Breaking NewsINDIANEWSTop News

ഇന്നലെ വന്ന പയ്യന് നൽകുന്നത് അനാവശ്യ പരി​ഗണന; കനയ്യ കുമാറിന്റെ പാർട്ടി മാറ്റത്തിൽ ഇനിയും പ്രതികരിക്കാതെ സിപിഐ ബീഹാർ ഘടകം; അണികളിൽ ആശങ്കയുടെ തീയുമായി ഇന്ത്യൻ ചെ​ഗുവേര

ന്യൂഡൽഹി: സിപിഐയുടെ ദേശീയ നേതൃത്വവും കേരള നേതാക്കളും കനയ്യ കുമാർ സിപിഐയിൽ തുടരുമെന്ന് വ്യക്തമാക്കുമ്പോഴും ബീഹാറിലെ സിപിഐ നേതാക്കളുടെ മൗനം ദുരൂഹത വർധിപ്പിക്കുന്നു. സിപിഐയിൽ സജീവമായി പ്രവർത്തിക്കുകയും 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഫോറങ്ങളിൽ ശബ്ദം ഉയർത്തുകയും ചെയ്ത കനയ്യ കുമാർ ഇപ്പോൾ പാർട്ടിയിൽ നിന്ന് അകന്നു എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്സുമായുള്ള അദ്ദേഹത്തിന്റെ വർദ്ധിച്ചുവരുന്ന അടുപ്പം സൂചിപ്പിക്കുന്നത്, അദ്ദേഹം ഉടൻ തന്നെ സിപിഐ വിടുമെന്നാണ്. കനയ്യ കുമാറിന് അനർഹമായ പരി​ഗണന നൽകുന്നു എന്ന പരാതി ബീഹാറിലെ സിപിഐ നേതൃത്വത്തിനുണ്ട് എന്നാണ് വിവരം.

ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ, ബീഹാറിൽ സിപിഐയുടെ ഉറച്ച ശബ്ദമായിരുന്നു. ഇന്നലെ വരെ, ബിഹാറിൽ ദുർബലമായ സിപിഐയെ പുനരുജ്ജീവിപ്പിക്കാൻ കനയ്യ കുമാർ ശ്രമിക്കുകയായിരുന്നു. പാർട്ടിയെ ശക്തമാക്കാൻ നിരവധി പരിപാടികൾ നടത്തി. ബിഹാറിൽ മാത്രമല്ല, രാജ്യത്താകമാനം അദ്ദേഹം പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന് ജനങ്ങളും സിപിഐക്കാരും വിശ്വസിച്ചു. പക്ഷേ ഇന്ന് കനയ്യ തന്നെ സിപിഐയിൽ നിന്ന് അകന്നു. നിരവധി കാരണങ്ങൾ അതിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സ്വന്തം പാർട്ടി തന്നെ വിമർശിച്ച് പ്രമേയം പാസാക്കിയതാണ് കനയ്യ പാർട്ടി വിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കനയ്യ ബിഹാർ പാർട്ടി ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണിനെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ഹൈദരാബാദിൽ നടന്ന മൂന്ന് ദിവസത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കനയ്യ കുമാറിനെ പാർട്ടി ശാസിച്ചിരുന്നു. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും മറ്റ് നേതാക്കളും ഈ വേദിയിൽ ഉണ്ടായിരുന്നു. നിലവിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി അംഗമാണ് കനയ്യ. ഈ നടപടിക്ക് ശേഷമാണ് കനയ്യ കുമാർ പാർട്ടിയുമായി അകന്നത്.

സിപിഐയിൽ രാഷ്ട്രീയ മോഹങ്ങൾ നിറവേറ്റാൻ പ്രയാസമാണ് എന്ന തിരിച്ചറിവാണ് കനയ്യ കുമാറിനെ കോൺ​ഗ്രസുമായി അടുക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബെഗുസരായിയിൽ നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പാർട്ടിയുടെ ദുർബലമായ അവസ്ഥയും സഖ്യത്തിന്റെ അവഗണനയും കാരണം, ഗിരിരാജ് സിംഗിനെപ്പോലുള്ള ഒരു നേതാവിൽ നിന്ന് അദ്ദേഹത്തിന് പരാജയം നേരിടേണ്ടിവന്നു.

സിപിഐയിൽ തുടരുന്നതിലൂടെ ബീഹാറിൽ പാർലമെന്ററി ജീവിതം ആരംഭിക്കാനാകില്ലെന്ന് കനയ്യ മനസ്സിലാക്കി. ഒരു വശത്ത് ബിജെപിയുടെ ഗിരിരാജ് സിംഗ്, മറുവശത്ത് ആർജെഡിയുടെ സ്ഥാനാർത്ഥിയെ നിർത്തി തേജസ്വി യാദവും പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സിപിഐ സ്ഥാനാർത്ഥിക്ക് വെല്ലുവിളി ഉയർത്തി. ബിഹാറിലെ ശക്തമായ രാഷ്ട്രീയം സഖ്യത്തിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് കനയ്യ മനസ്സിലാക്കിയതായി വിദഗ്ദ്ധർ പറയുന്നു. സെപ്റ്റംബര്‍ 28-ന് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനയ്യ കുമാറിനൊപ്പം ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്നാണ് ​ഗുജറാത്ത് എംഎൽഎ കൂടിയായ ജി​ഗ്നേഷ് മെവാനി പ്രഖ്യാപിച്ചത്.

അതേസമയം, കനയ്യ പാർട്ടിവിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ രം​ഗത്തെത്തി. എവിടെ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും അടിസ്ഥാനരഹിതമാണത്. ഏതാനും ദിവസം മുമ്പ് കനയ്യ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് തന്നെ കണ്ടിരുന്നു എന്നും പാർട്ടി മാറുന്ന വാർത്തകൾ നിഷേധിച്ചിരുന്നു എന്നും ഡി രാജ വെളിപ്പെടുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close