CULTURALNEWSTop News

പതിവ് തെറ്റിക്കാതെ പെരുമഴയുടെ അകമ്പടിയിൽ ഇന്ന് കർക്കിടക വാവ്; എന്താണ് കർക്കിടകത്തിലെ വാവുബലി? അറിയാം പിതൃബലിയുടെ നേട്ടങ്ങൾ

പതിവിന് യാതൊരു കുറവുമില്ല.പെരുമഴയുടെ അകമ്പടിയിലാണ് ഇത്തവണത്തെയും കർക്കിടക വാവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച അമാവാസിയിൽ പിതൃക്കൾക്ക് ഇത്തവണ ബലികർമ്മങ്ങൾ ചെയ്യും. ബലി തർപ്പണത്തിന് പ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും കർക്കിടകത്തിലെ ബലിയാണ് ഏറ്റവും ഉത്തമം. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നാണ് ബലി കർമ്മങ്ങൾ.

എന്താണ് കർക്കിടകത്തിലെ വാവുബലി ?

പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.

ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

ബലി തർപ്പണം

നിലവിളക്ക് കൊളുത്തി അരി,എള്ള്,പൂവ്, ചന്ദനം,കറുക, എന്നിവയാണ് ബലിയിടാൻ ഇലയിൽ നിരത്തുന്നത്. ഇതിനു മുൻപായി ദർഭ പുല്ലു കൊണ്ടുള്ള പവിത്രം (മോതിരം) ബലി ഇടുന്നയാൾ ധരിക്കണം. പച്ചരിയും എള്ളും കുതിർത്ത് ഉരുളയാക്കി ഉരുള നെഞ്ചിൽ ചേർത്ത് മരിച്ച് പിതൃക്കളെ മനസ്സിൽ ധ്യാനിച്ച് കറുകപ്പൂവിന്റെ നടുവിലായി വെക്കുക. പിന്നീട് അൽപം ചെറുളയും മഞ്ഞളും കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് പിണ്ഡത്തിന് സമീപം സമർപ്പിക്കണം. ഇത്തരത്തിൽ അഞ്ച് തവണ ചെയ്യേണ്ടതാണ്.

പിന്നിട് ഇലയും പിണ്ഡവുമെടുത്ത് തലയിൽ വെച്ച് പിറകിലേക്ക് നടന്ന് തിരിഞ്ഞ് നോക്കാതെ എറിയണം. അല്ലെങ്കിൽ ഇല തെക്കോട്ടാക്കി കൈകൊട്ടി കാക്കയെ വിളിക്കാം.

പ്രധാന ബലിഘട്ടങ്ങൾ

കേരളത്തിൽ തിരുവല്ലം (വല്ലം) തിരുവനന്തപുരം, (മുല്ല) തിരുമുല്ലവാരം (കൊല്ലം), (നെല്ലി) തിരുനെല്ലി (വയനാട്), എന്നിവയാണ് പ്രധാനം. കൂടാതെ രാമേശ്വരം, കാശി, കന്യാകുമാരി, പമ്പയാറിന്റെ തീരം, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, വർക്കല പാപനാശം (ജനാർദ്ദനസ്വാമിക്ഷേത്രം) അരുവിപ്പുറം നദീതീരം (അരുവിപ്പൂറം ശിവക്ഷേത്രം). ശൈവ, വൈഷ്ണവ ക്ഷേത്രങ്ങൾക്ക്് സമീപം ഉള്ള ജലാശയങ്ങൾ ആണ് പലപ്പോഴും ബലിതർപ്പണകേന്ദ്രങ്ങൾ ആയി മാറുന്നത്.

