KERALANEWSTop News

കെ മുരളീധരന്‍ വീണ്ടും കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍; തീരുമാനം ഹൈക്കമാൻഡിന്റെ

ന്യൂഡല്‍ഹി : കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാം തവണയാണ് മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാകുന്നത്. നേരത്തെ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് കെ മുരളീധരനെ പരിഗണിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പും കെ മുരളീധരനായിരുന്നു പ്രചാരണ സമിതി അധ്യക്ഷനായിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം പദവി ഒഴിയുകയായിരുന്നു. അതേസമയം കെ സുധാകരന്‍ ഇന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.കെപിസിസി, ഡിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്. നോമിനികളെ കയറ്റാനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും നടപടികള്‍ നിശ്ചിതത്വത്തിലാക്കുകയാണ്.

ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഡിസിസി പ്രസിഡന്റുമാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് കെപിസിസി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും മൂന്നംഗ പട്ടിക തയാറാക്കിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനോട് ഇടഞ്ഞ്, പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നാരോപിച്ചാണ് മുരളീധരന്‍ സ്ഥാനമൊഴിഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വടകര എംപിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close