INSIGHTKERALANEWSTrending

കോടിയേരി ബാലകൃഷ്ണൻ വീണ്ടും അധികാരം ഏൽക്കുമ്പോഴും എം എ ബേബിക്ക് അവ​ഗണന തന്നെ; വി എസിന്റെ പഴയ വിശ്വസ്തനെ സംസ്ഥാനത്തെ സംഘടനയിൽ തൊടീക്കാതെ കണ്ണൂർ ലോബി; സിപിഎമ്മിലെ വിഭാ​ഗീയത ഒരു നേതാവിന് തീരാശാപമായത് ഇങ്ങനെ

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നത്. അസുഖ ബാധിതനായി പാർട്ടി വിട്ടു നിന്നിരുന്നെങ്കിലും അക്കാലയളവിൽ പോലും എം എ ബേബിയ്ക്ക് സംസ്ഥാനത്ത് പാർട്ടിയിൽ ഒരു അധികാരവും നൽകിയിരുന്നില്ല. ഈ ഒരു അകൽച്ച പണ്ടും എം എ ബേബിയോട് പാർട്ടി കാണിച്ചിരുന്നു. തിരുവനന്തപുരത്ത് 1988-ൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായതാണ് ബേബി. എത്രയോ വൈകിയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. പക്ഷേ, പിണറായിയും കോടിയേരിയും പി.ബി.യിലെത്തിക്കഴിഞ്ഞിട്ടേ ബേബിയുടെ ഊഴമെത്തിയുള്ളൂ.

അന്ന് ബേബിയോട് കാണിച്ച പാർട്ടി സമീപനം തന്നെയാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവും അതിലുപരി വി എസിന്റെ വിശ്വസ്തനുമായ ബേബിയ്ക്ക് പാർട്ടിയെ നയിക്കാനുള്ള കഴിവിൽ ഇതുവരെ ആർക്കും വിശ്വാസം ആയില്ല എന്ന് വേണം പറയാൻ. ബേബിയേക്കാൾ പ്രവർത്തന പാരമ്പര്യം കുറഞ്ഞ വിജയരാഘവനാണ് കോടിയേരി മാറി നിന്നപ്പോൾ ആക്ടിംഗ് സെക്രട്ടറിയുടെ ചുമതലയ്ക്ക് നറുക്ക് വീണത്. അപ്പോൾ പോലും എവിടെയും ഉയരാത്ത പേരായിരുന്നു എം എ ബേബിയുടേത്. ഇപ്പോഴിതാ കോടിയേരി തിരിച്ചെത്തിയിരിക്കുന്നു. കേരളത്തിലെ പാർട്ടിയുടെ ഒരു ചുമതലയും ഏൽപ്പിക്കാതെ ബേബിയെ ഡൽഹിയിൽ തളച്ചിടുന്ന കണ്ണൂർ ലോബി പിണറായിയുടെ മനസ്സിൽ ഇനി എന്തൊക്കെ കണക്ക് കൂട്ടലുകൾ ഉണ്ടെന്നും ആർക്കും പറയാൻ സാധിക്കാത്തതാണ്.

എന്തായാലും സിപിഎമ്മിലെ വളരെ ഉത്തമനായ ഒരു പ്രവർത്തകനാണ് മരിയൻ അലക്‌സാണ്ടർ ബേബി എന്ന എം എ ബേബി. അദ്ദേഹത്തിനോട് കേരളം കാണിക്കുന്ന അവഗണന ചർച്ച ചെയ്യേണ്ടത് തന്നെയാണ്.

പ്രാക്കുളം എൻഎസ്എസ് എച്ച്എസിലെ പഠന കാലത്ത് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് എം എ ബേബി മാർക്സിസ്റ്റ് വിശ്വാസത്തിലേക്ക് ജ്ഞാനസ്‌നാനപ്പെട്ടത്. പിന്നെ അവിടുന്നങ്ങോട്ട് പടിപടിയായി ഉയർച്ച തന്നെയായിരുന്നു. ഒരു രാത്രി പുലർന്നപ്പോൾ നേതാവായ ആളല്ല ബേബി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും കേരള, അഖിലേന്ത്യാ നേതൃനിരയിൽ നന്നായി തിളങ്ങി. ആ രണ്ടു സംഘടനകളെയും ഇന്നത്തെ രീതിയിൽ നിർമ്മിച്ചതിൽ ബേബിയുടെ പങ്കു വളരെ വലുതാണ്.

