Breaking NewsINSIGHTNEWSTop News

കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കി മാറ്റുകയാണ് വേണ്ടത്; ലാഭത്തിന്റെ കണ്ണിലൂടെ കാണാനുള്ളതല്ല പൊതു​ഗതാ​ഗത സംവിധാനം

കല്ലട ശ്രീകുമാർ

കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനം എന്തുകൊണ്ട് നഷ്ടത്തിലോടുന്നു എന്നതിന് ഉത്തരം തേടി അമേരിക്കയിലോ സ്വിറ്റ്സർലണ്ടിലോ നോർവെയിലോ പോകേണ്ട കാര്യമില്ല. ലോകത്തെവിടെയും പൊതു​ഗതാ​ഗത സംവിധാനം ലാഭത്തിന്റെ നിധി തേടിയുള്ള യാത്രകൾക്കായി രൂപപ്പെടുത്തിയവയല്ല. ഇന്ത്യയിൽ തന്നെ 45 പൊതു​ഗതാ​ഗത സ്ഥാപനങ്ങളിൽ വെറും രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലോടിയ ചരിത്രമുള്ളത്. കേരളത്തിന്റെ ആർടിസിക്ക് 3140കോടി രൂപ കടമുള്ളപ്പോൾ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കടം 42,000 കോടി രൂപയാണ്.

ലാഭമാണോ ക്ഷേമമാണോ പൊതു​ഗതാ​ഗത സംവിധാനം ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യമാണ് പൊതുസമൂഹവും തൊഴിലാളികളും സർക്കാരിന് മുന്നിൽ ഉയർത്തേണ്ടത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ എന്ത് സാമ്പത്തിക ലാഭമാണ് ഉണ്ടാക്കുന്നത് എന്ന ചോദ്യം കെഎസ്ആർടിസിയിലെ സിപിഎമ്മുകാർക്കും ചോദിക്കാം. വിദ്യാഭ്യാസ വകുപ്പും ആരോ​ഗ്യ വകുപ്പും മൃ​ഗസംരക്ഷണ വകുപ്പും അടക്കം ഭൂരിപക്ഷം വകുപ്പുകളും ലാഭമുണ്ടാക്കാനല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ആകെ തനത് വാർഷിക വരുമാനം എന്ന് പറയുന്നത് 2,962 കോടി രൂപ മാത്രമാണ്. 44,405.74 കോടി രൂപയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രം വേണ്ടിവരുന്നത്. 26,959.22 കോടി രൂപ പെൻഷൻ നൽകാനും 25,965.86 വാങ്ങിയ കടത്തിൻ്റെ പലിശ നൽകാനും കേരളം കണ്ടെത്തണം. കേന്ദ്രത്തിൽ നിന്നുള്ള സഹായവും മറ്റ് ഏജൻസികളിൽ നിന്നും കടമെടുത്തുമാണ് കേരള സർക്കാർ ഈ പണം കണ്ടെത്തുന്നത്.

മേൽ പറഞ്ഞ കണക്കിൽ ഒരു കാര്യം വ്യക്തമാണല്ലോ. സർക്കാർ ജീവനക്കാർ എല്ലാവരും കൂടി തങ്ങളുടെ ശമ്പളത്തിനുള്ള പണം പോലും ഖജനാവിലേക്ക് എത്തിക്കുന്നില്ല. എന്നാൽ, കെഎസ്ആർടിസിയെ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ് ചെറിയൊരു തുക ലാഭവും ഉണ്ടാക്കാൻ കഴിയും.

അത് സർക്കാർ വകുപ്പും ഇത് കോർപ്പറേഷനുമല്ലേ എന്ന സാങ്കേതിക ചോദ്യം ഉയർന്നേക്കാം. കോർപ്പറേഷനെ സർക്കാർ വകുപ്പാക്കി മാറ്റണം എന്ന പ്രായോ​ഗിക ഉത്തരം നൽകാൻ ഓരോ കെഎസ്ആർടിസി തൊഴിലാളിക്കും കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഇന്ന് കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിലുള്ളൂ. ആ മറുപടിക്ക് വോട്ട് ചെയ്യുന്ന പാർട്ടിയും മാസവരി കൊടുക്കുന്ന യൂണിയനും ഒരു തടസമാകരുത് എന്ന് മാത്രം.

ഇനി ലാഭത്തിന്റെ കണ്ണിലൂടെ തന്നെ കെഎസ്ആർടിസിയെ കാണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് പരീക്ഷണങ്ങൾ അവസാനിപ്പിക്കുകയാണ്. നിലവിൽ കോർപ്പറേഷനുള്ള മുഴുവൻ കടവും സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം. ഈ കോർപ്പറേഷനെ രക്ഷിക്കാൻ നിർമ്മിച്ച് ഇതിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കെടിഡിഎഫ്സിയെ പിരിച്ചുവിടണം. കെടിഡിഎഫ്സി കൈക്കലാക്കിയ കോർപ്പറേഷന്റെ വസ്തുവകകൾ തിരിച്ചുപിടിക്കണം. അതിന് ശേഷം കെഎസ്ആർടിസിയുടെ ഡിപ്പോകളിലെ കെട്ടിടങ്ങൾ ഉൾപ്പെടെ നേരിട്ട് പ്രവർത്തിപ്പിക്കാൻ കോർപ്പറേഷന് കഴിയണം. റൂട്ടിലെ ജീവനക്കാരുടെ തൊഴിൽ സാഹചര്യം ആയാസരഹിതമാക്കുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലറിക്കൽ വിഭാ​ഗത്തിലെ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയും വേണം. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിച്ചത് പോലെ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ആശുപത്രി ഉൾപ്പെടെയുള്ള മറ്റ് സംരംഭങ്ങളെ കുറിച്ചും ആലോചിക്കാവുന്നതാണ്.

കുത്തക റൂട്ടുകൾ ഇല്ലാതിരുന്നിട്ടുപോലും കേരളത്തിലെ സ്വകാര്യ ബസുകൾ ലാഭത്തിലോടുകയും ഒരു ബസ് വാങ്ങുന്നവൻ പിന്നീട് കൂടുതൽ ബസുകൾ വാങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുത്തക റൂട്ടുകളുള്ള കെഎസ്ആർടിസി മാനേജ്മെന്റ് ബിസിനസ് പഠിക്കേണ്ടത് ഈ മുതലാളിമാരിൽ നിന്നാണ്.

എയർ ഇന്ത്യക്ക് വിലപറഞ്ഞ പാർട്ടിയും സർക്കാരുമാണ് കെഎസ്ആർടിസിയെ പൂട്ടാൻ തയ്യാറെടുക്കുന്നത്. ഒരു ഇടതുപക്ഷ സർക്കാരിന് ചേർന്ന നടപടിയായി ഇതിനെ ഒരിക്കലും ചരിത്രം രേഖപ്പെടുത്തില്ല. ഒന്നും രണ്ടും പിണറായി സർക്കാരുകളെ മാത്രമല്ല, കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇടതു മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ചവരാണ് കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിപക്ഷവും. ഇക്കഴിഞ്ഞ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പതാക ഉയർത്തിയ പട്ടം വാമദേവൻ പോലും ദീർഘകാലം കെഎസ്ആർടിസിയിയിലെ സിഐടിയു യൂണിയന്റെ നേതാവായിരുന്നു. ഇന്ന് അതിന്റെ പേരിൽ പശ്ചാത്തപിക്കുന്നവരായി അവരെ മാറ്റരുത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close