Breaking NewsKERALANEWSTop News

തിരുനക്കര മൈതാനിയിലെ ജനസാ​ഗരത്തെ സാക്ഷിയാക്കി മന്നത്ത് പദ്മനാഭൻ പേരുചൊല്ലി വിളിച്ച പ്രസ്ഥാനം; 57 വർഷങ്ങൾ പിന്നിട്ട് കേരള കോൺ​ഗ്രസ്; കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയുടെ ചരിത്രം ഇങ്ങനെ

കോട്ടയം: കേരള കോൺ​ഗ്രസിന് 57 വയസ്. 1964 ഒക്ടോബർ 9 വൈകുന്നേരമാണ് കോട്ടയം തിരുനക്കര മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ കേരള കോൺ​ഗ്രസ് പിറവിയെടുക്കുന്നത്. കോൺ​ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോക്ക് കോൺഗ്രസിൽനിന്ന് നീതി കിട്ടിയില്ല എന്ന ചിന്തയിൽനിന്ന് തുടങ്ങിയ രാഷട്രീയമുന്നേറ്റം. മന്നത്ത് പദ്മനാഭനാണ് കേരള കോൺ​ഗ്രസ് എന്ന പേര് പാർട്ടിക്ക് നൽകിയത്. മരണംവരെ കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോയുടെ പേരിലാണ് ആദ്യമായി കേരള കോൺഗ്രസ് ഉണ്ടാകുന്നത്.

കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ആർ ബാലകൃഷ്പ്പിള്ള ‘മദ്വചനങ്ങൾക്ക് മാർദവമില്ലെങ്കിൽ’ എന്ന തന്റെ അത്മകഥയിൽ വ്യക്തമാക്കുന്നത്, പി ടി ചാക്കോക്ക് നീതി കിട്ടിയില്ല എന്ന തോന്നൽ തന്നെയാണ് കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉമ്മൻ ചാണ്ടി പോലും പറഞ്ഞിട്ടുണ്ട് തന്റെ കുട്ടിക്കാലത്ത് താൻ ആരാധിച്ചിരുന്നു, കരിസ്മാറ്റിക്ക് നേതാവായിരുന്നു പിടി ചാക്കോയെന്ന്. മുൻ ആഭ്യന്തരമന്ത്രികൂടിയായ ചാക്കോ അടുത്ത മുഖ്യമന്ത്രിയാവുമെന്നായിരുന്നു വ്യാപകമായി കരുതിയിരുന്നത്.

1963ലെ ഡിസംബറിൽ തൃശൂർ ലൂർദ് മാതാപള്ളിയിലെ പെരുന്നാൾ ദിവസം പിടി ചാക്കോയുടെ ജീവിതം മാറിമറഞ്ഞു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ വാഹനമിടിച്ച് മൂന്നുപേർക്ക് പരുക്കേൽക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.കാറിനുള്ളിൽ കൂളിങ്ഗ്ലാസ് ധരിച്ചൊരു സ്ത്രീ കൂടി അപകടം നടക്കുമ്പോൾ ഉണ്ടെന്നായിരുന്നു പിന്നാലെ പ്രചരിച്ചത്. വഴിയിൽ ലിഫ്റ്റ് ചോദിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകയായ പത്മം മേനോൻ ആയിരുന്നു ഇതെന്ന ചാക്കോയുടെ വിശദീകരണമാകട്ടെ കോൺഗ്രസുകാർ ചെവിക്കൊണ്ടില്ല. തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ ചാക്കോയുടെ രാജി ആവശ്യം ഉയർന്നു. ചാക്കോ രാജിവെക്കുകയും ചെയ്തു. തുടർന്ന് നടന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അദ്ദേഹം അഭിഭാഷകവൃത്തിയിൽ വീണ്ടും സജീവമായി. ജോലിതിരക്കുകൾക്കിടെ കോഴിക്കോട് ഒരു കേസിന്റെ കാര്യവുമായി എത്തിയ അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു.

