കർണാടകയിലെ കുട്ടികളുടെ ആരോഗ്യസ്ഥിതി മനസിലാക്കാൻ കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ നന്ദന ക്യാമ്പെയ്ൻ മുന്നോട്ട് വെക്കുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പതിനെട്ട് വയസ്സ് വരെയുള്ള 53,82,106 കുട്ടികളെ 20 ദിവസത്തെ സർവേയിൽ പരിശോധിച്ചു. ഇതിൽ 1,15,660 കുട്ടികളും പലതരം അസുഖം ബാധിച്ചവരാണ്. കടുത്ത പോഷകാഹാരക്കുറവ്, പ്രമേഹം, വൃക്ക രോഗം, ശ്വാസകോശ രോഗം, കരൾ രോഗം, കാൻസർ എന്നീ രോഗങ്ങളാലാണ് കുട്ടികൾ വലയുന്നത്.
ആരോഗ്യ നന്ദന ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 15 വരെ നടത്തിയ ക്യാമ്പെയ്ൻ റിപോർട്ടിൽ 1,12,389 കുട്ടികളും പോഷകഹാരക്കുറവാണ് അനുഭവിക്കുന്നത് എന്ന് കാണിക്കുന്നു. ശിശുരോഗവിദഗ്ദനായ ഡോ. സഞ്ജയ് ഗുരുരാജ് പറയുന്നത് ഇപ്രകാരമാണ്. “കർണാടകയുടെ പല സ്ഥലങ്ങളിലും കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു. കോവിഡ് ഇതിന്റെ അളവ് വർധിപ്പിച്ചു. ഈ കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും ശെരിയായ തരത്തിലുള്ള ഭക്ഷണം അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം വിദ്യാഭ്യാസ ലഭ്യത കുറവ് മാത്രമല്ല നല്ല ഭക്ഷണം ഇല്ലായ്മയുമാണ്.”
അതുപോലെ പ്രമേഹവും കുട്ടികളിലും കൗമാരക്കാരിലും കൂടിവരികയാണ്. ഡാറ്റ പ്രകാരം 1759 കുട്ടികൾക്ക് പ്രമേഹമുണ്ട്. കോവിഡ് മൂലം ആണ് ഇതിന് വർധനവ് ഉണ്ടായതെന്ന് എൻഡോക്രിനോളോജിസ്റ്റുകൾ പറയുന്നു. 150 കുട്ടികൾ കരൾ രോഗവും 498 കുട്ടികൾ ശ്വാസകോശ രോഗവും 585 കുട്ടികൾ വൃക്ക രോഗവും 48 കുട്ടികൾ ക്യാൻസറും 338 കുട്ടികൾ രക്തവുമായി ബന്ധപ്പെട്ട രോഗവും ഉള്ളവരാണ്. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കുട്ടികളിൽ പോഷകാഹാരം ആവശ്യമുള്ളവരെയും പ്രതിരോധശേഷി വർധിപ്പിക്കേണ്ടവരെയും കണ്ടെത്തുന്നതിനായാണ് ഈ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.