Breaking NewsKERALANEWSTrending

പ്രബുദ്ധ കേരളത്തിൽ തെരുവിൽ കഴിയേണ്ടി വരുന്നത് 27കാരിയായ യുവതി; കായംകുളം സ്വദേശി അനാഥയായതോടെ കൊച്ചിയിലെത്തി ഡെലിവറി ​ഗേളായി; പ്രണയം നടിച്ചെത്തിയവൻ യുവതിക്ക് നൽകിയ നരക യാതനകൾ ഇങ്ങനെ

കൊച്ചി: പ്രബുദ്ധ കേരളം എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും ലജ്ജിച്ച് തല താഴ്ത്തേണ്ട നേർക്കാഴ്ച്ചയാണ് കൊച്ചിയിൽ നമുക്ക് കാണാൻ കഴിയുക. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു യുവാവും കുടുംബവും. അതിന് കൂട്ടുനിൽക്കുന്ന കേരള പൊലീസ്. ഇത് രണ്ടും കൂടിയായപ്പോൾ നിയമം പരിരക്ഷ ഉറപ്പു നൽകിയ ഒരു യുവതി പെരുവഴിയിൽ കഴിയുകയാണ്. കായംകുളം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ആശ്രയംതേടി കൊച്ചി നഗരത്തിൽ അലയുന്നത്. കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്‌വിൻ വില്യം കൊറയയുടെ ഭാര്യയാണ് ഈ യുവതി.

‘‘ആത്മഹത്യയുടെ വക്കിലാണ്. എവിടെ പോകണമെന്നോ എന്തുചെയ്യുമെന്നോ അറിയില്ല. ഭർത്താവിനുവേണ്ടി എടുത്ത ലോണുകാരുടെ വിളിയാണ് നിരന്തരം’’ -നിറഞ്ഞകണ്ണുകളോടെ യുവതി പറയുന്നു. ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ യുവതിക്ക് നിയമപരമായി അവകാശമുണ്ടെങ്കിലും അവിടെ പ്രവേശിപ്പിക്കുന്നില്ല അതിനുവേണ്ട പിന്തുണ നൽകാൻ അധികാരികളും തയ്യാറല്ല. ഭർത്താവായ, കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്‌വിൻ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.

യുവതിയുടെ ജീവിത കഥ ഇങ്ങനെ..

രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. രണ്ടുപേർക്കും പെൺകുട്ടിയെ വേണ്ടെന്നായപ്പോൾ അമ്മൂമ്മ വളർത്താൻ തയ്യാറായി. അമ്മൂമ്മ മരിച്ചതോടെ അനാഥയായി. ഈസമയം പ്ലസ് ടു പഠനം കഴിഞ്ഞിരുന്ന അവൾ ജോലിതേടി കൊച്ചിയിലെത്തി. ഇവിടെ പല ജോലികളും ചെയ്തുവരുകയായിരുന്നു. കോവിഡിനെ തുടർന്ന് ജോലി ഇല്ലാതായപ്പോൾ ഓൺലൈൻ ഡെലിവറി ജോലിക്കുകയറി.

ഇതിനിടെയാണ് ഓസ്‌വിൻ വില്യം കൊറയയെ പരിചയപ്പെടുന്നത്. സൗഹൃദംനടിച്ച്‌ കൂടെക്കൂടിയ ഇയാൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറയുന്നത്. പോലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രജിസ്റ്റർവിവാഹം ചെയ്തു. തുടർന്ന് ആലുവ എടത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടിൽ ശാരീരിക പീഡനത്തിന് ഇരയായെന്ന് യുവതി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്തു. പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടർന്ന് ആരോഗ്യം മോശമായ യുവതിയെ ഉപേക്ഷിച്ച് സപ്‌റ്റംബർ 23-ന് വാടകവീട്ടിൽനിന്ന്‌ ഭർത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു.

പെൺകുട്ടി കോടതിയെ സമീപിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഭർത്താവിന്റെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഉത്തരവ് നൽകി. പ്രൊട്ടക്ഷൻ ഓർഡറുമായി സമീപിച്ചെങ്കിലും എറണാകുളം നോർത്ത് പോലീസ് ഉദാസീനത പുലർത്തുകയാണെന്നാണ് പെൺകുട്ടി പറയുന്നത്.

വാടക കൊടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടിൽനിന്ന്‌ ഇറങ്ങേണ്ടിവന്നു. തുടർന്ന് കലൂർ ബാങ്ക് റോഡിലെ ഭർത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്. കോടതി ഉത്തരവുണ്ടെങ്കിലും പെൺകുട്ടിയെ വീട്ടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഭർത്താവും വീട്ടുകാരും.

പെൺകുട്ടിക്ക്‌ ജോലിക്കുപോകാനുള്ള ആരോഗ്യസ്ഥിതിയില്ല, കൈയിൽ പണമില്ല, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. ശൗചാലയം ഉപയോഗിക്കാൻ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവൾ പെരുവഴിയിലായത്. സ്വന്തമായി വീടില്ല, അടുത്ത ബന്ധുക്കളും ഇല്ല, വിവാഹം കഴിച്ചയാൾ പണവും സ്വർണവും തട്ടിയെടുത്തു. ഭർത്താവ് ലോണെടുത്തതിന്റെ ബാധ്യതകൾ വേറെയും നിയമവും നീതിയും നടപ്പിലാക്കേണ്ട പൊലീസ് നിഷ്ക്രിയമാണെന്നതാണ് ഇതിൽ ഏറെ ദുരന്തം. കോടതി ഉത്തരവുണ്ടായിട്ടും അടച്ചുറപ്പുള്ള ഈ വീട്ടിൽ യുവതിയെ പ്രവേശിപ്പിക്കാനോ സുരക്ഷിതമായ ഒരു സ്ഥലം ഇവർക്ക് കഴിയാനായി ഒരുക്കി കൊടുക്കാനോ പൊലീസ് തയ്യാറാകുന്നില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close