Breaking NewsKERALANEWSTop News

അണികളുമൊത്ത് വരുന്ന നേതാക്കൾക്ക് അർഹമായ പരി​ഗണന; കോൺ​ഗ്രസ് നേതാക്കളെ സ്വീകരിക്കാനൊരുങ്ങി കേരള കോൺ​ഗ്രസ് എം

കോട്ടയം: കോൺ​ഗ്രസിലെ വൻ കൊഴിഞ്ഞുപോക്ക് ​ഗുണകരമാക്കാൻ കേരള കോൺ​ഗ്രസ് എം. കോൺ​ഗ്രസ് വിടുന്ന നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുന്നതിനുള്ള ചരടുവലികളാണ് പാർട്ടി നേതൃത്വം നടത്തുന്നത്. അതേസമയം, കോൺ​ഗ്രസ് വിട്ടെത്തുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ കുറച്ച് ജാ​ഗ്രത കാട്ടണമെന്ന നിർദ്ദേശവും നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. കോൺ​ഗ്രസ് നേതാക്കൾക്ക് ഇടത് മുന്നണിയിലെ മറ്റേത് പാർട്ടിയെക്കാളും യോജിക്കുക കേരള കോൺ​ഗ്രസ് ആണെന്ന തിരിച്ചറിവിലാണ് ജോസ് കെ മാണിയും കൂട്ടരും. അതേസമയം, നേതാക്കൾ മാത്രമായി എത്തുന്നവരെക്കാൾ പരി​ഗണന നൽകുക അണികളുമൊത്ത് എത്തുന്ന നേതാക്കൾക്കാകും എന്നാണ് കേരള കോൺ​ഗ്രസ് എം നേതൃത്വം നൽകുന്ന സൂചന.

കോൺ​ഗ്രസ് നേതാക്കൾക്ക് ഇതുവരെ തങ്ങൾ ശീലിച്ചുവന്ന രീതികൾ തുടരണമെങ്കിൽ അതിന് നല്ലത് കേരള കോൺ​ഗ്രസ് തന്നെയാണ്. തങ്ങൾ ഇതുവരെ നിശിതമായി വിമർശിച്ചിരുന്ന സിപിഎമ്മിലേക്ക് പെട്ടെന്ന് കയറിചെല്ലുന്നത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് കോൺ​ഗ്രസ് നേതാക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ കോൺ​ഗ്രസ് സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന കേരള കോൺ​ഗ്രസ് എമ്മിന്റെ ഭാ​ഗമാകുക എന്നതാണ് അസംതൃപ്തരായ കോൺ​ഗ്രസ് നേതാക്കളുടെയും ലക്ഷ്യം.

അധികാരമോഹവുമായി എത്തുന്ന ആർക്കും വലിയ പ്രാധാന്യം നൽകേണ്ടതില്ല എന്നാണ് കേരള കോൺ​ഗ്രസ് നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. കോൺ​ഗ്രസിലെ പ്രവർത്തന പാരമ്പര്യം കേരള കോൺ​ഗ്രസിലെ സ്ഥാനമാനങ്ങൾക്ക് മാനദണ്ഡമാകില്ല. അതേസമയം, അണികളുമൊത്ത് വരുന്ന നേതാക്കൾക്ക് അർഹമായ പരി​ഗണന നൽകും. കേരള കോൺ​ഗ്രസ് എമ്മിലെത്തുന്ന കഴിവുള്ളവർക്ക് അർഹതക്ക് അനുസരിച്ചുള്ള അം​ഗീകാരം നൽകാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, മുൻകൂട്ടി സ്ഥാനമാനങ്ങൾ ഓഫർ ചെയ്ത് ഒരാളെയും പാർട്ടിയിലേക്ക് ആകർഷിക്കേണ്ടതില്ലെന്നാണ് കേരള കോൺ​ഗ്രസ് എം നിലപാട്.

