Breaking NewsNEWSTop NewsWORLD

ഉത്തര കൊറിയൻ ഭരണാധികാരി മാരക രോ​ഗങ്ങൾക്ക് അടിമയോ; കിം ജോങ് ഉന്നിന്റെ തലക്ക് പിന്നിൽ ഒട്ടിച്ച ബാന്റേജ് ചർച്ചയാകുന്നത് ഇങ്ങനെ

സോൾ: അമിത വണ്ണവും പുകവലിയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ രോ​ഗത്തിന് അടിമയാക്കിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കിമ്മിന്റെ ചില ചിത്രങ്ങളാണ് ഇത്തരം ചർച്ചകൾ വീണ്ടും ചൂടുപിടിപ്പിച്ചത്. തലക്ക് പിന്നിൽ ബാന്റേജ് ഒട്ടിച്ചിരിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ കിമ്മിന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചകൾ ഉയർന്നു.

കൊറിയൻ പീപ്പിൾസ് ആർമിയുടെ ചടങ്ങിൽ പങ്കെടുത്തപ്പോഴാണു കിമ്മിന്റെ തലയിൽ ബാന്റേജ് ഉണ്ടായിരുന്നത്. തലയ്ക്കു പിന്നിൽ വലിയ സ്റ്റാംപ് വലുപ്പത്തിലുള്ള ബാന്റേജ് ഒട്ടിച്ചാണു കിം പ്രത്യക്ഷപ്പെട്ടത്. ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടു. തലയുടെ പിൻഭാഗം ഷേവ് ചെയ്തുള്ള ഹെയർ സ്റ്റൈൽ ആയതിനാൽ കിമ്മിന്റെ ബാന്റേജ് വ്യക്തമായി കാണാമായിരുന്നു. കോവിഡ്, സാമ്പത്തിക പ്രയാസം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളെ കിം എങ്ങനെ നേരിടുമെന്ന ചോദ്യങ്ങൾക്കിടെയാണ് ഈ ചിത്രം വരുന്നത്.

അതിനിടെ, ബാന്റേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്റേജ് ഉണ്ടായിരുന്ന ഭാഗത്തു കടുംപച്ച നിറമായാണു പിന്നീടു കാണുന്നത്. ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും കിമ്മിന് എന്തെങ്കിലും പ്രശ്നമുള്ളതായി ഉത്തര കൊറിയയിൽനിന്നു റിപ്പോർട്ടില്ല. പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിയുന്ന ഉത്തര കൊറിയൻ പരമോന്നത നേതാവ് കിമ്മിന്റെ ആരോഗ്യ കാര്യം വലിയ രഹസ്യമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്വന്തം ക്ഷേമം നോക്കാതെ ജനങ്ങൾക്കായി ജീവിക്കുകയാണു ഭരണാധിപൻമാർ എന്ന പ്രചാരണമാണു കാലങ്ങളായി ഉത്തര കൊറിയ രാജ്യത്തിന് അകത്തും പുറത്തും നടത്തുന്നത്.

ഇതിനുമുൻപു കിമ്മിന്റെ തടി കുറഞ്ഞപ്പോഴും വലിയ ചർച്ച നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണു കിം മെലിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. മേയിൽ ഏറെ ദിവസവും പൊതുചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതിനാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണോ എന്ന നിലയ്ക്കായിരുന്നു ചർച്ച. അമിതവണ്ണവും പുകവലിയും ഉള്ളതിനാൽ കിമ്മിന് അസുഖങ്ങളുണ്ടെന്നാണു റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close