KERALANEWSTop News

മുഖ്യമന്ത്രിയുടെ ഇടപെടൽ; സർവകലാശാല ഫയലുകൾ വീണ്ടും നോക്കിത്തുടങ്ങി ഗവർണർ; വിവാദങ്ങൾക്ക് താൽകാലിക വിരാമം?

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമം. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയഞ്ഞത്. അദ്ദേഹം വീണ്ടും ചാൻസലറുടെ ചുമതല നിർവഹിച്ചു തുടങ്ങി. പദവി ഒഴിയരുതെന്നും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കി തുടങ്ങിയത്.

കത്ത് അയച്ചതിനു പുറമേ രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിശദീകരിച്ച ശേഷമാണു മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. ആദ്യ മൂന്നു കത്തു ലഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്നു ഗവർണർ അറിയിച്ചിരുന്നു. തുടർന്നാണ് നാലാമത്തെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്റെ കൈവശം കൊടുത്തയയ്ക്കുകയും മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തത്.

വിരമിച്ച അധ്യാപകർക്കു കാലിക്കറ്റ് സർവകലാശാല പ്രഫസർ പദവി നൽകാൻ തീരുമാനിച്ചതു മന്ത്രി ആർ.ബിന്ദുവിന് പ്രഫസർ പദവി നൽകാനാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി സംബന്ധിച്ച ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. അദ്ദേഹം വൈകാതെ അതു പരിശോധിച്ചു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. നിയമ മന്ത്രി പി.രാജീവ് ഇന്നലെ ഗവർണറെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു.

ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ടു കഴിഞ്ഞ മാസം എട്ടാം തീയതിയാണ് മുഖ്യമന്ത്രിക്കു ഗവർണർ കത്തയച്ചത്. തുടർന്ന് സർക്കാരിനെതിരെ പരസ്യ വിമർശനവുമായി അദ്ദേഹം രംഗത്തിറങ്ങി. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കറ്റ് യോഗം ചേരാതെ തള്ളിയത് അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിച്ചു.

നിരസിച്ച കാര്യം വ്യക്തമാക്കി വൈസ് ചാൻസലർ വെള്ളക്കടലാസിൽ കുത്തിക്കുറിച്ചു നൽകിയതും അദ്ദേഹത്തെ ക്ഷുഭിതനാക്കി. കണ്ണൂർ വിസിയുടെ പുനർനിയമനവും സംസ്കൃത സർവകലാശാലാ വിസി നിയമനവും സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്നു സംസ്ഥാനത്തെ 13 സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുകയായിരുന്നു.

അതോടെ ചാൻസലർക്കു സർവകലാശാലകളുടെ ഫയൽ അയയ്ക്കുന്നത് സർക്കാർ നിർത്തി വച്ചു. മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സംഘർഷം അയയുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് വീണ്ടും ഫയൽ അയച്ചു തുടങ്ങിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close