ചാക്കോയെ കോൺഗ്രസുകാർ ഗുഡാലോചന നടത്തി ഒതുക്കിയതാണെന്നും, ചതിയിൽ മനംനൊന്ത് അദ്ദേഹം ഹൃദയംപൊട്ടി മരിക്കുകയായിരുന്നു എന്നും ശക്തമായ പ്രചാരണം ഉയർന്നു. തുടർന്ന് കോൺഗ്രസിൽ കെ.എം ജോർജിന്റെയും ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിലുള്ള വിമതഗ്രൂപ്പ് സജീവമായി. ചാക്കോയുടെ കുഴിമാടത്തിൽനിന്ന് പുതിയൊരു പാർട്ടി ഉയർന്നുവന്നുവെന്നാണ് എം ഒ ജോൺ എഴുതിയത്. ചെറിയാൻ ഫിലിപ്പിന്റെ ‘കാൽ നൂറ്റാണ്ട്’ എന്ന പുസ്തകവും ഇക്കാര്യം ശരിവെക്കുന്നു. പിന്നീട് കോൺഗ്രസിൽ നിന്നും 15 എംഎൽഎമാർ പുറത്തുവന്നു.1964ൽ മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് എന്ന പേര് പ്രഖ്യാപിക്കുകയും കെ.എം ജോർജ് ചെയർമാനും ആർ.ബാലകൃഷ്ണപിള്ള വൈസ് ചെയർമാനുമായി പുതിയ പാർട്ടി ഉണ്ടാകുകയും ചെയ്തു.

നാലുമാസത്തിന് ശേഷം 1965ൽ നടന്ന തെരഞ്ഞെടുപ്പിൽ 54 മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് 23 സീറ്റുകളിൽ വിജയിച്ചു.പക്ഷേ അന്ന് ആർക്കും ഭൂരിപക്ഷമില്ലാതിരുന്നാൽ സർക്കാർ ഉണ്ടായില്ല. അത്രയും വലിയ സംഖ്യയിലേക്ക് പിന്നീട് ഒരിക്കലും കേരളാ കോൺഗ്രസ് എത്തിയില്ല. അതേ പി ടി ചാക്കോയുടെ മകൻ പിസി തോമസ്, മാണിയോട് ഉടക്കി സ്വന്തം പാർട്ടിയുണ്ടാക്കി എൻഡിഎയുമായി സഹകരിച്ചതും, അവിടം വിട്ട് എൽഡിഎഫിൽ ചേർന്നതും പിന്നീട് ഇടതുപാളയം വിട്ട് വീണ്ടും എൻഡിഎയിൽ എത്തിയതും പിന്നീട് പി ജെ ജോസഫുമായി ലയിച്ച് യുഡിഎഫിൽ തിരിച്ചെത്തിയതും ചരിത്രം.

കേരളാ കോൺഗ്രസ് രൂപീകരിക്കുമ്പോൾ അതിൽ കെഎം മാണി ഉണ്ടായിരുന്നില്ല. അക്കാലത്ത് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന മാണി പിന്നീട് കേരളാ കോൺഗ്രസിൽ ചേരുകയായിരുന്നു. മാണി വന്നതോടെ പാർട്ടിക്കുള്ളിൽ മാണിയുഗം തുടങ്ങി. കെ എം മാണി എത്തിയതിന് പിന്നാലെ സ്ഥാപക നേതാവ് കെ എം ജോർജിനെ കാലുവാരുകയാണ് ചെയ്തതെന്നാണ് ആർ ബാലകൃഷ്ണപ്പിള്ള ചൂണ്ടിക്കാട്ടുന്നത്. പാർട്ടി മാറിവരുന്നതിനും മാണി പാരിതോഷികങ്ങൾ കൈപ്പറ്റിയെന്നും എതിരാളികൾ ആരോപണം ഉന്നയിച്ചിുന്നു.

