NEWSTravel

കോവിഡിന്റെ ചൂട് കുറഞ്ഞതോടെ ടൂറിസം മേഖല സജീവമായിതുടങ്ങി; അറിയാം മൂന്നാറിലെ വിശേഷങ്ങൾ

മൂന്നാര്‍: കോവിഡിന്റെ ചൂട് ആറിതുടങ്ങയതോടെ ടൂറിസം മേഖലയും സജീവമായിതുടങ്ങിയിരിക്കുന്നു. അതിന് ഉദാഹരണമാണ് മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് തുടങ്ങിയത്. അടച്ചുപൂട്ടിയിട്ടവ പൂര്‍ണമായി ഇളവ് വരുത്തി തുറന്നതോടെ മൂന്നാറിലെ വിവിധ വിനോദകേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ്.

ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരാണ് കൂടുതലും. സഞ്ചാരികളുടെ വരവ് കൂടിയതോടെ വട്ടവടയില്‍ മണിക്കൂറുകളോളം വരുന്ന ഗതാഗതക്കുരുക്കുകലളാണ് ഉണ്ടാവുന്നത്. ടോപ് സ്റ്റേഷന്‍ വ്യൂ പോയിന്റ്, വട്ടവടയ്ക്ക് സമീപമുള്ള കീഴാന്തൂര്‍ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളാണ് കൂടുതൽ പേരും സന്ദർശിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് കുടുതൻ തിരക്ക് അനുഭവപ്പെടുന്നത്. എത്തുന്നവരിൽ ഭൂരിപകഷവും സംസ്ഥാനത്തിനകത്തുള്ളവരാണ്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ടൂറിസം മേഖല സഞ്ചാരികളുടെ വരവോടെ ഉണർന്നു. റിസോര്‍ട്ടുകളിലും കോട്ടേജ്, ഹോംസ്റ്റേ എന്നിവിടങ്ങളിലും പതിയെ ജീവന്‍ വച്ചുതുടങ്ങി. ടൂറിസത്തെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല തുടങ്ങിയ വിനോദകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകം കച്ചവടക്കാര്‍ക്കും സഞ്ചാരികളുടെ വരവോടെ ആശ്വാസമായി.

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മൂന്നാറിൻ തണുപ്പ് പറ്റാൻ സ‍‍‍ഞ്ചാരികൾ എത്താറുണ്ട്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. നിരവധി സമരങ്ങൾക്കും വിപ്ലവങ്ങൾക്കും സാക്ഷ്യം വഹിച്ച മണ്ണ്. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റര്‍, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന്‌ യോജിച്ചതാണ്.

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. 97 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് അപൂർവ്വങ്ങളായ നിരവധി ചിത്രശലഭങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്നു. ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് പാർക്ക്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. നീലക്കുറഞ്ഞി പുത്തുലഞ്ഞാൽ ഇവടമാകെ നീല പുതച്ച് കിടക്കും. 2030-ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

അപൂർവ​ഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ മറ്റൊരു സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃ​ഗങ്ങളെയും കാണാം.

ആനമുടി

ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് “ആനമുടി”. ഇരവികുളം ദേശീയ ഉദ്യാനത്തിനകത്താണ് ആന മുടി സ്ഥിതി ചെയ്യുന്നത്. 2700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ട്രെക്കിങ്ങിനു പറ്റിയ കിടിലൻ സ്പോട്ടാണ് ആനമുടി. ഇവിടെ ട്രെക്കിങ് അനുവദിക്കുന്നത് എരവികുളം വനം വന്യജീവി അധികൃതരുടെയും അനുമതിയോടെയാണ്.

