Breaking NewsKERALANEWS

പത്താം ക്ലാസ് പാസാകാത്തയാൾ ട്യൂട്ടോറിയൽ കോളജിന്റെ പ്രിൻസിപ്പാൾ ആകുന്നത് പോലെ; സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺ​ഗ്രസ് എം; കാനം – ഇസ്മയിൽ പോര് മറയ്ക്കാനുള്ള ശ്രമമെന്നും പരിഹാസം

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കേരള കോൺ​ഗ്രസ് എം. പത്താം ക്ലാസ് പാസാകാത്തയാൾ ട്യൂട്ടോറിയൽ കോളജിന്റെ പ്രിൻസിപ്പാൾ ആകുന്നത് പോലെയാണ് എന്നായിരുന്നു കാനം രാജേന്ദ്രനെ കുറിച്ച് കേരള കോൺ​ഗ്രസ് എം പരിഹസിക്കുന്നത്. കേരള കോൺ​ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സിപിഐയിലെ കാനം – ഇസ്മയിൽ പോര് മറയ്ക്കാനാണെന്നും കേരള കോൺ​ഗ്രസ് ആരോപിക്കുന്നു. കേരള കോൺ​ഗ്രസിനെതിരായ സിപിഐ പരാമർശം ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വത്തിനും കേരള കോൺ​ഗ്രസ് പരാതി നൽകിയിട്ടുണ്ട്.

സിപിഐയുടെ ആട്ടുംതുപ്പും കേട്ട് കിടക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ് എം നേതൃത്വം. കേരള കോൺ​ഗ്രസ് എമ്മിന് ജനപിന്തുണയില്ലെന്ന സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടാണ് ജോസ് കെ മാണിയേയും കൂട്ടരെയും ചൊടിപ്പിച്ചത്. കുറിക്ക് കൊള്ളുന്ന മറുപടി നൽകി സിപിഐയുടെ വായടപ്പിക്കുന്നതിനൊപ്പം ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനാണ് കേരള കോൺ​ഗ്രസ് എം മുന്നണി നേതൃത്വത്തിന് പരാതി നൽകുന്നത്. തങ്ങളേക്കാൾ ശക്തരായ പാർട്ടിയോടുള്ള അസൂയയാണ് സിപിഐ പ്രകടിപ്പിക്കുന്നത് എന്നാണ് കേരള കോൺ​ഗ്രസ് എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പിലും അതിന് ശേഷവും സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കേരള കോൺ​ഗ്രസ് ആരോപിക്കുന്നു. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും പരാതിയിൽ കേരളാ കോൺ​ഗ്രസ് എം ഉന്നയിക്കും. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണെന്ന നിലപാടാണ് കേരള കോൺ​ഗ്രസിന്. നിലവിൽ കോട്ടയം ജില്ലയിൽ സിപിഐയെക്കാൾ ഒരുപാട് സീറ്റുകൾ കൂടുതൽ കേരള കോൺ​ഗ്രസ് മത്സരിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ അഞ്ചിലും മത്സരിച്ചത് കേരള കോൺ​ഗ്രസ് എം ആയിരുന്നു. സിപിഐക്കാകട്ടെ ഒരു സീറ്റ് മാത്രമാണ് മത്സരിക്കാൻ ലഭിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ നിലവിലെ സീറ്റ് നില സിപിഐഎം -6, കേരളാ കോണ്‍ഗ്രസ് എം -5, സിപിഐ – 3 എന്നിങ്ങനെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കേരള കോൺ​ഗ്രസ് എം സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നെങ്കിലും മുന്നണി മര്യാദ പാലിക്കണമെന്ന ജോസ് കെ മാണിയുടെ നിർദ്ദേശത്തോടെ നിശബ്ദത പാലിക്കുകയായിരുന്നു. കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്നായിരുന്നു കേരളാ കോൺഗ്രസ് എം നേതാക്കൾ അന്ന് ആരോപിച്ചത്. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനമുണ്ടായത്.

സീറ്റ് വിഭജനം മുതൽ കേരള കോൺഗ്രസ്‌ എം – സിപിഐ ഭിന്നത രൂക്ഷമായിരുന്നു. ജോസ് കെ മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിന്റെ വിമർശനം. സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ഇക്കാര്യം ചെയർമാൻ ജോസ് കെ മാണിയെ അറിയിച്ചു. ഇരിക്കൂറിൽ പലയിടത്തും പ്രചാരണത്തിന് സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. റാന്നിയിലെ സ്ഥാനാർത്ഥി പ്രമോദ് നാരായണനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

കേരളാ കോൺഗ്രസ് ഇടത് മുന്നണിയിലെത്തിയപ്പോൾ സിപിഐയ്ക്ക് അവർ മത്സരിച്ചിരുന്ന പല സീറ്റുകളും നഷ്ടമായി. ഇതിൽ പ്രവർത്തകർക്ക് നീരസമുണ്ടായിട്ടുണ്ടെന്ന് സിപിഐ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സിപിഐ- കേരളാ കോൺഗ്രസ് തർക്കം ഒന്ന് കൂടി ശക്തിയാർജ്ജിക്കും എന്നതിൻ്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ പുറത്ത് വരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close