അടിയന്തരാവസ്ഥാക്കാലത്തെ സി.അച്യുതമേനോൻ മന്ത്രിസഭയിൽ കേരള കോൺഗ്രസും ഉണ്ടായിരുന്നു. പാർട്ടി ചെയർമാൻ സ്ഥാനവും മന്ത്രിപദവിയും ഒന്നിച്ച് വഹിക്കാൻ പറ്റില്ലെന്ന് കെ.എം മാണി പാർട്ടിക്കുള്ളിൽ നിലപാട് എടുത്തു. കെ.എം ജോർജ് മന്ത്രിയാകുന്നത് തടയാനായിരുന്നു ഈ നീക്കം. തുടർന്ന് കെ.എം മാണിയും മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗമായ ആർ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. ഇതിൽ തനിക്ക് തിരിച്ചടിയേറ്റെന്ന് മനസിലായ കെ.എം ജോർജ് മന്ത്രിയാകാനുള്ള നീക്കങ്ങൾ സമാന്തരമായി നടത്തി.1976 ജൂൺ 26ന് ബാലകൃഷ്ണപിള്ളയ്ക്ക് പകരം കെ.എം ജോർജ് മന്ത്രിയായി. പാർട്ടി ചെയർമാനായി ബാലകൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേവർഷം ഡിസംബറിൽ കെ.എം ജോർജ് മരണമടഞ്ഞു. പകരം മന്ത്രിയായി എം.സി ചാക്കോയെ ആർ ബാലകൃഷ്ണപിള്ളയും ഇ ജോൺ ജേക്കബിനെ കെ.എം മാണിയും നിർദ്ദേശിച്ചു. ജോൺ ജേക്കബ് മന്ത്രിയാകുകയും ചെയ്തു. ഈ ഭിന്നതകളെ തുടർന്ന് കേരള കോൺഗ്രസ് പിള്ള എന്ന പേരിൽ ബാലകൃഷ്ണപിള്ള ഗ്രൂപ്പ് ശക്തിപ്പെടുകയും വേർപിരിയുകയും ചെയ്തു. പിളർപ്പിന്റെ ചരിത്രം അവിടെ തുടങ്ങുന്നു.

ജോസഫിന്റെ പാർട്ടി ജനിക്കുന്നു

1977ലെ കെ കരുണാകരന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരിൽ കേരള കോൺഗ്രസിന് മൂന്ന് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെ.എം മാണി, കെ. നാരായണക്കുറുപ്പ്, ഇ. ജോൺ ജേക്കബ് എന്നിവരായിരുന്നു മന്ത്രിമാർ. പാലായിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതിനിടയിൽ രാജൻ കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്ന് കരുണാകരൻ രാജിവെക്കുകയും ആന്റണി മുഖ്യമന്ത്രിയായുകയും ചെയ്തു. കെ.എം മാണിക്ക് പകരം പി.ജെ ജോസഫ് ആഭ്യന്തരമന്ത്രിയായി. അന്നു മുതൽ കേരള കോൺ​ഗ്രസ് പ്രസ്ഥാനങ്ങളിലെ മാണി – ജോസഫ് തർക്കങ്ങൾക്ക് തുടക്കമായി.

കേസ് ജയിച്ച് മാണി തിരിച്ചെത്തിയപ്പോൾ പി.ജെ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പക്ഷേ പാർട്ടി ചെയർമാൻ സ്ഥാനം ജോസഫ് ആവശ്യപ്പെട്ടെങ്കിലും മാണി വിട്ടുകൊടുത്തില്ല. 1979ൽ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസഫ് തോൽക്കുകയും മാണിയുടെ പിന്തുണയിൽ വി.ടി സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ ജോസഫ് വിഭാഗം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് എന്ന വിളിപ്പേരിൽ തുടർന്നു. 1979ൽ കേരള കോൺഗ്രസ് എം എന്ന പേരിൽ മാണി പാർട്ടി രൂപീകരിച്ചു. ചെയർമാൻ കെ.എം മാണി തന്നെയായിരുന്നു. 14 എംഎൽഎമാരായിരുന്നു പാർട്ടിക്ക് അന്ന് ഉണ്ടായിരുന്നത്.

