Breaking NewsKERALANEWSTop News

മുന്നണിയിൽ ഇപ്പോഴും തുടരുന്നത് വേറെ വഴിയില്ലാത്തത് കൊണ്ട്; തങ്ങളുടെ അതൃപ്തി വ്യക്തമാക്കാനൊരുങ്ങി ജോസഫ് ​ഗ്രൂപ്പ്; ഇന്ന് നടക്കുന്ന യുഡിഎഫ് യോ​ഗം കലുഷിതമാകും

തിരുവനന്തപുരം: ഇന്ന് നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കാനൊരുങ്ങി കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ്. പരാജയം പഠിക്കാൻ നിശ്ചയിച്ച കമ്മീഷൻ കണ്ടെത്തലുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പ്രതിഷേധമുണ്ടെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇന്ന് ചേരുന്ന യുഡിഎഫ് യോ​ഗത്തിൽ നേതാക്കൾ ഇക്കാര്യം അവതരിപ്പിക്കും. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന യുഡിഎഫ് യോ​ഗം കലുഷിതമാകും. കോൺ​ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഘടകകക്ഷികൾ ആയുധമാക്കും.

പി ജെ ജോസഫും പി കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പുതോൽവിക്ക്‌ കാരണക്കാരായെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ട്‌ പി ജെ ജോസഫിന് വലിയ തിരിച്ചടിയായിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചതും പി ജെ ജോസഫ്‌ പക്ഷത്തിന്‌ ജനപിന്തുണ ഇല്ലെന്നുമുള്ള റിപ്പോർട്ടാണ്‌ പുതിയ യുദ്ധമുഖം തുറന്നത്‌. കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷത്തെ പരോക്ഷമായി പിന്തുണച്ച റിപ്പോർട്ടിൽ ജോസഫ്‌ വിഭാഗം കടുത്ത അമർഷത്തിലാണ്‌. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ കൊഴിഞ്ഞുപോക്കും. ജോസഫ് ​ഗ്രൂപ്പിനെ തളർത്തുന്നത്.

യുഡിഎഫിൽ ഉറച്ചുനിന്ന തങ്ങളെ ഒറ്റപ്പെടുത്താനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കമാണ്‌ ഇതെന്ന്‌ ജോസഫ്‌ പക്ഷം പറയുമ്പോഴും തങ്ങളുടെ ജനപിന്തുണ ഇല്ലാതാകുന്നതും മറുപക്ഷത്ത് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസ് എം അനുദിനം ശക്തി പ്രാപിക്കുന്നതും ജോസഫിനും കൂട്ടർക്കും വലിയ തിരിച്ചടിയാകുകയാണ്. മാണി വിഭാഗം യുഡിഎഫ്‌ വിട്ടത്‌ മധ്യകേരളത്തിൽ പരമ്പരാഗത വോട്ട്‌ ചോർത്തിയെന്നും ഇത്‌ തടയാൻ ജോസഫ്‌ പക്ഷത്തിനായില്ലെന്നുമാണ്‌ കെപിസിസി സമിതിയുടെ കണ്ടെത്തൽ. സംഘടനാ ശേഷിയില്ലെന്ന വിമർശനവും ജോസഫ്‌ ഗ്രൂപ്പിനെ കുപിതരാക്കിയിട്ടുണ്ട്. മുതിർന്ന നേതാവായ പി ജെ ജോസഫിനെ വ്യക്തിപരമായി അവഹേളിച്ചെന്ന്‌ നേതാക്കൾ ആരോപിക്കുന്നു.

എന്നാൽ, കോൺ​ഗ്രസിന്റെ കണ്ടെത്തലിൽ പുതുമയില്ലെന്ന നിലപാടിലാണ് ജോസഫ് ​ഗ്രൂപ്പിലെ തന്നെ ഒരു വിഭാ​ഗം. എന്തെങ്കിലും കാരണമുണ്ടായാൽ പാർട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം ചേരാനാണ് ഇവർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺ​ഗ്രസിലെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ ജോസഫ് പക്ഷം ഭയക്കുന്നുമുണ്ട്.

പിസി തോമസ് കൂടി വന്നതോടെ കേരളാ കോൺഗ്രസ് എന്ന് പേര് മാറ്റിയ ജോസഫ് പക്ഷത്ത് പദവികളെച്ചൊല്ലിയാണ് തർക്കം. ഫ്രാൻസിസ് ജോർജ്ജ് , മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുന്നത്. പിജെ ജോസഫും പിസി തോമസും കഴിഞ്ഞാൽ മൂന്നാമനായി എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പദവിയിൽ മോൻസ് ജോസഫാണ്. ജോയി എബ്രഹാമും ടിയു കുരുവിളയും കഴിഞ്ഞാണ് ഫ്രാൻസിസ് ജോർജ്ജും മറ്റുള്ളവരും.

അതേസമയം, കോൺ​ഗ്രസിനും ഇന്ന് നിർണായകമാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന സന്ദേശം അണികളിലെത്തിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രമിക്കുന്നത്. ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കി വിഷയം പരിഹരിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇരുവരെയും നേരിട്ട് കണ്ടത് മുന്നണിയോഗം ഉൾപ്പെടെ മുന്നിൽ കണ്ടാണ് എന്നാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. കെ റെയിൽ പദ്ധതി സംബന്ധിച്ച നിലപാടും മുന്നണി യോഗത്തിൽ ചർച്ചയാകും. യുഡിഎഫ് ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് മുൻനിർത്തിയാകും ചർച്ച. കെ റെയിൽ പദ്ധതിയെ എതിർക്കണമെന്ന നിർദേശമാണ് ഉപസമിതി മുന്നോട്ട് വെച്ചിട്ടുളളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close