ബേബിയിലെ വിശകലന പാടവം കണ്ടറിഞ്ഞ പാർട്ടി അദ്ദേഹത്തെ രാജ്യസഭാ മെമ്പറാക്കി. പിന്നെ കുറെക്കാലം ഇന്ദ്രപ്രസ്ഥത്തിലെ ജെ എൻ യു ബ്രീഡ് സഖാക്കളുടെ ഇടയിൽ തനി മലയാളിയായ ബേബി ഉണ്ടായിരുന്നു. സഖാവ് ഇ എം എസ് പാർട്ടിയുടെ അമരക്കാരനായി ഡൽഹിയിൽ നിൽക്കുമ്പോൾ അവിടെ രണ്ടാം നിരയിൽ ബേബിയും കളം നിറഞ്ഞു കളിച്ചു. വിദ്യാർഥി യുവജന സംഘടനകളുടെ തലപ്പത്തിരുന്നു നിരവധി അനവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രഭാഷണങ്ങൾ നടത്താനുള്ള അവസരം ബേബിക്ക് കൈവന്നു. യൂറോപ്പിലാകെ കമ്മ്യൂണിസം മൂക്കും കുത്തി വീഴുന്ന ചരിത്ര സന്ധിയിൽ അതിന്റെ കാരണങ്ങൾ വിശദീകരിക്കാനും ഇന്ത്യൻ കമ്യൂണിസത്തിനു നേർവഴി കാണിച്ചു കൊടുക്കുവാനും സഖാവ് ഇ എം എസ് പെടാപ്പാട് പെടുന്ന കാലമായിരുന്നു അത്. ഗ്രാംഷി, നോം ചോംസ്‌കി, ഈഗിൽട്ടൺ തുടങ്ങിയവരെ ഉദ്ധരിച്ചു കൊണ്ടും സാമുവൽ ഹണ്ടിംഗ്റ്റനെ കീറി മുറിച്ചു കൊണ്ടും ബേബിയും തന്റേതായ റോൾ നിർവഹിച്ചു.

കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് പോലീസ് എ കെ ജി സെന്ററിലേക്ക് വെടിവെച്ച ഒരു സംഭവമുണ്ടായി. അത് അന്വേഷിക്കാൻ ചെന്ന ബേബിയുടെ വായിലേക്ക് ഒരു പോലീസ് ഓഫീസർ കരിങ്കല്ല് കുത്തിത്തിരുകിയ സംഭവം അക്കാലത്ത് ധാരാളം ഒച്ചപ്പാടുണ്ടാക്കി.

സാധാരണ മറ്റു മാർക്‌സിസ്റ്റുകൾക്കില്ലാത്ത ഒരു സ്വഭാവമാണ് കലാസ്വാദനം എന്നത്. അതിനു വിശദീകരണമായി അവർ പറയുന്നത് മാനവജീവിത ദാർശനിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമ്പോൾ കലയും സാഹിത്യവും സംഗീതവും ഒക്കെ ആസ്വദിക്കാൻ എവിടെ സമയം എന്ന പല്ലവിയാണ്. എന്നാൽ ബേബി അതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. കലയും സംഗീതവും സാഹിത്യവും കഥകളിയും ഉപകരണ സംഗീതവും ഒക്കെ ബേബിക്ക് വഴങ്ങി. കല കലയ്ക്ക് വേണ്ടിയാണോ അതോ മനുഷ്യന് വേണ്ടിയാണോ എന്നുള്ള ആഗോള മാർക്‌സിസ്റ്റുകളെ ഇന്നും അലട്ടുന്ന ആ സമസ്യക്ക് ആചാര്യൻ കൃത്യമായ മറുപടി പറയാത്ത കാലത്ത് ബേബി ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാ, സാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തു. ഗാനഗന്ധർവ്വൻ പദ്മശ്രീ കെ ജെ യേശുദാസ് സ്വരലയയുടെ വേദികളിൽ സഹകരിച്ചു.

എന്നാൽ രണ്ടാം തവണത്തെ രാജ്യസഭാ ടേമിനു ശേഷം ബേബിയുടെ സേവനം കേരളത്തിലെ പാർട്ടിക്ക് വേണം എന്നുള്ള പിടിവാശി ചിലർക്കുണ്ടായി. അവർ ബേബിയെ കേരളത്തിലേക്ക് പറിച്ചു നട്ടു.