കെ.എം മാണിയും ജോസഫും ഒന്നിക്കുന്നു

1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് വീണ്ടും ഇരുവിഭാഗവും കൈകൊടുക്കുന്നത്. എൽഡിഎഫ് രൂപീകരിക്കുമ്പോൾ ഘടകകക്ഷിയായ കെ.എം മാണി 1982ൽ യുഡിഎഫിൽ എത്തുമ്പോൾ ജോസഫും മുന്നണിയിലുണ്ടായിരുന്നു. 1984ൽ ലയിക്കുമ്പോഴാണ് മാണിയുടെ ശ്രദ്ധേയമായ ആ പരാമർശം ഉണ്ടാകുന്നത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസെന്നായിരുന്നു മാണിയുടെ വാക്കുകൾ.1987ൽ ചരൽക്കുന്ന് സമ്മേളനത്തിൽ ‘സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് മാണിക്കെതിരെ വീണ്ടും തിരിയുന്നത്. ടി.എം ജേക്കബ് ഈ സമയത്ത് മാണിക്കൊപ്പം നിലകൊണ്ടു. ബാലകൃഷ്ണപിള്ളയാകട്ടെ ജോസഫിനൊപ്പവും നിലകൊണ്ടു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും കാലുവാരി. മാണിക്ക് നാലും ജോസഫിന് അഞ്ചും എംഎൽഎമാരാണ് ഉണ്ടായിരുന്നത്.അതേസമയം യുഡിഎഫിൽ എല്ലാ കക്ഷികളും തുടരുകയും ചെയ്തു. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് കലഹത്തെ തുടർന്ന് ജോസഫും കൂട്ടരും ഇടതുമുന്നണിക്കൊപ്പം പോയി. പി.സി ജോർജും കെ.സി ജോസഫും ഒപ്പമുണ്ടായിരുന്നു.

1993ലാണ് ടി.എം ജേക്കബിന്റെ നേതൃത്വത്തിൽ മറ്റൊരു കേരള കോൺഗ്രസ് ഉണ്ടാകുന്നത്. കെ.എം മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടി.എം ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം മാത്യു എന്നിവരാണ് പുതിയ നീക്കങ്ങൾ നടത്തിയത്. ഇതിൽ പിന്നീട് പി.എം മാത്യു, മാത്യു സ്റ്റീഫൻ എന്നിവർ കേരള കോൺഗ്രസ് എമ്മിലേക്ക് മടങ്ങി. 1993 ഡിസംബറിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം രൂപീകരിച്ചു. ആദ്യം മുതൽ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 2005ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. 2006ൽ യുഡിഎഫുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയും ചെയ്തു. എന്നാൽ കെ.മുരളീധരനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടി.എം ജേക്കബ് പുറത്തുവരികയും സ്വന്തം കക്ഷി വിപുലപ്പെടുത്തുകയും ചെയ്തു. ജേക്കബിന്റെ മരണശേഷം മകൻ അനൂപ് ജേക്കബും പാർട്ടിയെ നയിക്കുന്നത്. നിലവിൽ യുഡിഎഫ് പക്ഷത്താണ് ഇവർ.

കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിന്റെ മകനും മുൻ എംപിയും ജോസഫ് ഗ്രൂപ്പിലെ പ്രധാനിയുമായിരുന്ന ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് എമ്മിൽ നിന്നും തെറ്റിപ്പിരിഞ്ഞാണ് ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാപിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പമായിരുന്നു 2010ലെ ലയനത്തിന് മുമ്പ് ഫ്രാൻസിസ് ജോർജും കൂട്ടരും. ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നിവരാണ് കേരള കോൺഗ്രസ് എമ്മിൽ നിന്നും പുറത്ത് എത്തിയത്. 2016 മാർച്ചിലാണ് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിക്കുന്നത്. ഫ്രാൻസിസ് ജോർജ് തന്നെയായിരുന്നു ചെയർമാൻ.

പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യകേരള കോൺഗ്രസ് എൽഡിഎഫ് പിന്തുണയിൽ നാല് സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും എല്ലാ സീറ്റിലും പരാജയപ്പെട്ടു. അതിനുശേഷം ജനാധിപത്യ കേരളാ കോൺഗ്രസും പിളർന്നു. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ജനാധിപത്യ കേരള കോൺഗ്രസ് പിളർത്തി, ഫ്രാൻസിസ് ജോർജ് എൽഡിഎഫ് വിട്ടത്. മുവാറ്റുപുഴയിൽ നേതൃയോഗം ചേർന്ന ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗം കേരള കോൺഗ്രസ് എമ്മിലെ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതായി പ്രഖ്യാപിച്ചു. ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നിവരടക്കമുള്ള മറു വിഭാഗം എൽഡിഎഫിൽ തുടരുകയാണ്.

കൊച്ച് പാർട്ടികൾ പോലും പിളരുകയെന്നത് കേരളാ കോൺസ്രഗിന്റെ ജാതകമാണ്. കേരള കോൺഗ്രസുകളുടെ 2010ലെ ലയനത്തിൽ എതിർപ്പുള്ളവരുടെ പക്ഷമായിരുന്നു കേരള കോൺഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പ്. പി.സി തോമസ്, സ്‌കറിയ തോമസ്, സുരേന്ദ്രൻപിള്ള എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. പി.സി തോമസും സ്‌കറിയാ തോമസും തമ്മിൽ തർക്കമുണ്ടാകുകയും രണ്ട് ഗ്രൂപ്പുകളായി പ്രവർത്തിക്കുകയും ചെയ്തു.ഇതിൽ സുരേന്ദ്രൻപിള്ള ആദ്യം പി.സി തോമസിനൊപ്പവും പിന്നീട് സ്‌കറിയാ തോമസിനൊപ്പവും നിലകൊണ്ടു. ശേഷം പി.സി തോമസ് എൻഡിഎക്കൊപ്പവും മറ്റുള്ളവർ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്ന് പേര് പിന്നീട് ഔദ്യോഗികമായി അംഗീകരിച്ചു.

ഇടതുമുന്നണിയുമായി പിന്നീട് സഹകരിച്ച് പ്രവർത്തിച്ച പാർട്ടിക്ക് 2011ലെ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നൽകിയിരുന്നെങ്കിലും പരാജയപ്പെട്ടു. സ്‌കറിയാ തോമസുമായി പിന്നീട് സുരേന്ദ്രൻപിള്ള തെറ്റുകയും അന്ന് യു ഡി എഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാറിന്റെ ജനതാദളിനൊപ്പം യുഡിഎഫിലേക്ക് പോകുകയും ചെയ്തു. നിലവിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ് സ്‌കറിയാ തോമസ് വിഭാഗം.

കേരള കോൺഗ്രസ് എമ്മിൽ നിന്ന് പിളർന്നുണ്ടായ പാർട്ടിയാണ് കേരള കോൺഗ്രസ് നാഷണലിസ്റ്റ്. നോബിൾ മാത്യു, കുരുവിള മാത്യു എന്നിവർ ചേർന്ന് 2014 മാർച്ചിലാണ് പാർട്ടി രൂപീകരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത് രൂപം കൊള്ളുന്നത്. തുടർന്ന് കോട്ടയത്ത് നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി നോബിൾ മാത്യു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഈ കേരള കോൺഗ്രസ് നാഷണലിസ്റ്റ് തന്നെ മൂന്നായി പിളർന്നു. നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള മാത്യുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം എൻഡി എയ്‌ക്കൊപ്പമാണ്. പിന്നീട് നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ നാഷണലിസ്റ്റ് പാർട്ടി ബിജെപിയിൽ ലയിച്ചു. പ്രൊഫ.പ്രകാശ് കുര്യാക്കോസിന്റെ നേതൃത്തിലും ഈ പാർട്ടിയുണ്ട്.

