KERALANEWS

ഇ ശ്രീധരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ട്; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ന്നും സേവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ പ്രഖ്യാപനത്തെ കുറിച്ച് ധാരണയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. ഇ ശ്രീധരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ട്. അദ്ദേഹം ബിജെപിയില്‍ സജീവമാണെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തുടർന്നും ബിജെപിക്കും രാഷ്ട്രത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കും അതിനാലാണ് അദ്ദേഹത്തെ പാർട്ടി ദേശിയ നിവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം കേരളത്തിൽ സർവ ജനങ്ങളുടെയും ആദരവിന് പാത്രമായ മനുഷ്യനാണ് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ, അദ്ദേഹം ബിജെപിയിൽ ചേരുകയും പാലക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതോടെ എഞ്ചിനീയറിം​ഗ് രം​ഗത്തെ തന്റെ മികവിന് നൽകിയിരുന്ന അം​ഗീകാരം ജനങ്ങൾ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നൽകുന്നില്ല എന്ന് തിരിച്ചറിയുകയായിരുന്നു. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ട് പോലും ബിജെപിക്ക് ഇ ശ്രീധരനെ ജയിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സിറ്റിം​ഗ് സീറ്റായിരുന്ന നേമം നിലനിർത്താൻ പോലും സാധിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽ വന്നത് ബിജെപിക്ക് സാധ്യതയുള്ള സമയത്തെന്നും ഇനി രാഷ്ട്രീയ മോഹമില്ലെന്നുമായിരുന്നു ഇ ശ്രീധരൻ ഇന്ന് മലപ്പുറത്ത് പറഞ്ഞത്.

ശാന്തസൗമ്യനായ ഒരുമനുഷ്യൻ. വിവാദങ്ങൾ വന്നാലും അത്ര കടുപ്പിച്ചൊന്നും പറയില്ല. എന്നാൽ, പറയാനുള്ളത് ക്യത്യമായി മുഖത്ത് നോക്കി പറയുകയും ചെയ്യും. ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധനെന്ന് പേരുകേൾപ്പിച്ചയാൾ. തികഞ്ഞ കർമകുശലത. ഏറ്റെടുക്കുന്ന സംരംഭങ്ങൾ ക്യത്യനിഷ്ഠയോടെ ഭംഗിയായി തീർക്കുന്ന നേതൃപാടവം ഉള്ള ടെക്‌നോക്രാറ്റ്. മെട്രോമാൻ എന്ന സർവാദരണീയനായ ഇ.ശ്രീധരനെ മലയാളികൾ കണ്ടിരുന്നത് അങ്ങനെയായിരുന്നു. എന്നാൽ, പെട്ടെന്നൊരു നാൾ അദ്ദേഹം ബിജെപി നേതാവായി മാറിയതോടെ ഭൂരിപക്ഷം മലയാളികൾക്കും അദ്ദേഹം അനഭിമതനാകുകയായിരുന്നു.

ബിജെപി അധികാരത്തിൽ വന്നാൽ.. എന്ന ആമുഖത്തോടെയായിരുന്നു ഇ ശ്രീധരൻ തെരഞ്ഞെടുപ്പ് കാലത്ത് സംസാരിച്ച് തുടങ്ങിയിരുന്നത് തന്നെ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭരണഘടനാ പദവിയായ ഗവർണർക്ക് കൂടുതൽ അധികാരമില്ലാത്തതുകൊണ്ട് ആ പദവി അദ്ദേഹത്തിന് താൽപര്യമില്ല.

അമിത് ഷായുടെ ചടുലനീക്കത്തിന്റെ ഭാഗമായിരുന്നു ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ കൂറ് ദേശീയ പാർട്ടിയായ ബിജെപിയോട് ആണെന്ന് വ്യക്തമാക്കിയ നിമിഷം മുതൽ അദ്ദേഹം വെടിപൊട്ടിച്ചുതുടങ്ങി. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിനോട് ചേർന്നു നിൽക്കുന്നു മെട്രോമാൻ. ‘വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല,” ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല മുസ്ലിങ്ങൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും വിവാഹത്തിലൂടെ പെൺകുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വർഗീയ പാർട്ടിയാണെന്ന വിമർശനങ്ങളെ ശ്രീധരൻ എന്നും എതിർത്തിരുന്നു. ”ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച് ഒട്ടേറെ രാജ്യസ്നേഹികളുടെ കൂട്ടായ്മയാണ് ബിജെപി. എല്ലാ പാർട്ടികളെയും കൂട്ടായ്മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല,” – ഇതായിരുന്നു ശ്രീധരന്റെ നിലപാട്.

റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി

പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close