Breaking NewsKERALANEWSTop News

ആയിരം കോടി രൂപയുടെ നിക്ഷേപത്തിന് പോയ കിറ്റെക്സ് തെലങ്കാനയിൽ ഇതുവരെ പ്രഖ്യാപിച്ചത് 2400 കോടി രൂപയുടെ പദ്ധതികൾ; ഇടതു സർക്കാരിന്റെ പ്രതികാര ബുദ്ധി കേരളത്തിന് നഷ്ടമാക്കിയത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ

ഹൈദരാബാദ്: തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപത്തിന് പോയ കിറ്റെക്സ് ​ഗ്രൂപ്പ് ഇതുവരെ പ്രഖ്യാപിച്ചത് 2400 കോടി രൂപയുടെ പദ്ധതികൾ. വാറങ്കലിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലും രംഗറെഡ്ഡി ജില്ലയിലെ സീതാറാംപുരിലും ആരംഭിക്കുന്ന പദ്ധതികളുടെ പ്രവർത്തനം മൂന്നു മാസത്തിനകം തുടങ്ങും. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കുന്നതാണ് ഈ ക്ലസ്റ്ററുകള്‍.

1000 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്താനായിരുന്നു കിറ്റെക്സ് ആദ്യം തീരുമാനിച്ചിരുന്നത്. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കാനും. എന്നാല്‍ പിന്നീട് നിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2400 കോടിയുടെ നിക്ഷേപമാണ് നടത്താന്‍ പോകുന്നത്. 22,000 പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. തൊഴിലവസരം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് പ്രധാന്യം നല്‍കണമെന്ന് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശീയര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച ഉറപ്പം തെലങ്കാന വ്യവസായ മന്ത്രി കിറ്റെക്‌സിന് നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവുവാണ് തന്നെ വിശ്വാസത്തിലെടുത്തതെന്ന് ധാരണാപത്രം ഒപ്പുവച്ചശേഷം സാബു എം ജേക്കബ് പറഞ്ഞു. തന്നില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തെലങ്കാന വ്യവസായ മന്ത്രിയോട് ചോദിച്ചു. നിക്ഷേപമോ തൊഴിലവസരങ്ങളോ എന്ന് ആരാഞ്ഞു. തൊഴിലവസരങ്ങള്‍ ആണെന്ന് സെക്കന്‍ഡുകള്‍ക്കകം അദ്ദേഹം മറുപടി നല്‍കി. സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതത വ്യക്തമാക്കുന്നതായിരുന്നു മറുപടി. അതാണ് തന്നെ സ്വാധീനിച്ചത്.

കിറ്റെക്‌സ് കേരളം വിടുന്നുവെന്ന വാര്‍ത്ത പത്രത്തില്‍നിന്നാണ് അറിഞ്ഞതെന്ന് തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവു വ്യക്തമാക്കി. 3500 കോടിയുടെ നിക്ഷേപം മറ്റെവിടെയെങ്കിലും നടത്താന്‍ കിറ്റെക്‌സ് ഉദ്ദേശിക്കുന്നുവെന്ന് അറിഞ്ഞു. മാധ്യമ റിപ്പോര്‍ട്ടിന്റെ ഫോട്ടോ എടുത്ത് ഉടന്‍തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന് അയച്ചു. സാബു ജേക്കബുമായി ബന്ധപ്പെടാനും തനിക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഒരു തിങ്കളാഴ്ച ആയിരുന്നു അത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹവുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായി പ്രതികരിക്കാന്‍ ആദ്യം അദ്ദേഹം തയ്യാറായില്ല. ചൊവ്വാഴ്ച അദ്ദേഹവുമായി കോണ്‍ഫറന്‍സ് കോള്‍ നടത്തി. തെലങ്കാനയുടെ പ്രത്യേകതകള്‍ വിവരിച്ചു.