ഡിസിസി പുനസംഘടനയിൽ സ്ഥാനങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് കോൺ​ഗ്രസ് ജില്ലാ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടാൻ ഒരുങ്ങുന്നത്. പുനസംഘടനക്ക് ശേഷം പാർട്ടി മാറുന്നത് വഴി സ്ഥാനമോഹികൾ എന്ന പഴി കേൾക്കേണ്ടിവരും എന്ന ഭയമാണ് പുനസംഘടനക്ക് മുമ്പ് തന്നെ കോൺ​ഗ്രസ് നേതാക്കളെ കൂടാരം ഒഴിയാൻ പ്രേരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഇടത് മുന്നണിയിലെ പ്രമുഖ പാർട്ടികളുമായി കോൺ​ഗ്രസ് നേതാക്കൾ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.

കെപിസിസി മാതൃകയിൽ പുനസംഘടന എന്ന നിലപാട് കോൺ​ഗ്രസ് നേതൃത്വം സ്വീകരിച്ചതോടെയാണ് കോൺ​ഗ്രസ് പാളയം വിടാൻ നേതാക്കൾ ഒരുങ്ങുന്നത്. ഒരു ഡിസിസി പ്രസിഡന്റും ജില്ലയിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണത്തിന് സമാനമായ ജനറൽ സെക്രട്ടറിമാരും എന്നതാണ് പുതിയ രീതി. ഇത് നടപ്പിലായാൽ നിലവിലെ പല ഡിസിസി ഭാരവാഹികൾക്കും കസേരകൾ നഷ്ടമാകും. ജില്ലാ നേതാവ് പിന്നീട് നിയോജക മണ്ഡലത്തിലോ പഞ്ചായത്ത് തലത്തിലോ ഒതുങ്ങേണ്ടി വരും. ഇത്തരത്തിൽ കസേര നഷ്ടമാകുന്നത് നൂറുകണക്കിന് നേതാക്കൾക്കാണ്.

നിലവിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരുമായി നൂറ്റമ്പതോളം ഡിസിസി ഭാരവാ​ഹികളുണ്ട്. വി എസ് ശിവകുമാറും തമ്പാനൂർ രവിയും ചേർന്ന് തങ്ങളുടെ അനുയായികളെ കുത്തിനിറച്ചതോടെയാണ് ഇവിടെ ഇത്തരത്തിൽ ജംബോ കമ്മിറ്റി നിലവിൽ വന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇവിടെ 14 ജനറൽ സെക്രട്ടറിമാർ മാത്രമേ ഉണ്ടാകൂ. ഇതോടെ നിരവധി നേതാക്കൾ യാതൊരു സ്ഥാനവുമില്ലാതെ വഴിയാധാകരമാകും. പുനസംഘടനയിൽ സ്ഥാനം നഷ്ടമാകും എന്ന് ഉറപ്പായ നേതാക്കൾ പട്ടിക വരും മുമ്പ് പാർട്ടി വിടാനാണ് കരുക്കൾ നീക്കുന്നത്. ഇടത് പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു എന്ന് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുന്നത്. കേരള കോൺ​ഗ്രസുകളിൽ നിന്നും ബിജെപിയിൽ നിന്നും പോലും ആളുകൾ കേരള കോൺ​ഗ്രസിലേക്ക് എത്തുന്നു. ഇടത് പുരോ​ഗമനാശയങ്ങളെ ഇഷ്ടപ്പെടുകയും എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കാൻ താത്പര്യം ഇല്ലാത്തവരുമായ നിരവധി പേർ കേരള കോൺ​ഗ്രസ് എമ്മിന്റെ ഭാ​ഗമാകുകയാണ്. കോൺ​ഗ്രസിനുള്ളിലെ അതൃപ്തിയും ആത്യന്തികമായി ​ഗുണം ചെയ്യുക കേരള കോൺ​ഗ്രസ് എമ്മിന് തന്നെയാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close