KERALANEWSTop News

എംപി ആയാൽ കോൺ​ഗ്രസിനെ കേരളത്തിൽ എതിർക്കുകയും ഡൽഹിയിൽ പിന്താങ്ങുകയും വേണം; രാജ്യസഭാ സീറ്റ് വേണ്ടെന്ന് ജോസ് കെ മാണി നിലപാടെടുത്താൽ കോളടിക്കുക സ്റ്റീഫൻ ജോർജ്ജിന്

തിരുവനന്തപുരം: ജോസ് കെ മാണി് രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും. സീറ്റ് കേരള കോൺ​ഗ്രസ് എമ്മിന് തന്നെ നൽകുമെന്ന സൂചനകളാണ് സിപിഎം നേതൃത്വം നൽകുന്നത്. അതേസമയം, പാർട്ടിക്ക് കിട്ടുന്ന സീറ്റിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമോ അതോ കേരള കോൺ​ഗ്രസിലെ മറ്റേതെങ്കിലും നേതാവിന് രാജ്യസഭാ സീറ്റ് നൽകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ജോസ് കെ മാണി അല്ലെങ്കിൽ സ്റ്റീഫൻ ജോർജ്ജ് രാജ്യസഭയിലേക്ക് മത്സരിക്കും എന്നുള്ള സൂചനകളും കേരള കോൺ​ഗ്രസ് നേതാക്കൾ നൽകുന്നു.

മൽസരിക്കുനുള്ള സാധ്യത ജോസ് കെ മാണിയും പരസ്യമായി തള്ളിയില്ല എന്നതാണ് സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ആകാംക്ഷ ഉയർത്തുന്നത്. പാലായിൽ മൽസരിച്ച് മന്ത്രിയാവാനുള്ള മോഹവുമായി ജോസ് കെ മാണി രാജിവെച്ച രാജ്യസഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ ജോസ് അല്ലാതെ മറ്റൊരു പേര് പാർട്ടിയുടെ മുൻപിലില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രണ്ടേമുക്കാൽ വർഷം കൂടി കാലാവധിയുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിക്ക് പകരം മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനുള്ള സാധ്യതയും പാർട്ടി നേതാക്കൾ തള്ളുന്നില്ല. മുതിർന്ന നേതാവ് വേണമെന്നതാണ് പാർട്ടിക്കുള്ളിലെ വികാരമെന്നാണ് അണിയറ ചർച്ചകൾ.

അതേസമയം, നിലവിൽ കേരള കോൺ​ഗ്രസ് ചെയർമാനായ ജോസ് കെ മാണി രാജ്യസഭാം​ഗമായി ഡൽഹിക്ക് പോകുന്നത് നിലവിൽ പാർട്ടിക്ക് കൈവന്ന മേൽക്കൈ നഷ്ട‌മാകാൻ കാരണമാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്. കേരള രാഷ്ട്രീയത്തിൽ കേരള കോൺ​ഗ്രസ് എം നിലവിൽ നിർണായക ശക്തിയായിു വളരുകയാണ്. ഇതിന് പിന്നിൽ ജോസ് കെ മാണിയുടെ നിലപാടുകൾ തന്നെയാണ്. പാർട്ടിയെ കേഡർ സംവിധാനത്തിലേക്ക് മാറ്റാനും പാർട്ടി ഭരണഘടന പുതുക്കാനും ഉൾപ്പെടെയുള്ള പദ്ധതികളുമായാണ് ജോസ് കെ മാണി മുന്നോട്ട് പോകുന്നത്.

കേരളത്തിലെ കോൺ​ഗ്രസിന്റെ വലിയ വിമർശകനായി മാറേണ്ട ജോസ് കെ മാണി ഡൽഹിയിൽ രാജ്യസഭാം​ഗമായി എത്തിയാൽ, കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ഭാ​ഗമായി പ്രവർത്തിക്കേണ്ടി വരും. ഇത് രാഷ്ട്രീയമായി കേരള കോൺ​ഗ്രസ് എമ്മിന് ​ഗുണം ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. കോൺ​ഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും മറ്റ് ഇ‌‌‌ടത് പാർട്ടികളിൽ നിന്നുപോലും പ്രവർത്തകർ കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുകയാണ്. ഈ സമയത്ത് ജോസ് കെ മാണി പാർലമെന്ററി രം​ഗത്തേക്ക് ചുവടുമാറ്റുന്നത് പാർട്ടിക്ക് എത്രത്തോളം ​ഗുണം ചെയ്യും എന്ന ആശങ്കയും ചില നേതക്കാൾ പങ്കുവെക്കുന്നു.

ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘൻ പറഞ്ഞു. യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിന് പിന്നാലെ ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചിരുന്നു. കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ബാക്കിയിരിക്കെ ആയിരുന്നു രാജി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയാണ്.

നേരത്തെ എൽജെഡി യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ രാജ്യസഭാ സീറ്റ് രാജിവെച്ചായിരുന്നു വന്നത്. അത് പോലെതന്നെ ആയിരുന്നു ജോസ് കെ മാണിയും എൽഡിഎഫിലെത്തിയത്. രാജിവെച്ച ഒഴിവു മൂലം ഉണ്ടാകുന്ന രാജ്യസഭാ സീറ്റ് അവർക്ക് തന്നെ നൽകുന്ന കീഴ്വഴക്കം എൽജെഡിയോട് സ്വീകരിച്ചിരുന്നു. അതേ മാനദണ്ഡം ജോസ് കെ മാണിയ്ക്കും ബാധകമായിരിക്കുമെന്നാണ് വിവരം. നവംബർ 29നാണ് ഉപതിരഞ്ഞെടുപ്പ്. നടക്കുക.

തിരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പും നടക്കും. നവംബർ 16നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close