Breaking NewsINSIGHTTop News

കനയ്യകുമാർ കോൺ​ഗ്രസിലേക്ക്; സ്ഥലവും സമയവും സിപിഐ തീരുമാനിക്കും; തീപ്പൊരി നേതാവിനെ കോൺ​ഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കിയ പ്രശാന്ത് കിഷോറിന്റെ നനഞ്ഞ പടക്കത്തിന്റെ കഥ

നിരഞ്ജൻ

സിപിഐ യുവനേതാവ് കനയ്യ കുമാർ കോൺ​ഗ്രസിലേക്ക് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ മാധ്യമങ്ങളും കേരളത്തിലെ ഒരു വിഭാ​ഗം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. കോൺ​ഗ്രസിലേക്ക് പോകാൻ കനയ്യ കുമാറും സിപിഐയും തയ്യാറെടുക്കുന്നു എന്നത് സത്യമാണ്. അത് ഇവിടുത്തെ സെമി കേഡർ കോൺ​ഗ്രസ് അഥവാ സുധാകരൻ കോൺ​ഗ്രസുകാർ കരുതുന്ന കോൺ​ഗ്രസല്ല. സിപിഐയുടെ പാർട്ടി കോൺ​ഗ്രസാണ്! സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയും കനയ്യ കുമാറും തന്റെ കോൺ​ഗ്രസ് പ്രവേശന വാർത്തകളെ തള്ളി രം​ഗത്ത് വന്നിരുന്നു. എന്നാൽ കേരളത്തിൽ ചില കേന്ദ്രങ്ങൾ വീണ്ടും ഇതേ വാർത്ത പ്രചരിപ്പിച്ചു. പ്രചാരണത്തിന് എരിവും പുളിയും കൂട്ടാൻ ജി​ഗ്നേഷ് മെവാനിയും കനയ്യക്കൊപ്പം കോൺ​ഗ്രസിൽ ചേരുമെന്ന് വരെ പറഞ്ഞുവെച്ചു.

ഒരു ദേശീയ മാധ്യമമാണ് കനയ്യ കുമാർ സിപിഐ വിടുന്നു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആ പത്രസ്ഥാപനത്തിന്റെ പ്രതിനിധിയുമായി കനയ്യ ഫോണിൽ സംസാരിച്ച് വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി. ഇക്കാര്യം ഇതേ പത്രം തന്നെ പിന്നീട് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സത്യം ചെരുപ്പിട്ടപ്പോഴേക്കും നുണ അനേകം തവണ ലോകം ചുറ്റി. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും കനയ്യയുടെ കാലുമാറ്റം മൊഴിമാറ്റം ചെയ്യപ്പെട്ടു.

സത്യത്തിൽ, കോൺ​ഗ്രസിന് കനയ്യതെ പോലൊരു നേതാവിനെ ആവശ്യമുണ്ട്. കോൺ​ഗ്രസിന് മാത്രമല്ല, രാജ്യത്തിനും. പക്ഷേ, നവ്ജ്യോത് സിം​ഗ് സിദ്ധുവിനെയും സച്ചിൻ പൈലറ്റിനെയും എന്തിനേറെ, രാഹുൽ ​ഗാന്ധിയെ തന്നെയും ഉൾക്കൊള്ളാൻ കഴിയാത്ത കോൺ​ഗ്രസിലെ കടൽക്കിഴവന്മാർക്കെങ്ങിനെ കനയ്യയെ പോലൊരു ചെറുപ്പക്കാരനെ ഉൾക്കൊള്ളാനാകും എന്നതാണ് പ്രാഥമിക ചോദ്യം. മറ്റൊരു ചോദ്യം നിലപാടുള്ള ഒരു ചെറുപ്പക്കാരനെ വിലയ്ക്കെടുക്കാനുള്ള ആദർശ മൂലധനം കോൺ​ഗ്രസിൽ അവശേഷിക്കുന്നുണ്ടോ എന്നതാണ്. വലുത് നോക്കി പോയിരുന്നെങ്കിൽ കനയ്യ ഇന്ന് ആർജെഡിയോ ജെഡിയുവോ അതുമല്ലെങ്കിൽ സിപിഎമ്മോ ആകുമായിരുന്നു. ജെഎൻയുവിൽ സകലമാന താപ്പാനകളെയും തനിച്ച് നേരിട്ടാണ് ആ ചെറുപ്പക്കാരൻ എഐഎസ്എഫ് പാനലിൽ ചെയർമാനായി ജയിച്ചു കയറിയത്. അതുപോലും ഓർക്കാതെയാണ് കേരളത്തിലെ കോൺ​ഗ്രസുകാരും രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കനയ്യ കുമാറിന് വിലയിടാൻ ഇറങ്ങിയത്.

