INDIANEWS

കാസ്​ഗഞ്ചിൽ പോലീസ് കസ്റ്റഡി മരണം; തൂങ്ങിമരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്​ഗഞ്ചിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവാവ്​ തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മജിസ്​ട്രേറ്റ്​ അന്വേഷണത്തിനും ഉത്തരവിട്ടു.

22കാരനായ അൽത്താഫിനെയാണ്​ പോലീസ്​ സ്റ്റേഷനിലെ വാഷ്​റൂമിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ജാക്കറ്റിലെ ചരടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസിന്‍റെ അനാസ്​ഥയെന്ന്​ ചൂണ്ടിക്കാട്ടി അഞ്ച്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്തിരുന്നു.

പ്രദേശ​ത്തെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയതിന്​ പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ്​ അൽത്താഫിനെ പോലീസ്​ കസ്റ്റഡിയിലെടുത്തത്​. ​അതേസമയം, അൽത്താഫിന്റേത് തൂങ്ങിമരണമല്ല, കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ‘തിങ്കളാഴ്ച വൈകിട്ട്​ എന്‍റെ മകനെ ഞാൻ പോലീസിന്​ കൈമാറിയിരുന്നു. 24 മണിക്കൂറിന്​ ശേഷം മകൻ തൂങ്ങിമരിച്ചുവെന്ന്​ അവർ അറിയിക്കുകയായിരുന്നു’ – അൽത്താഫിന്‍റെ പിതാവ്​ ചാന്ദ്​ മിയാൻ പറഞ്ഞു. പോലീസ്​ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽത്താഫിന്‍റെ മരണത്തിൽ പ്രതിഷേധവുമായി പ്രതികൾ രംഗത്തെത്തിയിരുന്നു. യു.പിയിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബി.ജെ.പി ഭരണത്തിന്​ കീഴിൽ ക്രമസമാധാന നില തകർന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ഉത്തർപ്രദേശിൽ മനുഷ്യാവകാശം എന്നൊന്ന്​ അവശേഷിക്കു​ന്നുണ്ടോ?’ -എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി, സമാജ്​വാദി പാർട്ടി പ്രസിഡന്‍റ്​ അഖിലേഷ്​ യാദവ്​, ബഹുജൻ സമാജ്​വാദി പാർട്ടി നേതാവ്​ മായാവതി എന്നിവരും മറ്റു രാഷ്​ട്രീയ നേതാക്കളും പ്രതികരണം രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close