Breaking NewsKERALANEWSTop News

കരിയർ തേടി കോൺ​ഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺ​ഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺ​ഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത കിഷോറിന്റെ വാക്കുകേട്ട് സിപിഐയിൽ നിന്നും കോൺ​ഗ്രസിലേക്ക് ചാടിയ കനയ്യ കുമാറിന് കിട്ടിയത് മുട്ടൻ പണി. കനയ്യകുമാർ സിപിഐ വിട്ട് കോൺ​ഗ്രസിൽ എത്തിയെങ്കിലും പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് എടുക്കുന്നതിൽ കോൺ​ഗ്രസ് നേതാക്കൾ വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ചേർന്ന് ദേശീയ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലാണ് പ്രശാന്ത് കിഷോർ. സിപിഐ ദേശീയ എക്സീക്യൂട്ടീവ് അം​ഗമായിരുന്ന കനയ്യ കുമാറാകട്ടെ കോൺ​ഗ്രസിൽ ഔദ്യോ​ഗിക സ്ഥാനങ്ങളൊന്നും ലഭിക്കാതെ തൃശങ്കുവിലും.

രാഹുൽ ​ഗാന്ധിക്ക് പ്രിയപ്പെട്ടവനെങ്കിലും സ്വന്തം നാടായ ബീഹാറിലെ കോൺ​ഗ്രസ് നേതാക്കൾക്ക് കനയ്യ കുമാർ അനഭിമതനാണ്. അടുത്തിടെ ബീഹാറിൽ നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ബിഹാറിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിന്റെ ബിഹാർ ഘടകം അസംതൃപ്തരാണ്. അടുത്തിടെ കോൺഗ്രസിലേക്ക് വലിയ ആവേശത്തോടെ ഉൾപ്പെടുത്തിയ ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ കള്ളിപുറത്തായി എന്നാണ് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പെന്ന് അറിയപ്പെടുന്ന കനയ്യകുമാർ, താരാപൂർ അസംബ്ലി മണ്ഡലത്തിൽ വിപുലമായ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇവിടെ വെറും 3000 വോട്ടുകൾ മാത്രമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി നേടിയത്.

പാർട്ടിയിൽ നിന്ന് ഫണ്ട് വഴി കാര്യമായ സഹായം ലഭിച്ചില്ലെങ്കിലും, പ്രചാരണം എന്നപേരിൽ കനയ്യകുമാറിന് കറങ്ങി നടക്കാൻ വൻ വാഹനവ്യൂഹമാണ് ഒരുക്കിയത്. ഇതിനായി വലിയ ബാധ്യതയാണ് കോൺ​ഗ്രസ് നേരിടേണ്ടി വന്നത്. പാർട്ടിയുടെ കേന്ദ്രനേതൃത്വം അദ്ദേഹത്തെ സ്റ്റാർ പ്രചാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കനയ്യ കുമാർ ഇതുവരെ ഒരു ദേശീയ രാഷ്ട്രീയക്കാരനായി പരിണമിച്ചിട്ടില്ലെന്നും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പോലെയാണ് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും നേതാക്കൾ പറയുന്നു. ഇതോടെ കനയ്യ കുമാറിന്റെയും രാഷ്ട്രീയ ഭാവി ഏതാണ്ട് അടഞ്ഞ അധ്യായമാകുകയാണ്.

ഇപ്പോൾ കോൺ​ഗ്രസിന് പാരയാകുന്നത് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കരുനീക്കങ്ങളാണ്. പ്രിയങ്ക ​ഗാന്ധി – കനയ്യകുമാർ – ജി​ഗ്നേഷ് മെവാനി ത്രയങ്ങളെ മുന്നിൽ നിർത്തി രാജ്യത്തെ ഭരണം കോൺ​ഗ്രസിന്റെ കൈകളിലേൽപ്പിച്ച് രാജ്യാധികാരം നിയന്ത്രിക്കാം എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ചിന്ത. എന്നാൽ കോൺ​ഗ്രസിലെ നേതാക്കൾ പ്രശാന്ത് കിഷോറിന് മുന്നിൽ വാതിലടച്ചതോടെ പ്രശാന്ത് മമതക്കൊപ്പം ചേർന്ന് കോൺ​ഗ്രസിനെ തകർക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. മമത ബാനർജിയെ മുന്നിൽ നിർത്തി മോദി വിരുദ്ധസഖ്യം രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ ഒഴിവാക്കുക എന്ന തന്ത്രമാണ് പ്രശാന്തിന്റേത്.

ഇപ്പോൾ യുപിഎയിൽ ഉള്ള കക്ഷികളുമായി സഹകരിക്കാനും മമത ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശരത് പവാറിനെ കാണാൻ മമത ബാനർജി എത്തിയതും. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ ബുധനാഴ്ച മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പ്രതികരണം.

ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും പവാർ പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരായ മമതയുടെ വിമർശനത്തിനുള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല.

അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.

അടുത്ത ലോക്സഭാ ഇലക്ഷനിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് മമതയെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായി വിവിധ പ്രതിപക്ഷ നേതാക്കന്മാരെ കാണാൻ വേണ്ടിയാണ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ന്യൂഡൽഹി സന്ദർശനത്തിന് മമത തുനിഞ്ഞതെന്നും ബിജെപിയുടെ ബംഗാൾ അദ്ധ്യക്ഷൻ സുകന്ദാ മജുംദാർ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close