മാട്ടുപ്പെട്ടി

മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. മാട്ടുപ്പെട്ടി സന്ദർശകർക്ക് പ്രധാന ആകർഷണകേന്ദ്രമാണ്. മൂന്നാറിനടുത്തുള്ള ഏറ്റവും തിരക്കേറിയ വിനോദകേന്ദ്രം കൂടിയാണ് മാട്ടുപ്പെട്ടി. കുടുംബമായെത്തുന്നവര്‍ക്ക് വൈകുന്നേരങ്ങളും പ്രഭാതങ്ങളും ചെലവഴിക്കാന്‍ പറ്റിയ സ്ഥലം. മാട്ടുപ്പെട്ടിക്കു ചുറ്റുമുള്ള തേയിലത്തോട്ടങ്ങളും, സ്വാഭാവിക വനങ്ങളും സാഹസിക നടത്തത്തിനും യോജിച്ചതാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഡാമും മനോഹരമായ തടാകവും അതിലെ ബോട്ട് സവാരിയും സന്ദർശകർക്ക് ചുറ്റുപാടുമുള്ള മലനിരകളും പുൽമേടുകളും ആസ്വദിക്കാൻ അവസരമൊരുക്കുന്നു. ഇൻഡോ-സ്വിസ് ലൈവ് സ്റ്റോക്ക് പ്രോജക്ട് നടപ്പിലാക്കുന്ന മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിൽ ഉല്പാദന ശേഷി കൂടിയ വ്യത്യസ്ത ഇനം പശുക്കള കാണാൻ സാധിക്കും.

പള്ളിവാസൽ

മൂന്നാറിൽ നിന്നും 9 കിലോമീറ്റർ മാറിയാണ് പള്ളിവാസൽ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയുടെ വേദിയാണ് മൂന്നാറിലെ ചിത്തിരപുരത്തിനടുത്തുള്ള പള്ളിവാസൽ. പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം സന്ദർശകകർക്ക് പ്രിയപ്പെട്ട പിക്നിക് കേന്ദ്രമാണ്.

ചിന്നക്കനാലും ആനയിറങ്കലും

പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം മൂന്നാർ ടൗണിന് സമീപത്താണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീ. ഉയരമുള്ള കുത്തനെയുള്ള പാറക്കൂട്ടത്തിൽ നിന്ന് നിപതിക്കുന്ന ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചിന്നക്കനാൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്താം. തേയിലത്തോട്ടങ്ങളുടെ പച്ച പുതച്ചുകിടക്കുന്ന സ്ഥലമാണ് മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ മൂന്നാർ-കുമളി റൂട്ടിലുള്ള ആനയിറങ്കൽ ജലാശയം. മനോഹരമായ റിസർവോയറിലേക്കുള്ള യാത്ര ഒരു അവിസ്മരണീയമായ അനുഭവമാണ്. ആനയിറങ്കൽ അണക്കെട്ട് തേയിലത്തോട്ടങ്ങളാലും നിത്യഹരിത വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.

ടോപ്പ് സ്റ്റേഷൻ

മൂന്നാറിൽ നിന്നും 32 കിലോമീറ്റർ അകലെ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാർ-കൊടൈക്കനാൽ റോഡിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് ഇത്. മൂന്നാറിലെത്തുന്ന സന്ദർശകർ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ ദൃശ്യം ആസ്വദിക്കാൻ ടോപ്പ് സ്റ്റേഷൻ സന്ദർശിക്കാറുണ്ട്. 12 വർഷത്തിലൊരിക്കൽ നീലകുറിഞ്ഞി പൂവിടുമ്പോൾ അത് ആസ്വദിക്കാനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇത്.

ടീ മ്യൂസിയം

തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് മൂന്നാറിന് സ്വന്തമായി ഒരു പാരമ്പര്യമുണ്ട്. തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും വളർച്ചയും സംബന്ധിച്ച ചില മികച്ചതും രസകരവുമായ വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ഏതാനും വർഷങ്ങൾക്കു മുമ്പ് മൂന്നാറിലെ ടാറ്റ ടീ ആരംഭിച്ചു. ഈ ചായ മ്യൂസിയത്തിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് മനസ്സിലാക്കാനുതകുന്ന ശില്പങ്ങൾ, ചിത്രങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. മൂന്നാറിലെ ടാറ്റ ടീയിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close