KERALANEWS

കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിട്ടും സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരാജയപ്പെട്ടു; സർക്കാർ പ്രഖ്യാപിച്ച റീബിൽഡ് കേരള നിശ്ചലമായെന്നും കെ സുരേന്ദ്രൻ

കോട്ടയം: സംസ്ഥാനത്ത് ദുരന്ത നിവാരണ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിട്ടും സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. കോട്ടയത്തെ പ്രളയബാധിത മേഖലകൾ സന്ദർശിച്ചതായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

സർക്കാരിന്റെ ദുരന്തനിവാരണ സംവിധാനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നത്. സർക്കാർ പ്രതിനിധികളെ ദുരന്ത മുഖത്ത് കാണാനില്ലെന്നും, ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലെ വീടുകളും കടകളുമെല്ലാം ചെളിയും കല്ലും മണ്ണും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഇവിടെയെല്ലാം സന്നദ്ധ സംഘടനകളാണ് പ്രവർത്തനം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

2018 ലെ പ്രളയ പശ്ചാത്തലത്തിൽ റീ ബിൽഡ് കേരളയെക്കുറിച്ച് വലിയ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. ഇതിൽ സർക്കാരിന്റെ കൈയ്യിൽ വന്നത് 4000 ത്തിലധികം കോടി രൂപയാണ്. അതിൽ പകുതി തുക വിനിയോഗിക്കുകയും ചെയ്തു. പക്ഷെ നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിലൊന്നും പ്രഖ്യാപിച്ച ഒരു കാര്യങ്ങളും സർക്കാരിന് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എന്നും സുരേന്ദ്രൻ ആരോപിച്ചു. റീബിൽഡ് കേരള പൂർണമായി നിശ്ചലമായി എന്നും, നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദുരന്തമുഖത്ത് നിന്ന് മാറി നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close