Breaking NewsINSIGHTNEWSTrending

പി എസ് സി പരീക്ഷ എഴുതി ജോലിയിൽ കയറിയ കെഎസ്ആർടിസി തൊഴിലാളികൾ ബാധ്യതയും ലക്ഷങ്ങൾ നൽകി ജോലിക്ക് കയറുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതൽക്കൂട്ടും; ഇത് ഒരു പ്രത്യേക തരം സോഷ്യലിസ്റ്റ് സർക്കാർ

കല്ലട ശ്രീകുമാർ

കെഎസ്ആർടിസിയുടെ സ്വാഭാവിക മരണം ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാരും കെഎസ്ആർടിസി മാനേജ്മെന്റും മുന്നോട്ട് പോകുന്നത്. 12 മണിക്കൂർ ജോലി ചെയ്യാൻ കെഎസ്ആർടിസിയിലെ ജീവനക്കാർ തയ്യാറാകണം എന്ന ​ഗതാ​ഗത മന്ത്രിയുടെ പ്രസ്താവന തന്നെ എങ്ങനെ ഒരു വ്യവസായത്തെ തൊഴിലാളി വിരുദ്ധമാക്കി നശിപ്പിക്കാം എന്നതിന്റെ തെളിവാണ്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദത്തിനും വിജ്ഞാനത്തിനും എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി നയിക്കുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലാണ് 12 മണിക്കൂർ ജോലി ചെയ്യാൻ ഒരു മന്ത്രി തന്നെ ആഹ്വാനം ചെയ്യുന്നത്!

എങ്ങനെ കെഎസ്ആർടിസിയെ നന്നാക്കാം എന്നതിന് സർക്കാരിനോ മാനേജ്മെന്റിനോ തൊഴിലാളികൾ വിശ്വസിക്കുന്ന ട്രേഡ് യൂണിയനുകൾക്കോ യാതൊരു നിർദ്ദേശവുമില്ല. കെഎസ്ആർടിസിയെ പോലെ സമ്പന്നമായൊരു വ്യവസായം കേരളത്തിൽ മറ്റൊന്നില്ല എന്ന് പറയാം. ഈ വ്യവസായത്തിന്റെ ആസ്തികൾ പരിശോധിച്ചാൽ അത് മനസിലാകും. കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ ന​ഗരങ്ങളിലും പട്ടണങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ വസ്തു വകകൾ ഉള്ള കോർപ്പറേഷൻ വേറെ കാണില്ല. ആ സ്ഥാപനത്തിനാണ് മരണമണി മുഴക്കാൻ തയ്യാറായി ഇടത് സർക്കാരും അവർ നിയോ​ഗിച്ച ​ഗതാ​ഗത മന്ത്രിയും മാനേജ്മെന്റും സർവ്വ സജ്ജരായി നിൽക്കുന്നത്.

നൂറോളം ആളുകളുമായി തിരക്കേറിയ റോഡിലൂടെ പോകുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരോടാണ് 12 മണിക്കൂർ തുടർച്ചയായി പണിയെടുക്കാൻ ഒരു മന്ത്രി ആവശ്യപ്പെടുന്നത്. ഈ ഡ്രൈവർമാരുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ സംബന്ധിച്ച് ചിന്തിച്ചില്ല എന്നത് പോകട്ടെ, ഇതിൽ കയറുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവന് എന്ത് ഉറപ്പാണ് ഈ പ്രഖ്യാപനത്തിലൂടെ മന്ത്രിക്കും സർക്കാരിനും നൽകാൻ കഴിയുക? തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്ന ഒരു ഡ്രൈവറുടെ കയ്യിൽ നൂറു കണക്കിന് മനുഷ്യ ജീവനുകൾ സുരക്ഷിതമാകും എന്ന് സർക്കാർ കരുതുന്നത് തന്നെ തെറ്റാണ്. യാതൊരു ലാഭവുമില്ലാത്ത പല മേഖലയിലും ശമ്പളം നൽകാൻ കോടികൾ ചിലവഴിക്കുന്ന സർക്കാരാണ് പൊതു​ഗതാ​ഗത രം​ഗത്ത് പ്രവർത്തിക്കുന്ന കെഎസ്ആർടിസിക്ക് പൂട്ടിടാൻ ശ്രമിക്കുന്നത്.

