പെന്‍ഷന്‍, വേജ്‌ബോര്‍ഡ് തുടങ്ങിയവയുടെ രൂപവല്‍ക്കരണത്തിലെല്ലാം ആ മനീഷിയുടെ ബുദ്ധിയും ചിന്തയും വിലപേലും പ്രകടമായിട്ടുമുണ്ട്.

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരു പോലെ സുസ്‌മേരവദനനായി സംസാരിക്കാന്‍ സാധിക്കുമായിരുന്ന വ്യക്തിയാണ് റോയി സാര്‍. പലപ്പോഴും അദ്ദേഹം ആളുകളോട് ഇടപഴകുന്നത് കണ്ട് അദ്ഭുതം കൂറിയിട്ടുണ്ട്. ഓഫീസിലെ പ്യൂണിനോടും കാറിന്റെ ഡ്രൈവറോടും ചീഫ് എഡിറ്ററോടും ഒരേ മട്ടില്‍ സഹിഷ്ണുതയോടെ അവരിലൊരാളായി അടുത്തിടപഴകുന്ന റോയി സാര്‍. എത്രയോ വിശിഷ്ടവ്യക്തികളെ, ദേശീയ പ്രശസ്തരെ, മാര്‍പ്പാപ്പ അടക്കമുള്ള രാജ്യാന്തര വ്യക്തിത്വങ്ങളെ അദ്ദേഹം കണ്ടുമുട്ടിയിരിക്കുന്നു, സംസാരിച്ചിരിക്കുന്നു. ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടുന്നവര്‍ ആ പെരുമാറ്റത്തിന്റെ ഊഷ്മളതയില്‍ ആണ്ടിറങ്ങുമെന്നുറപ്പ്.

അദ്ദേഹത്തിനൊപ്പം മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനെയും അമിതാഭ് ബച്ചനെയും സന്ദര്‍ശിച്ച അനുഭവങ്ങള്‍ ഇന്നലെയെന്നോണം ഉള്ളിലുണ്ട്. ബച്ചന്‍ സാഹിബ് പോലും അദ്ദേഹത്തെ റോയ് സാര്‍ എന്നു വിളിച്ച് ബഹുമാനത്തോടെയാണ് പെരുമാറിയത്. അദ്ദേഹം പോയ്മറയുമ്പോള്‍ ഒരു യുഗമാണ് അവസാനിക്കുന്നത്, മംഗളത്തിനും ഞങ്ങള്‍ മംഗളം പ്രവര്‍ത്തകര്‍ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close