KERALANEWS

‘അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും’;അതോടെ ബിജെപിയുടെ കട പൂട്ടും; സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗവുമായ കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയതോടെ വലിയചർച്ചകൾക്ക് വഴി തുറന്നു. രാഹുൽ ഗാന്ധിക്കൊപ്പം ഷഹീദ് പാർക്കിൽ എത്തിയ ശേഷം എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ സി വേണു ഗോപാൽ ആണ് കനയ്യകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കനയ്യ കുമാറിന്റെ പാർട്ടി മാറ്റാതെ വിമർശിച്ചും കളിയാക്കിയും അനുമോദിച്ചുമെല്ലാം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും തത്വങ്ങളെയും കനയ്യ ചതിച്ചുവെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതികരിച്ചത്. കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും പറഞ്ഞു. സോഷ്യൽ മീഡിയകളിൽ കനയ്യ കുമാറിന്റെ പാർട്ടി മാറ്റം ചർച്ചയാവുന്നിടത്താണ് കനയ്യകുമാറിനെയും കോൺഗ്രസിനെയും പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്ത് വന്നിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയശങ്കർ കനയ്യ കുമാറിനെ പരിഹാസ രൂപേണ വിമർശിച്ചിരിക്കുന്നത്. ‘അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും’ എന്നിങ്ങനെ കനയ്യയെയും രാഹുൽ ഗാന്ധിയെയും ജയശങ്കർ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് കനയ്യയുടെയും കോൺഗ്രസിന്റെയും വിമർശകർ ആഘോഷിക്കുകയാണ്. മാർക്സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. അതിനാലാണ് കനയ്യ ചുവന്ന ഷർട്ട് ധരിച്ച് കോൺഗ്രസ്സ് മെമ്പർഷിപ്പ് എടുക്കാൻ പോയതെന്നും ജയശങ്കർ കളിയാക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,

മാർക്സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും.
ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close