Breaking News

കേരളം വിട്ടതോടെ കിറ്റെക്സിന് കുതിച്ചു ചാട്ടം; ഓഹരി വിലയിൽ ഒറ്റ ദിവസം കൊണ്ട് 10 ശതമാനത്തിന്റെ വളർച്ച; വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരവും

ഓഹരി വിപണിയിൽ കിറ്റെക്സിന് കുതിപ്പ്. കിറ്റെക്സിന്റെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. കിറ്റക്‌സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഓഹരികളിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ 9.30ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി കമ്പനിയുടെ 2,10,000 ഓഹരികളുടെ ഇടപാടാണ് നടന്നത്.

രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്‌സ് അറിയിച്ചിരുന്നു. ഇതോടെ പദ്ധതിക്ക് തെലങ്കാന സർക്കാർ അം​ഗീകാരം നൽകുകയായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില ‘അപ്പർ സർക്യൂട്ട്’ ഭേദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും.

മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്‌സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭംനേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഇത്രവലിയ തിരിച്ചടി നൽകിയ ഒരു വ്യവസായിയോ രാഷ്ട്രീയ നേതാവോ ഉണ്ടാകില്ല. സംസ്ഥാനത്ത് പുത്തൻ വ്യവസായ രീതികളും പുത്തൻ രാഷ്ട്രീയ സംവിധാനങ്ങളും കൊണ്ടുവന്ന സാബു ജേക്കബിനെ തളയ്ക്കാൻ പിണറായി വിജയനും സഖാക്കളും ഒരിക്കലും കരുതിയിരുന്നില്ല തങ്ങൾ പിടിക്കുന്നത് പുലിവാലിലാണെന്ന്.

കേരളത്തിൽ ഒരു വ്യവസായം തുടങ്ങണമെങ്കിലും അത് നിലനിൽക്കണമെങ്കിലും ലോക്കൽ കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള സിപിഎം നേതാക്കൾക്ക് പാദസേവ ചെയ്യണം എന്ന സാഹചര്യം പണ്ടുമുതലേ നിലവിലുണ്ട്. അതിന് തയ്യാറാകാത്തവന് ഒരുമുഴം കയറിലോ ഒരു തുള്ളി വിഷത്തിലോ തങ്ങളുടെ ജീവൻ അവസാനിപ്പിക്കുകയോ അതുമല്ലെങ്കിൽ വ്യവസായ സ്ഥാപനം പൂട്ടി വീട്ടിലിരിക്കുകയോ ചെയ്യാം. എന്നാൽ, ഈ രണ്ട് മാർ​ഗങ്ങളുമല്ല സാബു ജേക്കബ് തിരഞ്ഞെടുത്തത്. നിവർന്നു നിന്ന് സിപിഎമ്മിന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചു. താൻ നല്ല സംരംഭകനാണെന്ന ആത്മവിശ്വാസമാണ് സാബു ജേക്കബ് എന്ന കിറ്റെക്സ് മേധാവിക്ക് അതിന് കരുത്ത് നൽകിയത്. അതോടെ പതറിപ്പോയത് സിപിഎമ്മും സംസ്ഥാന സർക്കാരുമായിരുന്നു.

വ്യവസായി എന്ന നിലയിൽ സാബു ജേക്കബ് ഒതുങ്ങി നിന്നിരുന്നെങ്കിൽ അദ്ദേഹത്തെ വേട്ടയാടാൻ എൽഡിഎഫും യുഡിഎഫും തയ്യാറാകുമായിരുന്നില്ല. എന്നാൽ, സാബു ജേക്കബ് സാമൂഹിക പ്രവർത്തനത്തിലേക്കും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിലേക്കും തിരിഞ്ഞതോടെയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി സാബു ജേക്കബും കിറ്റെക്സും മാറുന്നത്. എന്നാൽ, മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റവും യോജിക്കുക സാബു ജേക്കബിനായിരുന്നു. മറ്റ് പാർട്ടികൾ തങ്ങളുടെ സ്വപ്നങ്ങൾ വിറ്റ് വോട്ട് നേടുമ്പോൾ, സാബു ജേക്കബ് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും എങ്ങനെ ഉറപ്പാക്കാമെന്ന് പ്രാവർത്തികമാക്കിയാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്. അതിനായി ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും അദ്ദേഹം രൂപം കൊടുത്തു.

ഒരുപക്ഷേ ​ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയുക സാബു ജേക്കബിനും ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിക്കുമാകും. ​ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് സാബു ജേക്കബ് ആരംഭിച്ചത്. അത് ആദ്യമായി പ്രാവർത്തികമാക്കിയതാകട്ടെ സ്വന്തം സ്ഥലമായ കിഴക്കമ്പലത്തും. കിഴക്കമ്പലത്തെ വികസന പദ്ധതികൾ സംസ്ഥാനത്താകമാനം ശ്രദ്ധനേടിയതോടെ സമീപ പഞ്ചായത്തുകളിലേക്കും ട്വന്റി 20 വ്യാപിച്ചു. ഇതോടെ സാബു ജേക്കബിന്റെ പാർട്ടിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർത്തു. എന്നിട്ടും ജനങ്ങൾ സാബു ജേക്കബിനും ട്വന്റി 20ക്കും ഒപ്പമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close