മുന്നണി മാറിമാറി പിസി തോമസും ജോർജും

2003ലാണ് കെ.എം മാണിയോട് കലഹിച്ച് പി.ടി ചാക്കോയുടെ മകനായ പി.സി തോമസ് പുറത്തുപോകുന്നതും ഐഎഫ്ഡിപി എന്ന പാർട്ടി രൂപീകരിക്കുന്നതും. പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായി. മൂവാറ്റുപുഴയിൽ നിന്നും പി.സി തോമസ് വിജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. പിന്നീട് ഈ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി റദ്ദാക്കുകയും എതിർസ്ഥാനാർത്ഥിയായ സി പി എമ്മിന്റെ ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് പി.ജെ ജോസഫിനൊപ്പം പോയെങ്കിലും മാണിയുമായി ലയിക്കാനുള്ള തീരുമാനം എടുത്തതോടെ പി.സി തോമസ് പിരിഞ്ഞുപോകുകയും കേരള കോൺഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പ് എന്നറിയപ്പെടുകയും ചെയ്തു.പിന്നീട് ഇവിടെ നിന്നും പിസി തോമസ് തെറ്റുകയും എൻഡിഎ മുന്നണിയുമായി വീണ്ടും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. പിന്നീടാണ് കേരള കോൺ​ഗ്രസ് പാർട്ടി കേരള കോൺ​ഗ്രസ് ജോസഫുമായി ലയിച്ചത്.

പി.സി ജോർജിന്റെയും ടി.എസ് ജോണിന്റെയും നേതൃത്വത്തിലാണ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന പി.സി ജോസഫ് ഗ്രൂപ്പിന് ഒപ്പമായിരുന്നു ആദ്യം പി.സി ജോർജ്. 2003ലെ വിഎസിന്റെ മതികെട്ടാൻ മലകയറ്റത്തെ തുടർന്നാണ് പി.സി ജോർജ് ഇടയുന്നത്. തുടർന്നാണ് കേരള കോൺഗ്രസ് സെക്യുലർ എന്ന പാർട്ടി രൂപീകരിച്ചത്.പിന്നീട് നടന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ ലയനചർച്ചയെ തുടർന്ന് പി.സി ജോർജ് തന്റെ പാർട്ടി പിരിച്ചുവിടുകയും കെ.എം മാണിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. 2010ൽ നടന്ന വിശാല ലയനത്തിൽ പി.ജെ ജോസഫ് ഇടതുമുന്നണി വിട്ടുവരികയും കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമാകുകയും ചെയ്തു. ഇവിടെയും വലിയ വിവാദങ്ങൾ ഉണ്ടായി. സഭ ഇടപെട്ടുണ്ടായ ലയനമാണ് ഇതെന്നും രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതിന്റെ തെളിവാണെന്നും ആരോപണം ശക്തമായിരുന്നു. കെ.എം മാണി ചെയർമാനും പി.ജെ ജോസഫ് വർക്കിങ് ചെയർമാനും പി.സി ജോർജ് വൈസ് ചെയർമാനുമായാണ് പുതിയ കേരള കോൺഗ്രസ് എം പിന്നെ നിലകൊണ്ടത്. ടി.എസ് ജോൺ ഇതിൽ ഉന്നതാധികാര സമിതി അംഗമായിരുന്നു.

കേരള കോൺഗ്രസുകളുടെ ഏറ്റവും വലിയ ലയനമായിരുന്നു ഇത്. അധികാരത്തിലേറിയ യുഡിഎഫിന്റെ ഭാഗമായി ഇവർ നിലകൊണ്ടു. എന്നാൽ അധികം കഴിയുംമുന്നെ മാണി ഗ്രൂപ്പുമായി പി.സി ജോർജ് തെറ്റി. പിന്നീട് കേരള കോൺഗ്രസ് സെക്യുലർ വീണ്ടും സജീവമാക്കാൻ നോക്കി. എന്നാൽ ജോർജുമായി അകന്ന ടി.എസ് ജോൺ പിന്നീട് കേരള കോൺഗ്രസ് സെക്യുലറുമായി കെ.എം മാണിക്കൊപ്പം അണിനിരന്നു. പി.സി ജോർജാകട്ടെ പിന്നീട് കേരള ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ചു. ഒറ്റക്ക് നിന്ന് ജയിച്ച് ചരിത്രമായ പിസി ഇടക്ക് ബിജെപിയുമായി അടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം പാർട്ടി സ്ഥാനാർത്ഥിയായി മൂന്നു മുന്നണികൾക്കും എതിരെ പി സി ജോർജ്ജ് മത്സരിച്ചെങ്കിലും പൂഞ്ഞാറിൽ ജയിക്കാനായിരുന്നില്ല.