1996-ൽ മാരാരിക്കുളത്തെ തോൽവിയിൽ അന്തം വിട്ട വി എസ് പാർട്ടിയിൽ ശക്തി സംഭരിക്കുന്ന കാലം. കെ.എസ്.കെ.ടി.യു.വിനെ മുൻനിർത്തി വി എസ്സ് തന്റെ അശ്വമേധം തുടങ്ങി. വെട്ടിനിരത്തൽ എന്ന പദത്തിനു കേരള രാഷ്ട്രീയത്തിൽ പ്രചുരപ്രചാരം ലഭിച്ചു. സി ഐ ടി യു പക്ഷം എന്ന് വിളിക്കുന്ന ‘ദുർമൂർത്തി’കളെ വെട്ടി നിരത്താൻ വി എസ് അച്യുതാനന്ദനെ സഹായിച്ചവരിൽ ബേബിയും ഉണ്ടായിരുന്നു. 1998-ൽ പാലക്കാട് നടന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിൽ വെച്ചാണ് സിഐടിയു നേതാക്കളായ എംഎം ലോറൻസ്, വിബി ചെറിയാൻ, കെ എൻ രവീന്ദ്രനാഥ്, ഒ ഭരതൻ, എപി കുര്യൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖരെയെല്ലാം വിഎസും സംഘവും വെട്ടിനിരത്തിയത്.

1998-ൽ പാലക്കാട്ടെ വെട്ടി നിരത്തൽ സമ്മേളനം കഴിഞ്ഞ് കണ്ണൂർ സമ്മേളനം ആയപ്പോഴേക്കും പാർട്ടിയിൽ വി.എസ്. അച്യുതാനന്ദന്റെ ബദ്ധവൈരിയായി മാറിയ പിണറായി വിജയൻ സ്വന്തം പക്ഷമുണ്ടാക്കിയപ്പോൾ വിഎസിനെ വിട്ടു ബേബി പിണറായിക്കൊപ്പംകൂടി.

ജി സുധാകരൻ പിടിച്ചടക്കിയ ആലപ്പുഴ ജില്ലാ കമ്മിറ്റിയെ വിഭാഗീയതയിൽ നിന്നും കരകയറ്റുന്നതിനുള്ള ഉത്തരവാദിത്ത്വം ബേബിയിൽ നിക്ഷിപ്തമായി. കുട്ടനാടിന്റെ സൗന്ദര്യമൊക്കെ നന്നായി ആസ്വദിച്ച ആ കലാസ്വാദകൻ ആ ജോലി ഭംഗിയായി ചെയ്തു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഴ്‌സിക്കുട്ടിയമ്മക്ക് പകരം കുണ്ടറയിൽ ബേബിക്ക് നറുക്ക് വീണു. കടവൂർ ശിവദാസനെ മലർത്തിയടിച്ച് ബേബി നിയമസഭ പൂകി. വി എസ്സ് മന്ത്രിസഭയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രിയായി.

വി എസ് പക്ഷത്തിനു നല്ല സ്വാധീനമുണ്ടായിരുന്ന കൊല്ലം ജില്ലയിൽ രണ്ടാം നിര നേതാക്കളെ മുഴുവൻ പിണറായി വിജയനൊപ്പം കൊണ്ടുവരുന്നതിൽ പി രാജേന്ദ്രനൊപ്പം എം എ ബേബിയും ഉപജാപകസമാനമായ പങ്കു വഹിച്ചു. ഒടുവിൽ വി എസ്സിനൊപ്പം ഒരു മേഴ്‌സിക്കുട്ടിയമ്മ മാത്രമായി. പാർട്ടി സഭയാണെങ്കിൽ പാർട്ടി സെക്രട്ടറി ആ സഭയിലെ പോപ്പാണ്. അങ്ങനെ ബേബി, സെക്രട്ടറിയുടെ ഓമന ബേബിയായി.

വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ സംഭവബഹുലമായിരുന്നു ആ കാലം. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം ഉൾപ്പെടുത്തിയ പുസ്തകം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. തൊട്ടു പിന്നാലെ രൂപത എന്നതിനെ ‘രൂപ താ’ എന്ന് വ്യാഖ്യാനിച്ച ബേബിയെ പള്ളിയും പട്ടക്കാരും വളഞ്ഞിട്ട് തല്ലി. പ്രതിഷേധക്കാരുടെ യഥാർത്ഥ പ്രശ്‌നം മതമില്ലാത്ത ജീവൻ എന്ന പാഠഭാഗമല്ല മറിച്ച്, അതെ പുസ്തകത്തിൽ സാമൂഹ്യപരിഷ്‌കർത്താവായിരുന്ന പൊയ്കയിൽ യോഹന്നാൻ അപ്പച്ചനെ കുറിച്ചുള്ള വസ്തുതാപരമായ പരാമർശങ്ങളായിരുന്നു എന്നത് വേറെ കാര്യം. സ്‌കൂൾ കുട്ടികൾക്ക് മതമില്ലാത്ത ജീവൻ പഠിക്കാൻ കൊടുക്കുകയും അതേ കുട്ടികൾക്ക് മതം നോക്കി സ്‌കോളർഷിപ്പ് നൽകുകയും ചെയ്ത അസാമാന്യ ബുദ്ധിശാലിയാണ് മരിയൻ അലക്‌സാണ്ടർ ബേബി എന്നും പലരും പരദൂഷണം പറഞ്ഞു.

