KERALANEWS

പണം മോഷ്ടിച്ചെന്ന് ആരോപണം; പിന്നീട് ഭീഷണി; വ്യക്തിവിരോധം കൊണ്ടെത്തിച്ചത് കൊലപാതകത്തിൽ; പ്രതി പിടിയിൽ

തളങ്കര നുസ്രത്ത് റോഡില്‍ വാടക ക്വാര്‍ട്ടേഴ്സിൽ നടന്ന കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നു. സുഹൃത്തിനെ കുത്തി കൊന്നതിനു പിന്നിൽ വ്യക്തിവിരോധമായിരുന്നു. സജിത്തിനോടുള്ള വ്യക്തിവിരോധമാണ് നസീറിനെ കൊണ്ടെത്തിച്ചത് കൊലപാതകത്തിലേക്കാണ്. നിര്‍മാണത്തൊഴിലാളിയായ നസീര്‍, സജിത്തിന്റെ തൊട്ടടുത്ത മുറിയിലെ താമസക്കാരനായിരുന്നു. ഇവർ തമ്മിൽ ഒരാഴ്ചയായി തുടരുന്ന ശത്രുതയാണ് കൊലപാതകത്തിന് പിന്നിൽ. ക്വർട്ടേഴ്‌സിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് സജിത്തിനെതിരേ ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ സജിത്തിനെ തടഞ്ഞുവെച്ചിരുന്നു.

തുടർന്ന് നസീർ സജിത്തിനെ ഉപദ്രവിക്കുകയും ചെയ്തു. ഇത് സജിത്തിലും വിദ്വേഷത്തിന് വഴി വെച്ചു. പിന്നീടാണ് നസീറിനെ സജിത്ത് ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ പണം നഷ്ടമായതിൽ പരാതി ഒന്നുമില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പറഞ്ഞതിനാൽ പോലീസ് കേസ് എടുത്തിരുന്നില്ല.

ഞായറാഴ്ച മദ്യപിച്ചശേഷമുണ്ടായ വാക്തര്‍ക്കത്തിനിടെ നസീര്‍ സജിത്തിനെ കുത്തുകയായിരുന്നു. സജിത്തില്‍നിന്ന് ഭീഷണിയുള്ളതിനാല്‍ തര്‍ക്കമുണ്ടായപ്പോള്‍ കുത്തുകയായിരുന്നുവെന്നാണ് നസീര്‍ പോലീസിന് നല്‍കിയ മൊഴി. ഇതരസംസ്ഥാന തൊഴിലാളികളുടെ മുറിയ്ക്ക് മുന്നില്‍നിന്നാണ് കുത്തേറ്റത്. കുത്തേറ്റ സജിത്ത് നസീറിനെ പിടിക്കാന്‍ ഓടുന്നതിനിടെ സമീപത്തെ മൈതാനത്ത് വീണ് മരിച്ചു. രക്തംവാര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമാര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട്. വയറിന്റെ വലതുഭാഗത്ത് 7.5 സെന്റിമീറ്റര്‍ നീളത്തിലാണ് മുറിവ്.

കുത്തിയശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടില്‍ കളഞ്ഞ് നസീര്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു. ഇതിനുശേഷം മുറിയിലെത്തി വസ്ത്രം മാറി രക്ഷപ്പെട്ടു. മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങിയ നസീറിനെ ബാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുമ്പളയില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ താമസസ്ഥലത്തും ഒളിച്ചിരുന്ന സ്ഥലത്തുമെത്തിച്ച് പോലീസ് തെളിവെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തിയും കൊലപാതക സമയത്തുപയോഗിച്ച വസ്ത്രങ്ങളും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ നസീറിനെ റിമാന്‍ഡ് ചെയ്തു.

കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. അജിത്ത്കുമാർ അടങ്ങിയ സംഘമാണ് പ്രതിയായ തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ്. നസീർ (38) നെ പിടികൂടിയത്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയാണ് മരിച്ച സജിത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close