അന്ന് കുതിരയെ കൊണ്ടുപോയത് ജോസഫ്

ചിഹ്നത്തിന്റെ പേരിലും ഒരുപാട് അങ്കങ്ങൾ ഈ പിളപ്പിനിടെ ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്ന രണ്ടില ചിഹ്നം പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫ് കൊടുത്തിരുന്നില്ല. 1987-ലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ഏറെ സമാനതകളുണ്ട്.കേരള കോൺഗ്രസ് രൂപംകൊണ്ടശേഷം 1965-ൽ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചതു മുതൽ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതൽ പാർട്ടിയിൽ അരങ്ങേറിയ ലയന, പിളർപ്പ് നാടകങ്ങളുടെ കഥാന്ത്യത്തിലായിന്നു.

1982-ൽ ജോസഫ്, മാണി വിഭാഗങ്ങൾ കെ. കരുണാകരൻ രൂപംനൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാർട്ടികളായി മുന്നണിയിൽ ഭരണത്തിൽ പങ്കാളിയായി.1984-ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങൾ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്‌സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോൺഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തിൽ സംതൃപ്തരായിരുന്നു.എന്നാൽ, ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഒന്നായെന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരംകൂടി കേരള കോൺഗ്രസിനു നൽകിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു.

ജോസഫ് ഗ്രൂപ്പിൽപ്പെട്ടവർ ആനച്ചിഹ്നത്തിൽ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച് വിജയിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കുതിരച്ചിഹ്നത്തിൽ മത്സരിച്ച് സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോൺഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തിൽ ലയിച്ചു. എന്നാൽ, യോജിപ്പിന് ഏതാനും വർഷങ്ങൾമാത്രമാണ് ആയുസ്സുണ്ടായത്. 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടി പിളർന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങൾക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു.

രണ്ട് എംപി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ കൊടിയടയാളം. പിന്നീട് ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടർന്നു.

കേരള കോൺഗ്രസിനെ വികാരമാക്കിയത് മാണി സാർ തന്നെ

ഇത്രയധികം നേതാക്കളുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും കേരളാകോൺഗ്രസിനെ മധ്യ തിരുവിതാംകൂറിന്റെ വികാരമാക്കിയത് മാണി സാർ എന്ന് ജനം വിളിക്കുന്ന കെ എം മാണി തന്നെയാണ്. കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി. ‘മാണി സാർ’ എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച ആ രാഷ്ട്രീയക്കാരന് തന്റെ മേഖലയുടെ ധനശാസ്ത്രമടക്കം സകലതും മനപ്പാഠമായിരുന്നു, അക്ഷരാർത്ഥത്തിൽത്തന്നെ!കെ എം മാണിയുടെ പേരിലുള്ള റെക്കോഡുകളൊന്ന് നോക്കാം: ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 പ്രാവശ്യം), 1980 മുതൽ 86 വരെ തുടർച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചും റെക്കോഡ്, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന റെക്കോഡ്, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും റെക്കോഡ് – 11 പ്രാവശ്യം, ഒരേ നിയോജകമണ്ഡലത്തെ ഏറ്റവും കൂടുതൽ പ്രതിനിധീകരിച്ച റെക്കോഡ് (1965 മുതൽ പാലാ മണ്ഡലത്തിൽനിന്ന് തുടർച്ചയായ വിജയം (13 തവണയാണ്, ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല), ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത റെക്കോഡ്, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം ( 54 വർഷം), ഏറ്റവും കൂടുതൽ തവണ നിയമസഭാംഗം (13).

കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അധ്വാനവർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച കെ എം മാണിയുടെ പദ്ധതികളാണ് വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതി, റവന്യൂ ടവർ, കർഷക – കർഷകത്തൊഴിലാളി പെൻഷൻ, കാർഷിക കടം എഴുതിത്ത്ത്ത്ത്തള്ളൽ, കാരുണ്യ ലോട്ടറി എന്നിവ.ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ കൈകാര്യം ചെയ്തു കെ എം മാണി. ഒരു കാലത്ത് തന്റെ ബദ്ധ ശത്രുവായിരുന്നു ജോസഫിനെ വീണ്ടും യുഡിഎഫിൽ എത്തിച്ചത് മാണിയുടെ വിട്ടു വീഴ്ച തന്നെയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തോടെ കാര്യങ്ങൾ പഴയ പടിയായി. ഇപ്പോൾ ജോസിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഇടതുമുന്നണിയിൽ എത്തിയിരിക്കയുമാണ്.

നിലവിൽ‌ പ്രമാണികൾ ജോസും ജോസഫും

നിലവിൽ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ഭൂമികയിൽ കേരള കോൺ​ഗ്രസുമായി പി ജെ ജോസഫും കേരള കോൺ​ഗ്രസ് എമ്മുമായി ജോസ് കെ മാണിയും നിലയുറപ്പിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തെ ചൊല്ലിയായിരുന്നു ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തർക്കം ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും വഴി പിരിയുകയും പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള ​ഗ്രൂപ്പ് കേരള കോൺ​ഗ്രസിൽ ലയിക്കുകയുമായിരുന്നു.

കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് കേരളാ കോൺഗ്രസി എമ്മിൽ അധികാര തർക്കം ഉടലെടുക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർലമെന്റ് അംഗമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നു. സംഘടനാചുമതലയുള്ള മുതിർന്നനേതാവ് ജോയ് ഏബ്രഹാമിനെ ഒഴിവാക്കിയായിരുന്നു ഇത്. അന്നുമുതൽ ജോയ് ഏബ്രഹാമിന് നീരസമുണ്ട്. ജോസഫിനും ഇതിനോട് കാര്യമായ യോജിപ്പ് ഉണ്ടായില്ല. പാർട്ടി സംഘടിപ്പിച്ച കേരളയാത്ര നയിക്കാൻ ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായി എന്ന് ആരോപണം. യാത്ര ഉദ്ഘാടനംചെയ്തു മടങ്ങിയ ജോസഫ് തന്നെ അറിയിക്കാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ആരോപിച്ചു. യാത്ര നയിക്കേണ്ടത് താനാണെന്ന് ജോസഫിന് അഭിപ്രായമുണ്ടായിരുന്നു. ഇതേച്ചൊല്ലി വാക്‌പോര്.

പിന്നാലെ എത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ജോസഫിന് സീറ്റ് നിഷേധിക്കുന്നു. രാത്രി വൈകി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നു. മുറിവേറ്റ ജോസഫ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തുന്നു. അവരുടെ മധ്യസ്ഥയിൽ താത്കാലിക വെടിനിർത്തൽ. ജോസഫ് തിരഞ്ഞെടുപ്പിനോട് സഹകരിക്കുന്നു.

മാണിയുടെ മരണത്തിനുശേഷം ചെയർമാൻ ആരെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവായ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്നാണ് ജോസഫ് താൽപ്പര്യം പ്രകടിപ്പിച്ചത്. സമവായമാണ് മാണി സ്വീകരിച്ചിരുന്നനയമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി വിളിച്ച് കാര്യം തീരുമാനിക്കണമെന്ന് ജോസ് കെ. മാണി. ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത് അവിടെയെന്നും ജോസ്. ജോസഫിനെ താത്കാലിക ചെയർമാനായി നിശ്ചയിച്ചതായി കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തുനൽകി. ഇതോടെ സംഘർഷം രൂക്ഷമായി മാറുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close