INDIANEWSTrending

രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ തീവ്രവാദികളെ തുരത്തി നഷ്ടങ്ങളെ നേട്ടങ്ങളാക്കാൻ എടുത്തത് നീണ്ട മൂന്ന് മാസം; നഷ്ടമായത് 527 ധീര പടയാളികൾ; കാര്‍ഗില്‍ ഐതിഹാസിക വിജയത്തിന് 22 വയസ്

രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ തീവ്രവാദികളെ തുരത്തി നഷ്ടങ്ങളെ നേട്ടങ്ങളാക്കാൻ എടുത്തത് നീണ്ട മൂന്ന് മാസം. ശത്രുവിനെ തുരത്തി ഇന്ത്യ തന്റെ ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ ജീവൻ നഷ്ടമായത് 527 ധീര സൈനികർക്കാണ്. കാർഗ്ഗിൽ പോരാട്ടത്തിന് ഇന്ന് 22 വയസ്സ് പൂർത്തിയാകുന്നു.

1999 ൽ ഇന്ത്യ സൈന്യത്തെ പിൻവലിച്ച തക്കം നോക്കി, പാകിസ്ഥാൻ സൈനികർ ഭീകര വാദികളുടെ വേഷത്തിലാണ് കാർഗിലിലെ തന്ത്ര പ്രധാന മേഖലകളിൽ നുഴഞ്ഞ്കയറിയത്. പാകിസ്ഥാൻ സൈനിക മേധാവി പർവേസ് മുഷറഫിന്റെ ഉത്തരവ് അനുസരിച്ചാരുന്നു അ കൊടും ചതി.ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ കൊടും ചതിക്ക് പാക് സൈന്യം ഒരു പേരും നൽകി ഓപ്പറേഷൻ ബാദർ.
നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകൾ ശത്രുക്കൾ കൈവശപെടുത്തിയപ്പോൾ ,ആട്ടിടയൻ മാരാണ് ശത്രുവിൻറെ സാന്നിധ്യം ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്.

തുടക്കത്തിൽ, നുഴഞ്ഞുകയറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ കാര്യമായ അറിവില്ലാത്തതിനാൽ പ്രദേശത്തെ ഇന്ത്യൻ സൈനികർ നുഴഞ്ഞുകയറ്റക്കാർ ജിഹാദികളാണെന്ന് കരുതി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരെ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എൽ‌ഒ‌സിയിൽ മറ്റിടങ്ങളിലും നുഴഞ്ഞുകയറ്റം കണ്ടെത്തിയതും നുഴഞ്ഞുകയറ്റക്കാർ പ്രയോഗിച്ച തന്ത്രങ്ങളിലെ വ്യത്യാസവും ആക്രമണ പദ്ധതി വളരെ വലിയ തോതിലാണെന്ന് ഇന്ത്യൻ സൈന്യത്തിന് മനസ്സിലായി. 200,000 ഇന്ത്യൻ സൈനികരെ അണിനിരത്തി ഇന്ത്യാ ഗവൺമെന്റ് പ്രതികരിച്ചു. പാക്കിസ്ഥാൻ ഭാഗത്തെ നിവധി പേരുടെ മരണത്തിന് കാരണമായ യുദ്ധത്തിൽ, ഇന്ത്യൻ സായുധ സേനയിലെ 527 സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.

അതിർത്തിയിൽ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ അതിനു പേരു വീണത് ഒാപ്പറേഷൻ വിജയ്‌ പേരു പോലെ തന്നെ വിജയിക്കാൻ നമ്മുടെ സെെന്യത്തിനുമായി. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂ പ്രകൃതിയും കാലാവസ്ഥയും ഇന്ത്യൻ സൈനികരുടെമനോ വീര്യത്തിന് മുന്നിൽ വഴി മാറി,നടപടി ആരംഭിക്കുകയും ചെയ്തു. ജൂൺ 19 ന് ടോലോലിങ്ങിലെ ആക്രമണത്തിൽ തുടങ്ങി ജൂലായ്‌ നാലിലെ ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നത് വരെ
ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ചത് ചങ്കുറപ്പുള്ള വീരൻ മാരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്,

ഇന്ത്യൻ സൈനികരുടെ ധീരതയ്ക്ക് മുന്നിൽ പാകിസ്ഥാൻ കീഴടങ്ങുകയായിരുന്നു, ജൂലായ്‌ 14 ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി പ്രഖ്യാപിച്ചു. ജൂലായ്‌ 26 നാണ് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ നീക്കം ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതി.നുഴഞ്ഞ് കയറിയെത്തിയ പാക്കിസ്ഥാൻ സൈനികരെ കരസേന രംഗത്തിറങ്ങിയപ്പോൾ ഓപ്പറേഷൻ തൽവാർ എന്ന് പേരിട്ട സൈനിക നടപടിയുമായി നാവിക സേനയും സഹായത്തിനെത്തി.

നാവികസേനയാകട്ടെ പാക് തുറമുഖങ്ങൾ ഉപരോധിക്കുകയായിരുന്നു. വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗർ എന്ന പേരിൽ പാർവത മുകളിൽ നിലയുറപ്പിച്ച പാകിസ്ഥാൻ സൈനികർക്കെതിരെ രംഗത്ത് വന്നു.വ്യോമസേന വേണ്ടി വന്നാൽ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നതിന് തയ്യാറായിരുന്നു. എന്നാൽ നിയന്ത്രണ രേഖ കടന്ന് ആക്രമണം വേണ്ടെന്ന് കേന്ദ്രസർക്കാർ
കർശന നിർദ്ദേശം നൽകിയിരുന്നു.നുഴഞ്ഞ് കയറി കാർഗിൽ മലനിരകളിൽ നിലയുറപ്പിച്ച പാക്കിസ്ഥാൻ സൈനികർ ലക്ഷ്യമിട്ടത് ശ്രീനഗർ വിമാനത്താവളം ആയിരുന്നു.

ഇന്ത്യൻ സൈനികർ ധീരമായി പോരാടി നേടിയ വിജയം രാജ്യത്തിൻറെ പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ജീവൻ ബലി നൽകിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ രാജ്യം ശിരസ് നമിക്കുകയാണ്. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യൻ സൈനികർ പോരാടി നേടിയത് സമാനതകൾ ഇല്ലാത്ത വിജയം.

ധീര പോരാട്ടത്തിന്റെ സ്മരണകളുണർത്തി ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗ്ഗിൽ പോരാട്ടത്തിന് 22 വർഷം പൂർത്തിയാകുന്നു. ധീര പടയാളികളെ അനുസ്മരിക്കാൻ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും എത്തിച്ചേരുന്നു. ലഡാക്കിലെ ദ്രാസിലുള്ള കാർഗ്ഗിൽ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. നാളെ കാശ്മീർ യൂണിവേഴ്സിറ്റിയിലെ ബിരുദ സമർപ്പണ ചടങ്ങിലും രാഷ്ട്രപതി സംബന്ധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close