KERALANEWS

ഇഞ്ചി വിലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായത് 50 ശതമാനം കുറവ്; ഒരേക്കറിൽ ഇഞ്ചി കൃഷി ചെയ്യുന്നതിനു ചെലവ് ആറു ലക്ഷം രൂപ വരെ; മുതൽമുടക്കുപോലും തിരികെ കിട്ടാതെ കർഷകർ; ജീവിതം വഴിമുട്ടി ഇഞ്ചികർഷകർ

കൽപറ്റ:വിലയിലെ ഇടിവ് കുറവ് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇഞ്ചിക്കൃഷി നടത്തുന്ന കർഷകർക്കു കനത്ത പ്രഹരമായി. മുതൽ മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാർ. പഴയ ഇഞ്ചി ചാക്കിനു(60 കിലോ ഗ്രാം) 1,750 ഉം പുതിയ ഇഞ്ചിയ്ക്കു 450-500 ഉം രൂപയാണ് നിലവിൽ വില. 300 രൂപയിൽ താഴെയാണ് വിലയുള്ള മുളയിഞ്ചി വാങ്ങുന്നതിൽ കച്ചവടക്കാർ വിമുഖത കാട്ടുകയുമാണ്.
പഴയ ഇഞ്ചി ചാക്കിനു കഴിഞ്ഞ വർഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇതു 2,600 രൂപയായിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരിൽ ഏറെയും വിളവെടുപ്പ് നടത്തിയില്ല. എന്നാൽ കൃഷിക്കാരുടെ കണക്കുകൂട്ടലിനു വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഇഞ്ചി വിളവെടുക്കാൻ കർഷകർ നിർബന്ധിതരുമായി. പുതിയ ഇഞ്ചി വിലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയിൽ പുതിയ ഇഞ്ചി ചാക്കിനു 1,000 രൂപയായിരുന്നു വില. കോവിഡ് പശ്ചാത്തലത്തിൽ പ്രധാന വിപണികളുടെ പ്രവർത്തനം ഭാഗികമായതിനാൽ ഇഞ്ചി കയറിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവിന്റെ കാരണങ്ങളിലൊന്ന്. ഡിമാന്റ്, സപ്ലൈ എന്നീ വിപണി ഘടകങ്ങൾക്കൊപ്പം ചലിക്കുന്നതാണ് ഇഞ്ചി വില. 2014ൽ ഇഞ്ചി കിലോഗ്രാമിനു 150 രൂപ വിലയെത്തിയിരുന്നു.

മൂപ്പെത്തിയിട്ടും പറിക്കാതെ ഇട്ടിരിക്കുന്നതാണ് പഴയ ഇഞ്ചിയെന്നു അറിയപ്പെടുന്നത്. പഴയ ഇഞ്ചിയിൽനിന്നു മുളപൊട്ടി ഉണ്ടാകുന്നതാണ് മുളയിഞ്ചി. മുളയിഞ്ചിയുടെ പാവ് വളരുന്ന മുറയ്ക്കു പഴയ ഇഞ്ചിയുടെ തുക്കം കുറയും. പഴയ ഇഞ്ചിയാണ് മുളയിഞ്ചിയുടെ ആഹാരസ്രോതസ്. രോഗ-കീടബാധയേറ്റ പാടങ്ങളിൽനിന്നുള്ളതാണ് നിലവിൽ വിപണികളിലെത്തുന്ന പുതിയ ഇഞ്ചി.
ഇഞ്ചിവിലയിലെ കുറവുമൂലം കനത്ത നഷ്ടമാണ് ഉണ്ടായതെന്നു ഹെഗ്ഗഡദേവൻ കോട്ടയ്ക്കു സമീപം കൃഷി നടത്തുന്ന പുൽപള്ളി ഇലക്ട്രിക് കവല കൈനികുടി പീറ്റർ പറഞ്ഞു.

ഇഞ്ചിക്കൃഷിച്ചെലവ് ഓരോ വർഷവും ഉയരുകയാണ്. ഒരേക്കറിൽ ഇഞ്ചി കൃഷി ചെയ്യുന്നതിനു ആറു ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കർ കരഭൂമിക്കു 80,000-ഒരു ലക്ഷം രൂപയാണ് 18 മാസത്തേക്കു പാട്ടം. ജലസേചന സൗകര്യമുള്ള വയൽ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടമായി നൽകണം. വിത്ത്, ചാണകം, പുതയിടൽ, ജലസേചനത്തിനുള്ള മരാമത്ത് പണികൾ, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. ഇഞ്ചിപ്പാടത്തെ പണിക്കു തദ്ദേശ തൊഴിലാളികളിൽ പുരുഷൻമാർക്കു 500ഉം സ്ത്രീകൾക്കു 400 ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തിൽനിന്നു കൊണ്ടുപോകുന്ന തൊഴിലാളികൾക്കു ഇതിൽക്കൂടുതൽ കൂലി നൽകണം. ഭക്ഷണ-താമസ സൗകര്യവും ഒരുക്കണം.
കർണാടകയിൽ മൈസൂരു, മാണ്ഡ്യ, ചാമരാജ്‌നഗർ, കുടക്, ഷിമാഗ ജില്ലകൡലാണ് പ്രധാനമായും കേരളത്തിൽനിന്നുളള കർഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റയ്ക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിനു വരും. ഏതാനും വർഷങ്ങളായി തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്.

മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാൽ മാത്രമാണ് ഇഞ്ചിക്കൃഷി ലാഭകരമാകുക. വെള്ളപ്പൊക്കം, വരൾച്ച, മാരകമായ രോഗബാധ എന്നിവയുടെ അഭാവത്തിൽ ഏക്കറിൽ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിന്റെ ഗുണവും മികച്ച പരിപാലനവും ഉയർന്ന വിളവിനു സഹായകമാണ്. ഏക്കറിൽ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നവർ കർഷകർക്കിടയിൽ കുറവല്ല.
മെച്ചപ്പെട്ട വിളവും ചാക്കിനു 3,000 രൂപ വിലയും ലഭിച്ചാൽ കൃഷി ലാഭകരമാകുമെന്നു മൈസൂരു ജില്ലയിലെ കണ്ണമ്പാടിക്കു സമീപം കൃഷിയുളള ബത്തേരി ഇരുളം അങ്ങാടിശേരി കൊല്ലിയിൽ ജോർജ് പറഞ്ഞു.

പടം-ജിഞ്ചർ-1
കർണാടകയിലെ ഹെഗ്ഗഡദേവൻ കോട്ടയ്ക്കു സമീപം ഇഞ്ചി വിളവെടുക്കുന്ന തൊഴിലാളികൾ.

പടം-ജിഞ്ചർ-2
കർണാകയിലെ ഇഞ്ചിപ്പാടങ്ങളിൽ ഒന്ന്.

പടം-ജിഞ്ചർ-3
വിളവെടുത്ത ഇഞ്ചി വിൽപനയ്ക്കായി ചാക്കുകളിൽ നിറയ്ക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close