Breaking NewsKERALANEWSSPORTSTop News

കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്; ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോ‌ളിന് വീഴ്ത്തി; നിർണായക ഗോളുമായി സ്പാനിഷ് താരം വാസ്ക്വസ്

മഡ്ഗാവ്: ഐഎസ്എല്ലിൽ ഒന്നാമതെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ഏറ്റവും കുറവു കളികൾ തോറ്റ ടീമുകളുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‍സിയെ ഏകപക്ഷീയമായ ഒരു ഗോ‌ളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 42–ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ് നേടിയ ഏക ഗോ‌ളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്ത് നിർണായകമായത്.

ഇതോടെ തുടർച്ചയായി എട്ടു മത്സരങ്ങളിൽ തോൽവിയറിയാതെ അജയ്യരായി മുന്നേറിയെത്തിയ ഹൈദരാബാദ് സീസണിലെ രണ്ടാം തോൽവിയോടെ തിരികെ കയറി. 10 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് നാലു ജയവും അഞ്ച് സമനിലയും സഹിതം 17 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മത്സരം തുടങ്ങുമ്പോ‌ൾ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഉൾപ്പെടെയുള്ള ടീമുകളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. മുംബൈ സിറ്റി എഫ്‍സിക്കും 10 കളികളിൽനിന്ന് 17 പോയിന്റുണ്ടെ‌ങ്കിലും ഗോ‌ൾശരാശരിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചു.

കീഴടങ്ങാൻ മനസ്സില്ലാത്ത പോരാളികളുടെ ഏറ്റുമുട്ടൽ പ്രതീക്ഷിച്ചതുപോലെ ആവേശകരമായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ ഇരു ടീമുകളും ആദ്യ പകുതിയിൽ പലതവണയാണ് ഗോ‌ളിന് അടുത്തെത്തിയത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ എഡു ഗാർഷ്യയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിൽത്തട്ടി തെ‌റിക്കുന്ന കാഴ്ചയോടെയാണ് മത്സരം ചൂടുപിടിച്ചത്. ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പം നിന്ന ഭാഗ്യം പിന്നാലെ ഹൈദരാബാദിനെ പിന്തുണയ്ക്കുന്നതും കണ്ടു. 22–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ ഒരു തകർപ്പൻ ക്രോസിലേക്ക് പറന്നുവീണ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹോർഹെ പെരേര പന്തിന് ഗോളിലേക്ക് വഴികാട്ടിയെ‌ങ്കിലും കോർണർ വഴങ്ങി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി.‌‌

ആവേശം വാനോ‌ളമുയർന്ന ആദ്യപകുതി ഗോ‌ൾരഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് അൽവാരോ വാസ്ക്വസിന്റെ തകർപ്പൻ ഫിനിഷിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആദ്യപകുതിയിൽ നഷ്ടമാക്കിയ സകല അവസരങ്ങളുടെയും നിരാശ മായ്ച്ചുകളഞ്ഞ് 42–ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്.

ഹൈദരാബാദ് ബോക്സിനു സമീപം ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ത്രോയിൽനിന്നാണ് ഗോ‌ളിലേക്കുള്ള നീക്കത്തിന്റെ തുടക്കം. ഹർമൻജ്യോത് ഖബ്ര ഹൈദരാബാദ് ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഉയർന്നുചാടിയ സഹൽ അബ്ദുൽ സമദ് ബോക്സിന്റെ നടുമുറ്റത്തേക്ക് ചെത്തിയിട്ടു. പിന്നാലെ ഉയർന്നുചാടിയ ഹൈദരാബാദ് താരം ഹിതേഷ് ശർമ ഹെഡറിലൂടെ അപകടം ഒഴിവാക്കാൻ ശ്രമിച്ചെ‌‌‌‌‌‌‌‌ങ്കിലും പന്ത് ലഭിച്ചത് കാത്തുനിന്ന അൽവാരോ വാസ്ക്വസിന്. നിലംതൊടും മുൻപ് വാസ്ക്വസ് പായിച്ച ഇടംകാൽ ഷോട്ട് കട്ടിമണിയുടെ പ്രതിരോ‌ധം തകർത്ത് വലയിൽ കയറി. സ്കോർ 1–0.

രണ്ടാം പകുതിയിൽ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ട ഹർമൻജ്യോത് ഖബ്രയ്ക്കു പകരം സന്ദീപ് സിങ്ങും ഹൈദരാബാദ് നിരയിൽ ഹിതേഷ് ശർമയ്ക്കു പകരം സഹിൽ ടവോരയും കളത്തിലിറങ്ങി. ആദ്യപകുതി അവസാനിച്ചിടത്തുനിന്ന് തന്നെയാണ് രണ്ടാം പകുതിയിലും പോരാട്ടം ചൂടുപിടിച്ചത്. ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെ‌ങ്കിലും ഗോ‌ൾമാത്രം അകന്നുനിന്നു. മത്സരം അവസാന നിമിഷങ്ങളിലേക്കു കടന്നതോടെ ഇരു ടീമുകളും തുടർച്ചയായി മാറ്റങ്ങൾ വരുത്തിയെ‌ങ്കിലും ആദ്യ പകുതിയിലെ ഏക ഗോ‌ളിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close