Top News

കനയ്യ കുമാർ രാഹുലിനൊപ്പം; ഷഹീദ് പാർക്കിൽ പുഷ്പാർച്ചന; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശം ഉടൻ

ന്യൂഡൽഹി: കനയ്യ കുമാർ രാഹുലിനൊപ്പം ഷഹീദ് പാർക്കിൽ എത്തി ചേർന്നു. ജിഗ്നേഷ് മെവാനി, ഹർദിക് പട്ടേൽ എന്നിവരും രാഹുലിനൊപ്പം എത്തിച്ചേർന്നിട്ടുണ്ട്. ഭഗത് സിങിന്റെ ജന്മദിനാചരണവുമായി ബന്ധപ്പെട്ട പുഷ്പാർച്ചന നടത്താനാണ് എത്തിയത്ത്.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അം​ഗം കനയ്യകുമാർ ഉടൻ കോൺ​ഗ്രസിൽ ചേരും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കനയ്യ കുമാറിനെയും ജി​ഗ്നേഷ് മെവാനിയേയും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി അം​ഗത്വം നൽകും. രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നടത്തിയ ചരടുവലികൾക്കൊടുവിലാണ് കനയ്യയും ജി​ഗ്നേഷ് മെവാനിയും കോൺ​ഗ്രസിൽ എത്തുന്നത്.

കനയ്യകുമാറിനെ സൂക്ഷിച്ച് ഉപയോഗിക്കാനാണ് രാഹുൽ നിർദേശിച്ചിരിക്കുന്നത്. ബീഹാറിൽ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ തേജസ്വി യാദവുമായി ആലോചിച്ച ശേഷം മാത്രമേ ഈ തീരുമാനമുണ്ടാകൂ. തേജസ്വിയും കനയ്യകുമാറും തമ്മിൽ പലവിഷയങ്ങളിലും പ്രശ്‌നങ്ങളുണ്ട്. ആർജെഡിയുണ്ടെങ്കിൽ മാത്രമേ ബീഹാറിൽ കോൺഗ്രസിന് നിലനിൽപ്പുള്ളൂ. ഈ സാഹചര്യത്തിലാണ് അവരോടും കൂടി ആലോചിക്കുന്നത്. ബീഹാർ കോൺഗ്രസ് നിശ്ചലാവസ്ഥയിലാണ്. പക്ഷേ കനയ്യ വന്നാൽ അത് സജീവമാകും. ഇടതുപക്ഷത്തിരുന്ന് അദ്ദേഹം ജനക്കൂട്ടത്തെ ഉണ്ടാക്കിയിരുന്നു. എന്നാൽ വോട്ടായി മാറിയിരുന്നില്ല. ഇത് പരിഹരിക്കാൻ കോൺഗ്രസിന് സാധിക്കും.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ അധികാരത്തിലേറ്റാനാണ് പ്രശാന്ത് കിഷോർ ശ്രമിക്കുന്നത്. ഇതിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജിയുമായും എൻസിപി നേതാവ് ശരത് പവാറുമായും കോൺ​ഗ്രസ് നേതാക്കളായ സോണിയാ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവരുമായും അദ്ദേഹം ചർച്ചകളും നടത്തിയിരുന്നു.

ജിഗ്നേഷ് മേവാനിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കോൺഗ്രസ് ദളിത് മുഖത്തെ പരിഗണിക്കുന്നത് ഒബിസി വോട്ട് അടക്കം ലക്ഷ്യമിട്ടാണ്. മേവാനിക്ക് ഗുജറാത്തിലെ യുവവോട്ടർമാരിൽ വലിയ സ്വാധീനമുണ്ട്. ഒപ്പം ദേശീയ തലത്തിൽ തന്നെ അദ്ദേഹത്തിന് കോൺഗ്രസിന്റെ പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് കരുത്ത് പകരാനാവും. സച്ചിൻ പൈലറ്റിന് പകരക്കാരനായിട്ടാണ് ജിഗ്നേഷ് മേവാനിയെ ഗുജറാത്തിൽ രാഹുൽ കാണുന്നത്. അത് മാത്രമല്ല ഹിന്ദി ഹൃദയ ഭൂമിയിൽ ദളിത് വോട്ടുബാങ്ക് ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും ഇതോടെ തകർക്കാൻ മേവാനിക്ക് സാധിക്കും. ഗുജറാത്തിൽ സ്ഥാനാർത്ഥി നിർണയം അടക്കം മേവാനിയുടെ നിയന്ത്രണത്തിലായിരിക്കും. ഇത് വളരെയധികം ഗുണം ചെയ്യും. ഗുജറാത്തിൽ നിരവധി യുവനേതാക്കളെ മേവാനി കണ്ടെത്തിയിട്ടുണ്ട്. ഇവരെ വളർത്തിയെടുക്കാനായി മേവാനി ശ്രമിക്കും. കൂടുതൽ ദളിത് നേതാക്കൾ കോൺഗ്രസിൽ ചേരാനുള്ള താൽപര്യവും കാണിക്കുന്നുണ്ട്. കോൺഗ്രസിനെ ദളിത് അനുകൂല പാർട്ടിയായി മാറാനും മേവാനി സഹായിക്കും.

2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി.

ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സൽ ഗുരു. വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകൾ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎൻയുവിലെ എബിവിപി പ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകൾ വിദ്യാർത്ഥികൾക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാർത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ഡൽഹി സർക്കാർ കണ്ടെത്തുകയും ചാനലുകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close