KERALANEWSTop News

കൂട്ടിക്കൽ ഉരുൾപൊട്ടൽ; മരിച്ച അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേതെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ; ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനം

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരണപ്പെട്ടെന്ന് സംശയം. ദുരന്തത്തിൽ മരിച്ച അലന്റെ (12) മൃതദേഹത്തിനൊപ്പം ഉള്ള കാല് ഒരു മുതിർന്ന പുരുഷന്റേതാണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. അതിനാൽ ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപെട്ടതായ സംശയമാണിപ്പോൾ ഉയരുന്നത്. ഇത്തരത്തിൽ സംശയം നിലനിൽക്കെ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനമായി.

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പ്ലാപ്പള്ളിയിൽ നിലവിൽ ലിസ്റ്റിൽ ഇല്ലാത്ത മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടോ എന്നാണ് സംശയം ഉയർന്നത്. ഇത് സ്ഥിരീകരിക്കാനും അലന്റെ ശരീരഭാഗത്തിന് വേണ്ടിയും ഇന്നും തിരച്ചിൽ തുടരുമെന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാർ അറിയിച്ചു.

ഉരുൾപ്പൊട്ടലിൽ പ്ലാപ്പള്ളി മേഖലയിൽ നാല് പേരാണ് മരിച്ചതെന്നാണ് നിലവിൽ കണക്കാക്കുന്നത്. സോണിയ (46 ), അലൻ (12), പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്‌നി(50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരിൽ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഈ മേഖലയിൽ കല്ലും മറ്റും വീണ് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്നും ശേഖരിച്ചാണ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി എത്തിച്ചത്. ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് ഡോക്ടർമാരുടെ സംഘം കണ്ടെത്തുന്നത്. എന്നാൽ ഇങ്ങനെ ഒരാളെ കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close