KERALANEWS

പ്രായത്തെ തോൽപ്പിക്കുന്ന പ്രണയം; കൗമാരയൗവനങ്ങൾ പോയിമറഞ്ഞിട്ടും മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം അവർ ഒന്നിച്ചു; ഇത് ജയമ്മയുടെയും ചിക്കണ്ണയുടെയും അസാധാരണ പ്രണയകഥ

വീട്ടുകാരാണ് അവരുടെ പ്രണയത്തെ തല്ലിക്കെടുത്തിയത്. പ്രണയത്തേക്കാൾ പണത്തിന് വില നൽകിയ വീട്ടുകാർ ഇരുവരെയും രണ്ടാക്കി മാറ്റി. എന്നാൽ, ജീവിതം അവരെയിതാ വീണ്ടും ഒരുമിച്ചാക്കിയിരുന്നു. മൂന്നര പതിറ്റാണ്ടിനുശേഷം എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വീണ്ടുമവർ ഒന്നിക്കുമ്പോഴേക്കും അവരുടെ കൗമാരവും യൗവനവുമെല്ലാം കടന്നുപോയിരിക്കുന്നു. ഇരുവർക്കും ഇപ്പോൾ 65 വയസ്സ്. എങ്കിലും പ്രായത്തെ തോൽപ്പിക്കുന്ന പ്രണയത്തോടെ അവരിരുവരും ചേർന്നുതന്നെ നിൽക്കുന്നു.

ഇത് ജയമ്മയുടെയും ചിക്കണ്ണയുടെയും അസാധാരണ പ്രണയകഥ .കർണാടകയിലെ ഹാസൻ ജില്ലയിലെ ദേവദാമുദനഹള്ളി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചതും വളർന്നതും. കളിക്കൂട്ടുകാരായിരുന്നു അവർ. കൗമാരത്തിൽ എപ്പോഴോ ആ സൗഹൃദം പ്രണയമായി മാറി. ഇരുകുടുംബങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും, നിർമാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കൾ.

പകരം തങ്ങൾ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാൻ ജയമ്മയെ അവർ നിർബന്ധിച്ചു. അച്ഛനും അമ്മയും പറയുന്നത് ധിക്കരിക്കാൻ ജയമ്മയ്ക്ക് കഴിഞ്ഞില്ല. മനസില്ലാമനസോടെ അവൾ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. വിവാഹശേഷവും ജയമ്മ ഭർത്താവിനൊപ്പം അതേ ഗ്രാമത്തിൽ തന്നെ താമസിച്ചു.

എന്നാൽ ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ നാട് വിട്ടു. മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് അയാൾ താമസം മാറി. അവിടെ കൂലിപ്പണി ചെയ്തു ജീവിതം കഴിച്ചു. മനസ്സിൽ നിറയെ ജയമ്മയോടുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു. അതുകൊണ്ട് തന്നെ ഒരു വിവാഹത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

അവർ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ജയമ്മയുടെ ജീവിതത്തെക്കുറിച്ച് ചിക്കണ്ണ അറിയുന്നുണ്ടായിരുന്നു. ജയമ്മയുടെ വിവാഹജീവിതം അത്ര നല്ലതായിരുന്നില്ല. അവൾ ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഭാര്യ എന്ന നിലയിലും, അമ്മ എന്ന നിലയിലുമുള്ള എല്ലാ കടമകളും മുടക്കം കൂടാതെ നിറവേറ്റി. എന്നിട്ടും ഭർത്താവ് അവളെ ഉപേക്ഷിച്ച് പോയി. ജയമ്മ ജീവിത മാർഗം തേടി മകനോടൊപ്പം മൈസൂരിലേക്ക് താമസം മാറി.

ജയമ്മയുടെ ജീവിതത്തിൽ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് ചിക്കണ്ണ അറിയാൻ ഇടയായി. ജീവിതത്തിൽ അവൾ തനിച്ചായി പോയെന്നത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ചിക്കണ്ണ അവളെ വീണ്ടും കാണാൻ ആഗ്രഹിച്ചു. വെറുമൊരു കൗമാര പ്രണയമായിരുന്നില്ല തങ്ങളുടേതെന്നും, മറിച്ച് ഒരിക്കലും മറികടക്കാനാവാത്ത ആത്മബന്ധമാണതെന്നും അവർ തിരിച്ചറിഞ്ഞു. ഒടുവിൽ അവർ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.

ജയമ്മയുടെ മകന് 25 വയസ്സുണ്ട്. മൈസൂരിൽ സംസ്ഥാന ഗതാഗത വകുപ്പിലാണ് ജോലി. അമ്മയുടെ വിവാഹത്തെക്കുറിച്ച് മകനെ അറിയിക്കേണ്ട എന്നായിരുന്നു ആദ്യം തീരുമാനം. അടുത്ത വർഷത്തോടെ മകൻ വിവാഹിതനാകും. അതുവരെ ഈ വിവാഹം രഹസ്യമാക്കി വയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ താമസിയാതെ അവരുടെ വിവാഹ വാർത്ത വൈറലായി തീർന്നു.

മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ഇനിയുള്ള കാലമെങ്കിലും തങ്ങൾക്ക് ഒരുമിച്ച് കഴിയാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് അവർ ഇപ്പോൾ. ‘അവൾ എന്നും എന്റെ ചിന്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഒരു പ്രത്യേക കാരണത്താൽ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇനി മരണം വരെ ഒന്നിച്ച് ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കൽ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന വർഷങ്ങളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം’ -ചിക്കണ്ണ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close