പിതൃബലിയുടെ നേട്ടങ്ങൾ

ഈ പകർച്ചവ്യാധി കാലത്ത് വീട്ടിൽ ബലി കർമ്മങ്ങൾ പൂർത്തിയാക്കി സമീപത്തെ ജലാശയത്തിൽ സമർപ്പിച്ച് സ്നാനം നടത്തിയാൽ പിതൃമോക്ഷ പ്രാപ്തിയും പിതൃക്കളുടെ അനുഗ്രഹവും വന്നു ചേരും. പിതൃക്കളുടെ അനുഗ്രഹത്താൽ ഐശ്വര്യം, സൽസന്താനം, ബാധ്യതകളിൽ നിന്ന് മോചനം, സങ്കടമോചനം, ഭവനത്തിൽ വിവാഹാദി മംഗളകർമ്മ സാദ്ധ്യതകൾ എന്നിവ ഉണ്ടാകും. പ്രവർത്തി വിജയം, മന:ശാന്തി, കടമ നിർവഹിച്ചതിലുള്ള സാഫല്യം എന്നിവ ഫലം. ബലിയോടോപ്പം തിലഹോമവും (തിലഹവനം) എള്ള്, എള്ളെണ്ണ, നാളീകേരം എന്നിവ ഉപയോഗിച്ച് നടത്താം. ക്ഷേത്രങ്ങളിൽ ചെയ്യുന്നതാണ് ഉത്തമം. പ്രദേശിക ആചാര ഭേദങ്ങളും ഈ വിഷയത്തിൽ ഉണ്ട്. നമുക്ക് നമ്മുടെ വംശീയ പൂർവികരെ നന്ദിയോടെ അനുസ്മരിക്കാനും ആദരവ് നൽകാനും കർക്കടക മാസത്തിലെ സവിശേഷമായ ഈ വാവ് ബലി ഭക്ത്യാദര പൂർവം ആചരിക്കാം.

ബലികർമം ആർക്കൊക്കെ

പുല, വാലായ്മ എന്നിവ ഉള്ളവർ ബലിതർപ്പണം നടത്തരുത്. ആചാര പ്രകാരം ഉള്ള ശുദ്ധികൾ പാലിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും ബലിതർപ്പണം നടത്താം. രക്തബന്ധുക്കൾ ആണ് ബലിതർപ്പണം നടത്തേണ്ടത്.

അടുത്തവർഷത്തെ വാവ്

കഴിഞ്ഞ വർഷം ജൂലൈ 20 ഞായറാഴ്ചയായിരുന്നു കർക്കിടക വാവ്. ഈ വർഷത്തെ കർക്കടകവാവ് ബലി ഓഗസ്റ്റ് 8, (1196 കർക്കടകം 23 ) ഞായറാഴ്ചയും അമാവാസി തിഥിയും പൂയം നക്ഷത്രവും കൂടിയ ദിവസത്തിലാണ്. അന്നേ ദിവസം രാവിലെ 9.16 വരെ പൂയം നക്ഷത്രവും തുടർന്ന് ആയില്യവും ഇതിലെ വിശേഷം എന്തെന്ന് ചോദിച്ചാൽ, പിതൃക്കളുടെയും മോക്ഷത്തിന്റെയും മരണത്തിന്റെയും ആയുസ്സിന്റെയും കാരണക്കാരനായിട്ടുള്ള ഗ്രഹമാണ് ശനി. ഈ ശനിയുടെ സമ്പൂർണ ആധിപത്യമാണ് ഈ വർഷത്തെ കർക്കടകവാവ് ബലിക്ക് ഉള്ളത്. സംഖ്യ ശാസ്ത്രപ്രകാരം 8 ശനിയുടെ തിയതി, 8–ാം മാസം ഓഗസ്റ്റ്. ശനിയുടെ നക്ഷത്രമായ പൂയം, ശനിയുടെ രാശീ ചക്രത്തിലെ ആദ്യനക്ഷത്രമാണ് പൂയം, ഒപ്പം ജീവന്റെയും ആത്മാവിന്റെയും കാരകനായ സൂര്യന്റെ ആഴ്ചയായ ഞായറാഴ്ചയും. 2022-ലെ കർക്കിടക വാവ് ജൂലൈ 28 വ്യാഴാഴ്ചയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close