Breaking NewsKERALANEWSTop News

കിറ്റെക്സിന് വേണ്ടി എൽ‍ദോസ് കുന്നപ്പിള്ളി എംഎൽഎയെ ഭീഷണിപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ കത്തിന് പിന്നിലും തിരക്കഥയോ? കത്തയച്ചവനെ കയ്യക്ഷരം വെച്ച് പിടിക്കാൻ പൊലീസ്; സാബു ജേക്കബിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെ കാത്തിരിക്കുന്ന എട്ടിന്റെ പണി

കൊച്ചി: കിറ്റെക്സിനെ കുടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് കത്തയച്ചവൻ കുടുങ്ങും. കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കത്താണ് എംഎൽഎക്ക് ലഭിച്ചത്. കൈപ്പട നോക്കി പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വെങ്ങോലയിലെ ഐ എസ് അം​ഗമാണെന്ന് പരിചയപ്പെടുത്തിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത് എത്തിയത്. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെനന്നാണ് ഭീഷണി. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

കത്തിൽ പി.ടി. തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെതിരെ രൂക്ഷമായ അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കിറ്റെക്സിനെതിരായ നീക്കത്തിന്റെ ഭാ​ഗമാണ് ഈ ഭീഷണിക്കത്ത് എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന ആരോപണമുയർത്തി കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎൽഎമാർ രം​ഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളി, പി.ടി.തോമസ്, പി.വി.ശ്രീനിജൻ, എന്നിവരാണ് കിറ്റെക്സിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.. എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നൽകുന്ന വിശദമായ റിപ്പോർട്ടിനുശേഷം തുടർനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വന്ന ഭീഷണിക്കത്തിന്റെ വിശ്വാസ്യതയാണ് ഒരു വിഭാ​ഗം ചോദ്യം ചെയ്യുന്നത്.

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സാബു ജേക്കബിന്റെ ട്വന്റി 20 എന്ന പാർട്ടി എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഉയർത്തിയത് വലിയ വെല്ലുവിളി ആയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കിറ്റെക്സ് സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങിയത്. ഇതിന് പിന്നാലെ, സംസ്ഥാന സർക്കാരുമായി ചേർന്ന് ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയായിരുന്നു സാബു ജേക്കബ്. തുടർന്ന് രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങൾ കിറ്റെക്സിനെ ക്ഷണിച്ചു. ഇതിന് ശേഷം തെലങ്കാനയിൽ നിക്ഷേപം നടത്താൻ കിറ്റെക്സ് തീരുമാനിക്കുകയായിരുന്നു.

വ്യവസായി എന്ന നിലയിൽ സാബു ജേക്കബ് ഒതുങ്ങി നിന്നിരുന്നെങ്കിൽ അദ്ദേഹത്തെ വേട്ടയാടാൻ എൽഡിഎഫും യുഡിഎഫും തയ്യാറാകുമായിരുന്നില്ല. എന്നാൽ, സാബു ജേക്കബ് സാമൂഹിക പ്രവർത്തനത്തിലേക്കും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിലേക്കും തിരിഞ്ഞതോടെയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി സാബു ജേക്കബും കിറ്റെക്സും മാറുന്നത്. എന്നാൽ, മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റവും യോജിക്കുക സാബു ജേക്കബിനായിരുന്നു. മറ്റ് പാർട്ടികൾ തങ്ങളുടെ സ്വപ്നങ്ങൾ വിറ്റ് വോട്ട് നേടുമ്പോൾ, സാബു ജേക്കബ് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും എങ്ങനെ ഉറപ്പാക്കാമെന്ന് പ്രാവർത്തികമാക്കിയാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്. അതിനായി ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും അദ്ദേഹം രൂപം കൊടുത്തു.

