
കൊച്ചി: ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് വിധി പറഞ്ഞ് ഹൈക്കോടതി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ എന്ന വരികളുദ്ധരിച്ച കോടതി, ”ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും” എന്നാണ് പ്രസ്താവിച്ചത്.
ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവരായിരുന്നു ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. കൊല്ലം ഉമയനെല്ലൂർ വില്ലേജിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ പുതുക്കിയ അലൈൻമെന്റിന് എതിരായിരുന്നു ഹൈക്കോടതിയിലെ ഹർജികൾ. ഒരു ആരാധാനാലയം സംരക്ഷിക്കാൻ 2008-ലെ അലൈന്റ്മെന്റ് പുതുക്കിയപ്പോൾ കൂടുതൽ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും വിധി ന്യായത്തിൽ പറയുന്നു. രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അനാവശ്യമായ കാര്യങ്ങളുടെ പേരിൽ ദേശീയ പാത വികസനത്തിനുള്ള സ്ഥമേറ്റെടുപ്പിൽ ഇടപെടാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്. പൊതുതാല്പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വിധിയിൽ വ്യക്തമാക്കി.