വ്യവസായസൗഹൃദ അന്തരീക്ഷം അടക്കമുള്ളവ വിശദീകരിച്ചു. ഹൈദരാബാദിലേക്ക് വന്ന് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, കോവിഡ് കാരണം നേരിട്ട് വരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹത്തിനുവേണ്ടി പ്രത്യേക വിമാനം അയയ്ക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. പക്ഷെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് മാത്രമെ മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാവൂ എന്ന് സാബു ജേക്കബിനോട് നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെ സാബു എത്തി. അദ്ദേഹം വാറങ്കല്‍ സന്ദര്‍ശിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം 1000 കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ജൂണില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കഠിനാധ്വാനം നടത്തി സാബുവിന് ആത്മവിശ്വാസം പകര്‍ന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം സീതാറാംപുര്‍ സന്ദര്‍ശിച്ചു. നിക്ഷേപത്തിന് തയ്യറാണെന്ന് അറിയിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം തെലങ്കാനയിലെ രണ്ട് സ്ഥലങ്ങളില്‍ നടത്താന്‍ പോകുന്നത്. തെലങ്കാനയിലെ 22000 തദ്ദേശീയര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 85 – 90 ശതമാനം സ്ത്രീ തൊഴിലാളികളാണ് ഉള്ളത് എന്നകാര്യം ശ്രദ്ധേയമാണ്. 18,000 പേര്‍ക്കാണ് പരോക്ഷമായി തൊഴിലവസരം ലഭിക്കാന്‍ പോകുന്നതെന്നും വ്യവസായമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ​ഗ്രൂപ്പ് കേരളത്തിന് വെളിയിലേക്ക് തങ്ങളുടെ വ്യവസായം മാറ്റിയത്. കിറ്റക്സ് കമ്പനിയിലെ തുടർച്ചയായ ഉദ്യോഗസ്ഥ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്.

അതിനിടെ, കിറ്റെക്സിനെ കുടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് അയച്ച ഭീഷണി കത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കത്തയച്ചവൻ കുടുങ്ങുമെന്നാണ് റിപ്പോർട്ട്. കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കത്താണ് എംഎൽഎക്ക് ലഭിച്ചത്. കൈപ്പട നോക്കി പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വെങ്ങോലയിലെ ഐ എസ് അം​ഗമാണെന്ന് പരിചയപ്പെടുത്തിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത് എത്തിയത്. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെനന്നാണ് ഭീഷണി. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

കത്തിൽ പി.ടി. തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കെതിരെ രൂക്ഷമായ അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തിൽ അവകാശപ്പെടുന്നു. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കിറ്റെക്സിനെതിരായ നീക്കത്തിന്റെ ഭാ​ഗമാണ് ഈ ഭീഷണിക്കത്ത് എന്ന നിലയിലാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന ആരോപണമുയർത്തി കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎൽഎമാർ രം​ഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളി, പി.ടി.തോമസ്, പി.വി.ശ്രീനിജൻ, എന്നിവരാണ് കിറ്റെക്സിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.. എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നൽകുന്ന വിശദമായ റിപ്പോർട്ടിനുശേഷം തുടർനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വന്ന ഭീഷണിക്കത്തിന്റെ വിശ്വാസ്യതയാണ് ഒരു വിഭാ​ഗം ചോദ്യം ചെയ്യുന്നത്.

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സാബു ജേക്കബിന്റെ ട്വന്റി 20 എന്ന പാർട്ടി എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഉയർത്തിയത് വലിയ വെല്ലുവിളി ആയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കിറ്റെക്സ് സ്ഥാപനങ്ങളിൽ പരിശോധന തുടങ്ങിയത്. ഇതിന് പിന്നാലെ, സംസ്ഥാന സർക്കാരുമായി ചേർന്ന് ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയായിരുന്നു സാബു ജേക്കബ്. തുടർന്ന് രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങൾ കിറ്റെക്സിനെ ക്ഷണിച്ചു. ഇതിന് ശേഷം തെലങ്കാനയിൽ നിക്ഷേപം നടത്താൻ കിറ്റെക്സ് തീരുമാനിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close