ഒരുപക്ഷേ ​ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയുക സാബു ജേക്കബിനും ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിക്കുമാകും. ​ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് സാബു ജേക്കബ് ആരംഭിച്ചത്. അത് ആദ്യമായി പ്രാവർത്തികമാക്കിയതാകട്ടെ സ്വന്തം സ്ഥലമായ കിഴക്കമ്പലത്തും. കിഴക്കമ്പലത്തെ വികസന പദ്ധതികൾ സംസ്ഥാനത്താകമാനം ശ്രദ്ധനേടിയതോടെ സമീപ പഞ്ചായത്തുകളിലേക്കും ട്വന്റി 20 വ്യാപിച്ചു. ഇതോടെ സാബു ജേക്കബിന്റെ പാർട്ടിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർത്തു. എന്നിട്ടും ജനങ്ങൾ സാബു ജേക്കബിനും ട്വന്റി 20ക്കും ഒപ്പമായിരുന്നു.

ട്വന്റി 20

എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968 ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി ട്വന്റി. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.

2015 നവംബർ വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ച ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ മാറി മാറി വന്ന രാഷ്ട്രീയ പ്രതിനിധികൾ തങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ലാതെ ആനുകൂല്യങ്ങളോ സഹായങ്ങളോ വേണ്ട രീതിയിൽ എത്തിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തി. രണ്ട് വാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച ട്വന്റി ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു.

അവശ്യ സാധനങ്ങൽക്ക് വിലകുറച്ചു നൽകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്, റോഡുകൾ ഉയർന്ന നിലവാരത്തിലേക്ക് മാറി, ലക്ഷം വീട് കോളനികൾ ഇല്ലാതാക്കി പകരം വില്ലകൾ നിർമ്മിച്ച് നൽകി, സ്വയം തൊഴിൽ പദ്ധതികൾ, പഠന സഹായം അങ്ങനെ നിരവധി വികസന പ്രവർത്തനങ്ങളാണ് ട്വന്റി ട്വന്റിയും കിഴക്കമ്പലം പഞ്ചായത്തും ഒന്നു ചേർന്ന് നടപ്പിലാക്കിയത്.

കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ അത്ഭുതം സൃഷ്ടിച്ച് ഭരണം നേടിയ ട്വന്റി ട്വന്റി ശ്രദ്ധേയ പ്രകടനവുമായി 2020ൽ ഏവരേയും ഞെട്ടിച്ചു. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെ ഭരണമാണ് അവർ ഇത്തവണ പിടിച്ചത്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികൾ ഒരുമിച്ച് മത്സരിക്കുകപോലും ചെയ്തിട്ടും കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയെ ഒന്നും ചെയ്യനായില്ലെന്നത് സിപിഎമ്മിനെ തെല്ലൊന്നുമല്ല വിളറി പിടിപ്പിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷ രഹിത ഭരണസമിതിയായാണ് ട്വന്റി 20 അധികാരം നേടിയത്. കുന്നത്തുനാട്, മുഴുവന്നൂർ പഞ്ചായത്തുകളിലും ട്വന്റി ട്വന്റി ഭൂരിപക്ഷം നേടിയിരുന്നു.

എട്ടു സീറ്റുകളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിച്ചത്. വിജയിക്കാനായില്ലെങ്കിലും ഇടത് – വലത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ് ഈ മണ്ഡലങ്ങളിൽ ട്വന്റി – 20 സ്ഥാനാർത്ഥികൾ ഉയർത്തിയത്. എറണാകുളം ജില്ലയിൽ മൽസരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി. കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. എന്നാൽ, ട്വന്റി 20 യുടെ വളർച്ച ഇനിയും തടഞ്ഞില്ലെങ്കിൽ‌ തങ്ങൾക്ക് ഭാവിയിൽ വലിയ ഭീഷണിയാകും പാർട്ടി ഉയർത്തുക എന്ന തിരിച്ചറിവിലാണ് സിപിഎം. അതിന്റെ ഭാ​ഗമായാണ് കിറ്റെക്സിൽ നടക്കുന്ന റെയ്ഡുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close