KERALANEWSTop News

കൊച്ചി വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ വേട്ട; കണ്ടാല്‍ കുന്തിരിക്കം പോലെ: അന്താരാഷ്ട്ര വിപണിയില്‍ കോടികൾ വിലമതിക്കുന്നത്

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഹെറോയിന്‍ കണ്ടാല്‍ കുന്തിരിക്കം പോലെ. ഖര രൂപത്തില്‍ കണ്ടെത്തിയ ഹെറോയിന്റെ വില കോടികളാണ്. ഒരു ഗ്രാം ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ 64,000 രൂപയാണ് വില. അഫ്ഗാനിസ്താനില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഹെറോയിന്‍ എത്തുന്നത്. ഇറാന്‍ വഴിയും സൗത്ത് ആഫ്രിക്ക വഴിയും ഇന്ത്യയിലേക്ക് അഫ്ഗാന്‍ നിര്‍മിത ഹെറോയിന്‍ എത്തുന്നുണ്ട്.

കൂടാതെ പാകിസ്താനില്‍ നിന്ന് പഞ്ചാബ്, ജമ്മുകശ്മീര്‍ അതിര്‍ത്തികള്‍ വഴിയും എത്തുന്നു. ദുബൈയില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. 4.5 കിലോ ഹെറോയിന്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നെന്ന് ഡി ആര്‍ ഐ അറിയിച്ചു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റം വിദേശത്താണ് നടത്തുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ഹെറോയിന്‍ കടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെറോയിന്‍ പിടികൂടിയിട്ടുണ്ട്. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നത്. ഡല്‍ഹി സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

കൊച്ചിയില്‍ പിടികൂടിയ ഹെറോയിനും ഡല്‍ഹിയിലേക്കായി കൊണ്ടുവന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അധികവും മയക്കുമരുന്നുമായി എത്തുന്നത്. ഇവര്‍ക്ക് താരതമ്യേന തുച്ഛമായ പ്രതിഫലം നല്‍കിയാല്‍ മതിയാകും. ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് ഈ സംഘം ഇന്ത്യയിലേക്ക് മയക്കുമരുന്നുമായി എത്തുന്നത്. പോപ്പി ചെടിയുടെ സത്തായ മോര്‍ഫിന്‍ സംസ്‌കരിച്ചാണ് വിവിധ രൂപത്തില്‍ ഹെറോയിന്‍ നിര്‍മിക്കുന്നത്. ഇത് കൂടുതലായി നടക്കുന്നത് അഫ്ഗാനിസ്താനിലാണ്. അവിടെ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹെറോയിന്‍ എത്തുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close