KERALANEWS

കേരളം കത്തിക്കണം… വെബ്‌സൈറ്റ് ഹാക്ക് ചെയ്യണം: ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപിതരായി നിയമ ലംഘനങ്ങൾക്ക് ആഹ്വാനം ചെയ്ത വ്‌ളോഗർമാരുടെ 17 ആരാധകർ പിടിയിൽ

ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ പ്രകോപിതരായി നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും, നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അൾട്ടറേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് കഴിഞ്ഞ ദിവസം രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. എന്നാൽ രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്.

വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

വ്‌ളോഗർമാർ തന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നാണ് ഇവർ കണ്ണൂരിലെ ഓഫിസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്. സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നുണ്ടായിരുന്നു.

മറ്റു ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും , ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിനുള്ളിൽ വ്‌ളോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞത്.

ഇതിനിടെ ഓഫിസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റർ യൂട്യൂബർമാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ പരാതിപ്പെട്ടു. ശേഷം തൊട്ടടുത്ത ടൗൺ സ്റ്റേഷനിൽനിന്ന് എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. ലൈവ് വിഡിയോ പുറത്തുവന്നതോടെ കൂടുതൽ പേർ ഇവിടേക്ക് എത്താൻ തുടങ്ങി.

വ്‌ളോഗർമാരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് മർദിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും പൊട്ടിക്കരയുകയും വൈകാരിക രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ടൗൺ സ്റ്റേഷനിൽ എത്തിച്ചതോടെ ആരാധകർ പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ തമ്പടിച്ചു. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കോവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസില്‍ കുടക്കിയെന്ന് വ്‌ലോഗര്‍മര്‍ കോടതിയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടക്കുന്നുണ്ട്.

ഇബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരങ്ങളായ കിളിയന്തറവിളമന നെച്ചിയാട്ട് എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ ഒന്‍പത് നിയമലംഘനങ്ങളാണ് മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത്. വാന്‍ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇബുള്‍ ജെറ്റിന്റെ വാനായ ‘നെപ്പോളിയന്‍’ ഒന്‍പതു നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് മോട്ടര്‍ വാഹന വകുപ്പ് നല്‍കിയ ചെക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എബിന്‍ വര്‍ഗീസിന്റെ പേരിലാണ് വാന്‍. ടാക്‌സ് പൂര്‍ണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കര്‍ ഒട്ടിച്ചു, അപകടകരമായ രീതിയില്‍ വാനിനു പിന്നില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ഒട്ടേറെ ആരാധകര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കല്‍ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസില്‍ കയറ്റിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആര്‍ടി ഓഫിസ് കോംപൗണ്ടില്‍ സൂക്ഷിച്ച ‘നെപ്പോളിയന്‍’ വാന്‍ വൈകിട്ടോടെ എആര്‍ ക്യാംപ് പരിസരത്തേക്കു മാറ്റി.

അതേ സമയം പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close