KERALANEWS

കേരളത്തിന്റെ പൂട്ട്‌ തുറക്കുന്നു, പ്രഖ്യാപനം നാളെ നിയമസഭയില്‍; ഞായറാഴ്‌ച ലോക്‌ഡൗണ്‍ തുടരും, രോഗികളുടെ എണ്ണം നോക്കി ഇനി നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൂട്ട്‌ തുറക്കാന്‍ തീരുമാനമായി. ഇന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്‌ അവലോകന യോഗത്തിലാണ്‌ തീരുമാനം. നാളെ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നാളെ നിയമസഭയില്‍ നടത്തും.

ശനിയാഴ്‌ചത്തെ ലോക്‌ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്‌.ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും നീക്കും.രോഗികളുടെ എണ്ണം നോക്കി ആയിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കാനും തീരുമാനമായിട്ടുണ്ട്‌. ഇളവുകള്‍ സംബന്‌ധിച്ച്‌ ആരോഗ്യമന്ത്രി നാളെ പ്രസ്‌താവന നടത്തും. ചട്ടം 300 പ്രകാരമാണ്‌ പ്രസ്‌താവന നടത്തുക.

അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ തമിഴ്‌നാട്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്‌ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി. യാത്രയ്‌ക്ക്‌ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റും കരുതണം. എന്നാല്‍ കോവിഡ്‌ വാക്‌സിന്‍ രണ്ട്‌ ഡോസും എടുത്ത്‌ പതിനാല്‌ ദിവസം പൂര്‍ത്തി ആയവര്‍ക്ക്‌ ഇളവ്‌ ലഭ്യമാണ്‌. വാക്‌സിന്‍ എടുത്തവര്‍ ആ സര്‍ട്ടിഫിക്കറ്റ്‌ കാട്ടിയാല്‍ മതിയാകും.

വിമാന യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്‌. വിമാനത്താവളത്തിലെത്തുമ്പോള്‍ ശരീര താപനില പരിശോധിക്കും. ഉയര്‍ന്ന താപനിലയുള്ളവരെ റാപ്പിഡ്‌ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക്‌ വിധേയരാക്കും. പതിമൂന്ന്‌ മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്ന പരിശോധന സംവിധാനം ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്‌.

റോഡ്‌മാര്‍ഗം വരുന്നവരെ അതിര്‍ത്തിയില്‍ വാഹനം തടഞ്ഞ്‌ പരിശോധിക്കും. സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ കടത്തിവിടൂ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. കോയമ്പത്തൂരില്‍ മാത്രം പതിമൂന്ന്‌ ഇടങ്ങളിലാണ്‌ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close