Breaking NewsKERALANEWSTop News

മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലേക്കും ശക്തി വ്യാപിക്കും; വിശ്വാസികളായ മുസ്ലീങ്ങൾക്കും ഇടതു മുന്നണിയുടെ ഭാ​ഗമാകാനുള്ള പാലമാകും; ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാനായി മുഹമ്മദ് ഇക്ബാലെത്തിയാൽ കേരള കോൺ​ഗ്രസ് എമ്മിന് നേട്ടങ്ങളുടെ പട്ടിക മാത്രം

കോട്ടയം: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി മുഹമ്മദ് ഇക്ബാലിനെ നിയമിക്കാനുള്ള കേരളകോൺഗ്രസ് എം നീക്കത്തിന് പിന്നിൽ നിരവധി ലക്ഷ്യങ്ങൾ. ഇ‌ടത് മുന്നണിയിൽ ഐഎൻഎൽ ഉയർത്തുന്ന നിലവിലുള്ള വിവാദം തണുപ്പിക്കുന്നതിനും അപ്പുറമാണ് കേരള കോൺ​ഗ്രസ് എമ്മിന് മുഹമ്മദ് ഇക്ബാലിലൂടെ നേടാനുള്ള രാഷ്‌ട്രീയ ലക്ഷ്യങ്ങൾ.

മധ്യതിരുവിതാംകൂറിൽ ക്രിസ്ത്യൻ സഭയുടെ പിന്തുണയുള്ള പാർട്ടി എന്നതിനപ്പുറം എല്ലാ മതവിഭാ​ഗങ്ങളെയും ഉൾക്കൊള്ളുന്ന ഇടത് പാർട്ടി എന്ന പ്രതിച്ഛായ വളർത്തുകയും ഇസ്ലാം വിശ്വാസികളായ ആളുകളെ പാർട്ടിയിലേക്ക് അടുപ്പിക്കുകയുമാണ് കേരള കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്. വടക്കൻ കേരളത്തിൽ പാർട്ടിയുടെ വേരുകൾ ശക്തമാക്കാൻ മുഹമ്മദ് ഇക്ബാലിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാനാക്കുന്നതിലൂടെ കഴിയുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാൽ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. നിലവിൽ വടക്കൻ കേരളത്തിൽ നാമമാത്രമായ കേരള കോൺ​ഗ്രസ് എമ്മിന് മുസ്ലീം ജനവിഭാ​ഗത്തിനിടയിൽ ശക്തി വ്യാപിപ്പിക്കാൻ ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ പദവി ഉപകരിക്കും എന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചുമതല ഇരുസമുദായങ്ങൾക്കിടയിൽ തർക്കവിഷയമാകുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നീക്കം.

ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎൽ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.

ആറ് സ്ഥാപനങ്ങളാണ് കേരള കോൺ​ഗ്രസ് എമ്മിന് സിപിഎം നൽകിയിരിക്കുന്നത്. ന്യൂനപക്ഷ കോർപ്പറേഷൻ, നാട്ടകം സിമന്റ്സ്, കുണ്ട‌റ സിറാമിക്സ് എന്നിവയുൾപ്പെടെയാണ് ആറ് ചെയർമാൻ സ്ഥാനങ്ങൾ കേരള കോൺ​ഗ്രസ് എമ്മിന് നൽകിയിട്ടുള്ളത്. തങ്ങൾക്ക് ലഭിച്ച പല സ്ഥാപനങ്ങളും നഷ്ടത്തിലും പൂട്ടലിന്റെ വക്കിലുമാണെന്ന പരാതിയും ഘടകകക്ഷികൾ ഉയർത്തുന്നുണ്ട്.

ഓട്ടോകാസ്റ്റും കിൻഫ്രക്ക് കീഴിലുള്ള ഒരു കോർപ്പറേഷനും ജനതാദൾ എസിന് ലഭിക്കുമ്പോൾ തിരുവനന്തപുരം സ്പിന്നിം​ഗ് മിൽ, കേരള ആ​ഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എന്നിവയാണ് എൽജെഡിക്ക് ലഭിച്ചത്. ഇവ രണ്ടും പ്രതിസന്ധിയിലായ സ്ഥാപനങ്ങളാണ്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെടുകയും പൂട്ടാനൊരുങ്ങുന്ന സ്ഥാപനങ്ങൾ തലയിൽ വെച്ചു തരികയും ചെയ്തതിൽ എൽജെഡിക്കും പ്രതിഷേധമുണ്ട്.

ജനതാദൾ-എസ്, ലോക് താന്ത്രിക് ജനതാദൾ, എൻ.സി.പി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോൺഗ്രസ്-എസ്, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയർമാൻ സ്ഥാനങ്ങളും ലഭിക്കും. ബാക്കിയുള്ള ബഹുഭൂരിപക്ഷം സ്ഥാനങ്ങളും സിപിഎമ്മിനുള്ളതാണ്.

മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിനും ചെയർമാൻ സ്ഥാനങ്ങളില്ല.വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദൾ-എസിനുമാണ് ചെറു കക്ഷികളിൽ കൂടുതൽ ഡയറക്ടർ സ്ഥാനങ്ങൾ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതൽ ആറ് വരെ സ്ഥാനങ്ങൾ ലഭിക്കും.

ന്യൂനപക്ഷത്തിൽ പിണങ്ങി ഐഎൻഎൽ

ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്. ഇതടക്കം ആറ് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്.

ന്യൂനപക്ഷ സ്കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നൽകിയതെന്നാണ് വിവരം. ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്. ഐഎൻഎൽ എതിർപ്പ് മുന്നണിയെ അറിയിച്ചതായാണ് വിവരം.

അതേ സമയം ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നാണ് വാർത്ത പുറത്ത് വന്നതോടെ ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഐഎൻഎല്ലിൽ തർക്കമില്ലെന്നും മുന്നണിയിൽ കൂടുതൽ പാർട്ടികൾ വരുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

”ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോൾ മന്ത്രിസ്ഥാനം തന്നെ നൽകാൻ ഇടത് മുന്നണി തയ്യാറായി. കോർപ്പറേഷൻ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും വിലപേശൽ ഐഎൻഎൽ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്തകളിൽ യാഥാർത്ഥ്യമില്ലെന്ന് അറിയിച്ച അദ്ദേഹം, ചില ആവശ്യങ്ങൾക്ക് വേണ്ടി കോടിയേരിയെ കണ്ടുവെന്നും ചിലതെല്ലാം ഉന്നയിച്ചുവെന്നും വിശദീകരിച്ചു.

നഷ്ടമില്ലാതെ സിപിഐ

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂർത്തിയാകുമ്പോൾ മുന്നണിയിലെ ചെറുകക്ഷികൾക്കാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. അതേസമയം എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കഴിഞ്ഞ തവണ തങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 17 സ്ഥാപനങ്ങളായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. ഇക്കുറി തങ്ങളുടെ കൈവശമുണ്ടായിരുന്ന കൃഷിവകുപ്പിലെ രണ്ട് സ്ഥാപനങ്ങൾ സിപിഎം ഏറ്റെടുത്തിരുന്നു. 15ൽ ഒതുങ്ങണമെന്ന സിപിഎം ആവശ്യം പക്ഷേ സിപിഐ അം​ഗീകരിച്ചില്ല. ഇതോടെ വ്യവസായ വകുപ്പിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ കൂടി വിട്ടുകൊടുത്ത് സിപിഐയെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർ‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close