KERALANEWSTop News

രാഷ്ട്രീയത്തിൽ മതസംവരണമില്ലെന്ന് സിപിഐ; രാഷ്ട്രീയകക്ഷികൾ സമൂഹത്തിന്റെ പരിച്ഛേദമാണെന്നും മികച്ചവർ നേതൃത്വത്തിലെത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; കോടിയേരിയുടെ പരാതിക്ക് കാനത്തിന്റെ മറുപടി ഇങ്ങനെ..

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ മതസംവരണമില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷത്തിൽനിന്ന് ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത പരിഗണന നോക്കി നേതാക്കളെ തീരുമാനിക്കുന്ന പാർട്ടിയല്ല സിപിഐയെന്ന് കാനം ചൂണ്ടിക്കാട്ടി. പാർട്ടിച്ചുമതലകളിൽ ആർക്കും ‘റിസർവേഷൻ’ ഇല്ല. രാഷ്ട്രീയകക്ഷികൾ സമൂഹത്തിന്റെ പരിച്ഛേദമാണെന്നും അതിൽ എല്ലാ വിഭാഗക്കാരും ഉണ്ടാകുമെന്നും കാനം പറഞ്ഞു. അതേസമയം, കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ വിവാദത്തിൽ പങ്കുചേരാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിപിഐ സ്വീകരിക്കുന്നതു മതനിരപേക്ഷ നിലപാടാണ്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു. അവരിൽ മികച്ചവർ നേതൃത്വത്തിലെത്തും. അതു പക്ഷേ മതപരിഗണന നോക്കിയുള്ള പങ്കുവയ്ക്കലല്ല’– കാനം പറഞ്ഞു. സിപിഐ ആളില്ലാത്ത പാർട്ടിയാണോ എന്നു തീരുമാനിക്കുന്നതു തിരഞ്ഞെടുപ്പിലാണെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. ഒറ്റയ്ക്കു നിന്നാൽ ഒരു വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിയാണു സിപിഐ എന്ന ആക്ഷേപം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിലുണ്ടോ എന്ന് അറിയില്ല. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ ജില്ലയിലും സിപിഎമ്മിൽനിന്നു സിപിഐയിലേക്ക് ആളുകൾ വരുന്നുണ്ടെന്നും കാനം പറഞ്ഞു.

ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി സിപിഐ ആശയവിനിമയം നടത്താറുണ്ടെങ്കിലും അവരുടെ എല്ലാ പ്രവൃത്തികളിലും യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അമേരിക്കൻ സാമ്രാജ്യത്വത്തെ എതിർക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയുണ്ട്. ഈ രാജ്യങ്ങളുടെ ഐക്യം തകർക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും കാനം പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന സമാപന പ്രസംഗത്തിലായിരുന്നു കോടിയേരിയുടെ പരാമർശം. കോൺ​ഗ്രസ് നേതൃത്വത്തിൽ മത ന്യൂനപക്ഷത്തിൽ നിന്നും ആരുമില്ലെന്നായിരുന്നു കോടിയേരിയുടെ പരാതി. കോടിയേരിയുടെ പ്രസ്താവനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പാർട്ടികളിലെ മതപരിഗണനയെ അനുകൂലിച്ചു സംസാരിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തൽ സിപിഐയിലുണ്ട്. അതേസമയം, ഇടതു മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ കേരള കോൺഗ്രസ്, കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. മതന്യൂനപക്ഷങ്ങൾക്കു കോൺഗ്രസിൽനിന്നു നീതി ലഭിക്കാത്ത സാഹചര്യത്തിലാണു തങ്ങൾ യുഡിഎഫ് വിട്ടതെന്നാണു കേരള കോൺഗ്രസ് നിലപാട്. മുൻകാലങ്ങളിൽ കോൺഗ്രസിന്റെ ഉയർന്ന പദവിയിൽ മതന്യൂനപക്ഷത്തിലെ നേതാക്കളുണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതിയെന്നു സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

കോടിയേരിക്കു ന്യൂനപക്ഷ സ്നേഹമല്ലെന്നും ഭരണവൈകല്യം മറയ്ക്കാനും വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമുള്ള തന്ത്രമാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. യുഡിഎഫ് വന്നാൽ ഭരണം മതന്യൂനപക്ഷങ്ങളുടെ കയ്യിലെത്തുമെന്ന തരത്തിൽ തിരഞ്ഞെടുപ്പിനു മുൻപു കോടിയേരി പ്രസംഗിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്ന, ബംഗാളിൽ പയറ്റിയ തന്ത്രമാണു സിപിഎം ഇവിടെയും ഇറക്കുന്നത്– ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ഫോർവേഡ് ബ്ലോക്ക് കോടിയേരിയെ അപലപിച്ചു. വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണു കോടിയേരിയുടെ പ്രസ്താവനയെന്നു ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close