KERALANEWS

കേരള കോൺ​ഗ്രസിന് ജനപിന്തുണയില്ലെന്ന് പറഞ്ഞിട്ടില്ല; പി ജെ ജോസഫിനെ അനുനയിപ്പിച്ച് വി ഡി സതീശൻ; യുഡിഎഫിനും ഇനി പുതിയ രീതികളും പ്രവർത്തന ശൈലിയും

തിരുവനന്തപുരം: പി ജെ ജോസഫിനെയും അനുനയിപ്പിച്ച് കോൺ​ഗ്രസ്. കോൺഗ്രസിന്റെ അന്വേഷണ സമിതി കേരള കോൺ​ഗ്രസിനെ വിമർശിച്ച കാര്യം യുഡിഎഫ് യോ​ഗത്തിൽ പി.ജെ.ജോസഫ് ഉയർത്തി. എന്നാൽ, അങ്ങനെ ഒരു വിമർശനവും ഒരു സമിതിയുടെയും റിപ്പോർട്ടിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോ​ഗത്തിൽ വ്യക്തമാക്കുകയായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും തെരഞ്ഞെടുപ്പുതോൽവിക്ക്‌ കാരണക്കാരായെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ട്‌ എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചതും പി ജെ ജോസഫ്‌ പക്ഷത്തിന്‌ ജനപിന്തുണ ഇല്ലെന്നുമുള്ള റിപ്പോർട്ടാണ്‌ സമിതിയുടേത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. മാണി വിഭാഗം യുഡിഎഫ്‌ വിട്ടത്‌ മധ്യകേരളത്തിൽ പരമ്പരാഗത വോട്ട്‌ ചോർത്തിയെന്നും ഇത്‌ തടയാൻ ജോസഫ്‌ പക്ഷത്തിനായില്ലെന്നുമാണ്‌ കെപിസിസി സമിതിയുടെ കണ്ടെത്തൽ എന്നുമായിരുന്നു വാർത്ത. ഇതിൽ കേരള കോൺ​ഗ്രസ് നേതൃത്വത്തിന് അമർഷമുണ്ടായിരുന്നു. എന്നാൽ, പുറത്തുവന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എന്ന് സതീശൻ യോ​ഗത്തെ അറിയിച്ചതോടെ മഞ്ഞുരുകി.

അതേസമയം, മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കും ഘടനാപരമായ മാറ്റങ്ങൾക്കും യുഡിഎഫ് തുടക്കമിട്ടു. പഞ്ചായത്തു തലത്തിൽ യുഡിഎഫിന് ഘടകങ്ങൾ രൂപീകരിക്കാൻ മുന്നണി നേതൃയോഗം തീരുമാനിച്ചു. 6 മാസത്തിനുള്ളിൽ വലിയ മാറ്റം യുഡിഎഫിൽ പ്രതിഫലിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൺവീനർ എം.എം.ഹസനും അറിയിച്ചു. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം സമിതികൾ കൂടാതെയാണ് മണ്ഡലം അല്ലെങ്കിൽ പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സമിതി രൂപീകരിക്കുന്നത്. ഇതും നിയോജകമണ്ഡലം കമ്മിറ്റികളുടെ അഴിച്ചുപണിയും 2 മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

നവംബറിൽ ജില്ലകളിൽ വിളിച്ചു ചേർക്കുന്ന നേതൃസമ്മേളനങ്ങളിൽ പ്രതിപക്ഷ നേതാവ് അടക്കം നേതാക്കൾ പങ്കെടുക്കും. യുഡിഎഫിന്റെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്ന നയരേഖയുടെ അടിസ്ഥാനത്തിൽ ഇവിടെ ചർച്ച നടത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ വിപുലമായ നേതൃസമ്മേളനം നടത്തും. യുഡിഎഫ് ജില്ലാ ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവരുടെ നേതൃയോഗവും ചേരും. തുടർന്ന് സംസ്ഥാനതല കൺവൻഷനും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി വിലയിരുത്താൻ 22ന് മുഴുവൻ സമയ യുഡിഎഫ് നേതൃയോഗം വിളിച്ചു ചേർക്കും.

മുന്നണിയിലെ കക്ഷികൾ തമ്മിലെ ബന്ധം ദൃഢമാക്കുകയാണു ലക്ഷ്യമെന്ന് സതീശൻ വ്യക്തമാക്കി. പഞ്ചായത്തു തൊട്ടു പാർലമെന്റ് വരെ ഏതു ഘടകകക്ഷിയിൽപ്പെട്ടവർ മത്സരിച്ചാലും അവർക്കെതിരെ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ യോഗത്തിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close