അരക്കോടി രൂപ മുതൽ ഒരു കോടി രൂപ വരെ മാനേജ്മെന്റുകൾക്ക് കോഴ കൊടുത്താൽ മാത്രമേ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലോ കോളജുകളിലോ ജോലി ലഭിക്കുകയുള്ളൂ. പി എസ് സി നടത്തുന്ന മത്സര പരീക്ഷകളിൽ പിന്തള്ളപ്പെടുന്ന ആളുകളാണ് പണത്തിന്റെ പിൻബലത്തിൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നത്. അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപയിലധികമാണ് ഇവരുടെ ശമ്പള സ്കെയിൽ. ഈ ശമ്പളം നൽകുന്നതാകട്ടെ സർക്കാരും. പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് ജോലിയിൽ കയറിയ കെഎസ്ആർടിസി തൊഴിലാളികൾ ബാധ്യതയും മാനേജ്മെന്റിന് ലക്ഷങ്ങൾ എണ്ണിക്കൊടുത്ത് ജോലിക്ക് കയറുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ (അധ്യാപകരും അനധ്യാപകരും) സർക്കാരിന് മുതൽക്കൂട്ടും. എത്ര സുന്ദരമായ നാടാണിത്! ഇതാകണം സഖാക്കളെ സോഷ്യലിസം. ഇത് തന്നെയാണ് സഖാക്കളെ സോഷ്യലിസം!

കെഎസ്ആർടിസിയെ തകർക്കാൻ ശ്രമം നടത്തുന്നത് മറ്റൊരു സർക്കാരായിരുന്നു എന്ന് ചിന്തിക്കൂ. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ കലങ്ങി മറിഞ്ഞേനേ. ഇന്ന് ​ഗതാ​ഗത മന്ത്രി നടത്തിയ 12 മണിക്കൂർ ജോലി എന്ന പ്രസ്താവന ഒന്നിന്റെ പേരിൽ സെക്രട്ടറിയേറ്റ് വളയാൻ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സിപിഎമ്മുകാർ തലസ്ഥാനത്ത് എത്തുമായിരുന്നു. കേരളം സ്തംഭിപ്പിക്കുമായിരുന്നു. ഒരുപക്ഷേ, ഈ ഒരൊറ്റ പ്രസ്താവനയുടെ പേരിൽ ​ഗതാ​ഗത മന്ത്രി രാജിവെയ്ക്കേണ്ടി വരുമായിരുന്നു. പക്ഷേ ഇപ്പോൾ കേരളം ഭരിക്കുന്നത് തൊഴിലാളി വർ​ഗ സർവാധിപത്യം സ്വപ്നം കാണുന്ന പാർട്ടിയായി പോയി. തൊഴിലാളി സമരം ചെയ്താൽ അത് പ്രതിവിപ്ലവമായി ചാപ്പകുത്തപ്പെടും. വർ​ഗ വഞ്ചകരെന്ന് വിളിക്കപ്പെടും. മുണ്ട് മുറുക്കിയുടുത്തും കണ്ണുനീർ ഒളിപ്പിച്ചും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ വിധിക്കപ്പെട്ടവരാണ് കെഎസ്ആർടിസിയിലെ ചെങ്കൊടി തൊഴിലാളികൾ.

കെഎസ്ആർടിസി നഷ്ടത്തിലോടുന്നത് ചരിത്രത്തിൽ ആദ്യമായൊന്നുമല്ല. കേവലം രണ്ട് വർഷം മാത്രമാണ് ഈ കോർപ്പറേഷൻ ലാഭത്തിലോടിയത്. ലാഭത്തിലോടിക്കാൻ പറ്റാത്ത മേഖലയുമല്ല പൊതു​ഗതാ​ഗത സംവിധാനം. എന്നാൽ ഈ കോർപ്പറേഷനെ ഇല്ലാതാക്കുക എന്ന മുൻവിധിയോടെയാണ് ഇപ്പോഴത്തെ സർക്കാരും മാനേജ്മെന്റും പെരുമാറുന്നത് എന്ന തോന്നൽ തൊഴിലാളികൾക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും ശക്തമാകുകയാണ്.

(തുടരും)

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close