കനയ്യ കുമാറിന്റെ കോൺ​ഗ്രസ് പ്രവേശനത്തിനായി രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ മാത്രമാണ് വാസ്തവം. കനയ്യ കുമാർ സിപിഐ ദേശീയ കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കുന്ന സമയത്ത് പോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹം കോൺ​ഗ്രസിലേക്ക് പോകുന്നു എന്നാണ്.

കനയ്യ കുമാറിനെ കോൺ​ഗ്രസിൽ എത്തിക്കാൻ ചരടുവലിക്കുന്നത് രാഷ്ട്രതന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ അധികാരത്തിലേറ്റാനാണ് പ്രശാന്ത് കിഷോർ ശ്രമിക്കുന്നത്. ഇതിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജിയുമായും എൻസിപി നേതാവ് ശരത് പവാറുമായും കോൺ​ഗ്രസ് നേതാക്കളായ സോണിയാ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവരുമായും അദ്ദേഹം ചർച്ചകളും നടത്തിയിരുന്നു.

വിശാല പ്രതിപക്ഷ സഖ്യം എന്ന ആശയം പ്രാവർത്തികമായാലും അതിന് ഒരു ജനകീയനായ നേതാവിനെ മുന്നിൽ നിർത്താനില്ല എന്നതാണ് പ്രശാന്ത കിഷോർ നേരിടുന്ന വലിയ വെല്ലുവിളി. രാഹുൽ ​ഗാന്ധിക്ക് ജനങ്ങളെ ഇളക്കിമറിച്ച് ഒപ്പം നിർത്താനുള്ള കഴിവില്ലെന്ന തിരിച്ചറിവാണ് പ്രശാന്ത് കിഷോറിനെ കനയ്യ കുമാർ എന്ന യുവനേതാവിലേക്ക് എത്തിച്ചത്. എന്നാൽ, താൻ കോൺ​ഗ്രസിലേക്ക് ചേരുമെന്ന വാർത്തകളെല്ലാം കനയ്യ കുമാർ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

കനയ്യകുമാറിനെ ഒപ്പം കൂട്ടാനായാൽ കോൺ​ഗ്രസിന് രാജ്യമൊട്ടാകെ സ്വീകാര്യനായ ഒരു നേതാവായി മാറ്റിയെടുക്കാം എന്ന് പ്രശാന്ത് കിഷോറും തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ പത്താണ്ടിനിടയിൽ രാജ്യമൊട്ടാകെ സംഘപരിവാറിനെതിരായ പോരാട്ടത്തിൽ ഇത്രയധികം ജനകീയത നേടിയ മറ്റൊരു നേതാവില്ല. ബീഹാറിലെ സിപിഐ നേതാക്കളുമായി കനയ്യ കുമാറിനും എഐഎസ്എഫ് നേതാക്കൾക്കുമുള്ള ചില അഭിപ്രായ ഭിന്നതകളെ പർവ്വതീകരിച്ച് കനയ്യയെ അടർത്തിയെടുക്കാനാകുമോ എന്നതായിരുന്നു പ്രശാന്ത കിഷോറിന്റെ ശ്രമം. അതിനായി അദ്ദേഹം ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചിരുന്നു.

പ്രശാന്ത് കിഷേർ കണക്കുകൂട്ടിയത് പോലെ കനയ്യ കുമാർ കോൺ​ഗ്രസിലേക്ക് പോകും. അത് നാഥനില്ലാത്ത ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസല്ല. സിപിഐയുടെ 24-ാം പാർട്ടി കോൺ​ഗ്രസ് തന്നെയാകും. കനയ്യ സിപിഐയിൽ തന്നെ തുടരും എന്ന് ആ പാർട്ടിയുടെ ദേശീയ നേതാക്കൾ തറപ്പിച്ച് പറയുന്നിടത്തോളം മറ്റൊരു ചർച്ചകൾക്കും പ്രസക്തിയില്ല തന്നെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close