KERALANEWS

‘കൊടിക്കുന്നിൽ സുരേഷിന് വരവിൽ കവിഞ്ഞ സ്വത്ത്’; കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകൾ ഇ ഡി അന്വേഷിക്കണമെന്ന് രതികുമാർ

കൊല്ലം: കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും അദ്ദേഹത്തിന്റെ ബിനാമി ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നും രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ.

മൂന്നരപ്പതിറ്റാണ്ടായി മറ്റൊരു പിന്നോക്കക്കാരൻ പാർട്ടി നേതൃത്വത്തിലേക്ക് വരാൻ അനുവദിക്കാത്ത കൊടിക്കുന്നിൽ ഏറ്റവും വലിയ ദളിത് വിരുദ്ധനാണ്. ജനാധിപത്യം നഷ്ടപ്പെട്ട കോൺഗ്രസ് അടിമ-ഉടമ പാർട്ടിയായി. പോളയത്തോട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രതികുമാർ.

ചെറ്റക്കുടിലിലെ മാണിക്യമായി കൊടിക്കുന്നിലിനെ അവതരിപ്പിച്ച്‌ 1989ൽ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ച ചിത്രം ആരും മറന്നിട്ടില്ല. എന്നാൽ, ഇപ്പോൾ രാജ്യത്തെ വലിയ സമ്പന്നരുടെ പട്ടികയിലേക്ക് കൊടിക്കുന്നിൽ വളർന്നു. എംപിയായ ശേഷമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. ബാർ, പെട്രോൾ പമ്പ്, റിയൽ എസ്റ്റേറ്റ്, ബംഗളൂരുവിലെ ബിസിനസ് തുടങ്ങി ബിനാമി ഇടപാടുകൾ നിരവധിയുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കൊടിക്കുന്നിലിനെതിരെ തെളിവുസഹിതം കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകും. കോൺഗ്രസിന് മതേതരത്വം നഷ്ടപ്പെട്ടെന്നും രതികുമാർ പറഞ്ഞു.

കേരളത്തിൽ സംഘപരിവാർ ബന്ധമുള്ളവരെ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിയമിച്ചത്. പദവി കിട്ടിയില്ലെങ്കിൽ സംഘപരിവാറിലേക്ക് പോകുമെന്നു പറഞ്ഞ് ഹൈക്കമാൻഡിനെ മുൾമുനയിൽ നിർത്തിയ ആളാണ് കെ സുധാകരൻ. ഏകാധിപത്യം കോൺഗ്രസിനെ പൂർണമായി തകർക്കും. രണ്ടും അതിലധികവും പദവി കൈവശം വച്ചിരിക്കുന്നവരാണ് കോൺഗ്രസിൽ ഇരട്ടപ്പദവി പാടില്ലെന്ന് പറയുന്നത്. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവർ ഇപ്പോൾ വഹിക്കുന്നത് ഇരട്ടപ്പദവിയല്ലേ എന്നും രതികുമാർ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close