KERALANEWSTop News

മുണ്ടും മാടിക്കെട്ടി ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്; സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്; കെ. സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച ജോജു ജോർജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച സുധാകരന്‍ ഗുണ്ടയെപ്പോലെ സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, സുധാകരന്‍ പറഞ്ഞു.

ഇന്ധനവിലയുടെ കാര്യത്തില്‍ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ഞങ്ങളോട് ചോദിക്കുകയാണ്. ഒരു മണിക്കൂര്‍ മാത്രമാണ് സമാധാനപരമായി സമരം ചെയ്തത്. അത് കുറ്റകരമാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ. ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ഉപരോധസമരത്തിനെതിരെ പ്രതികരിച്ചതിൽ രാഷ്ട്രീയമില്ലെന്ന് നടൻ ജോജു ജോർജ്. ഷൈൻ ചെയ്യാൻ ഞാൻ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും എനിക്ക് അത് മതിയെന്നും ജോജു പറഞ്ഞു. മദ്യപിച്ചിരുന്നെന്ന പരാതിയെ തുടർന്ന് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. നടന്റെ വാഹനം പനങ്ങാട് പോലീസ് സ്റ്റേഷനിലാണ്.

ഉപരോധ സമരത്തിൽ പ്രതിഷേധിച്ച ജോജു ജോർജ് മദ്യപിച്ചിരുന്നെന്ന് സംശയത്തെ തുടർന്നാണ് വൈദ്യപരിധോധന നടത്തിയത്. താരത്തെ ആദ്യം പോലീസ് സ്റ്റേഷനിലേക് കൊണ്ടുപോയി. പിന്നീട് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

നടുറോഡിൽ പ്രതികരിച്ചതിനെ തുടർന്ന് സമരക്കാർ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലടിച്ച് തകർത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്നും വനിതാ നേതാക്കളെ അസഭ്യം പറഞ്ഞെന്നും സമരക്കാർ ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അതേസമയം ജോജുവിനെതിരെ പരാതി നൽകുമെന്ന് വനിതാ നേതാക്കൾ പറഞ്ഞു.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിൽ ജനങ്ങൾ വലയുകയാണെന്ന് ജോജു പറഞ്ഞു. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയിൽ ഗതാഗതം തടസ്സപ്പെട്ടതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായാണ് നടൻ രംഗത്തെത്തിയത്. എറണാകുളം ഇടപ്പള്ളി-വൈറ്റില റോഡിലാണ് കോൺഗ്രസ്സ് ഉപരോധം സംഘടിപ്പിച്ചത്. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന സമരമെന്ന് പറഞ്ഞാണ് ജോജു പ്രതികരിച്ചത്.

റോഡ് ഉപരോധത്തെ തുടർന്ന് വാൻ ഗതാഗത കുരുക്കാണ് ഉണ്ടായിരുന്നത്. 1500ഓളം വാഹനങ്ങളാണ് റോഡിൽ നിരന്നുകിടന്നിരുന്നത്. ഇന്ധനവില വർധനയ്ക്കെതിരായ സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്നും നടൻ ജോജു ജോർജ് പറഞ്ഞു. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ വിവരംകെട്ട കുറേപ്പേര്‍ ഇറങ്ങിയതാണ് റോഡിൽ കാണുന്നത്. കുഞ്ഞുങ്ങളടക്കം റോഡില്‍ കഷ്ടപ്പെടുകയാണെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close