എന്തായാലും രണ്ടാം തവണ ആരെയും ജയിപ്പിച്ചിട്ടില്ലാത്ത കുണ്ടറയിൽ നിന്നും ബേബി രണ്ടാമതും ജയിച്ചു കയറി. പിന്നാലെ 2012-ൽ കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസ്സിൽ പാർട്ടിയുടെ പരമോന്നത സഭയായ പി ബി യിൽ ബേബി ഇടം പിടിച്ചു. എം.എ.ബേബിക്ക് പി.ബി പ്രവേശം വൈകി കിട്ടിയ അംഗീകാരമായിരുന്നു.

തിരുവനന്തപുരത്ത് 1988-ൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായതാണ് ബേബി. എത്രയോ വൈകിയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. പക്ഷേ, പിണറായിയും കോടിയേരിയും പി.ബി.യിലെത്തിക്കഴിഞ്ഞിട്ടേ ബേബിയുടെ ഊഴമെത്തിയുള്ളൂ.

പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ വന്നപ്പോൾ കൊല്ലത്തെ പേരുകാരനായി ആദ്യം മുതൽക്കേ ബേബിയുമുണ്ട്. ഡൽഹിയിലേക്ക് ഒരു ടിക്കറ്റ് ബേബി കൊതിച്ചിരുന്നോ എന്നറിയില്ല, പക്ഷെ ബേബിയെ ഇവിടെനിന്നും കെട്ടുകെട്ടിക്കണം എന്ന തോന്നൽ അന്ന് ചിലർക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ കൊല്ലത്ത് നല്ല സ്വാധീനമുള്ള ആർ എസ് പിയെ പുകച്ചു പുറത്തുചാടിച്ചു. അതിനു പിന്നീട് വ്യഖ്യാന ഫാക്ടറികൾ ന്യായീകരണങ്ങൾ പടച്ചുണ്ടാക്കി. എന്തിനാണ് ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് സഖാവിന്റെ ധിഷണാശക്തി പാർലമെന്റിൽ ആവശ്യമുണ്ട് എന്ന് മറ്റു സഖാക്കൾ വിശദീകരിച്ചു.

പക്ഷെ ആർ എസ് പി ക്ക് സൂചികുത്താൻ ഇടം പോലും കൊടുക്കില്ല എന്ന ദുര്യോധന ശപഥം വരുന്നത് പിന്നീടാണ്. അപകടം മണത്ത ബേബി ആർ എസ് പി ക്ക് പത്തനംതിട്ടയെങ്കിലും നൽകാൻ ശ്രമം നടത്തി. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടും പോയി. തക്കംനോക്കി നിന്ന ഷിബു ബേബി ജോൺ കളമറിഞ്ഞു കളിച്ചു. ആർ എസ് പി രായ്ക്കുരാമാനം മറുകണ്ടം ചാടി. കൊല്ലത്തെ ജനങ്ങൾക്ക് വൈകാരികമായ അടുപ്പമുള്ള എൻ കെ പ്രേമചന്ദ്രനെ ആർ എസ് പി കളത്തിലിറക്കി. സാക്ഷാൽ സെക്രട്ടറി പിന്നീട് കൊല്ലത്തെത്തി പ്രേമചന്ദ്രനെ പരനാറി എന്നുള്ള സൈദ്ധാന്തിക പദം കൊണ്ട് വിശേഷിപ്പിച്ചു, അതും പോരാഞ്ഞു അടുത്ത രണ്ടു യോഗങ്ങളിൽ പരമനാറി എന്ന് ഗ്രേഡ് കൂട്ടി. പിറ്റേന്ന് പത്രക്കാർ ചൂണ്ടിക്കാണിക്കുകയും കേരളം ഏറ്റു പിടിക്കുകയും ചെയ്തപ്പോൾ പരനാറിയെ പിന്നെ എന്ത് വിളിക്കും എന്നുള്ള ന്യായമായ സംശയം ചോദിച്ചു.

എന്തായാലും റിസൾട്ട് വന്നപ്പോൾ കൊല്ലത്ത് ബേബി തോറ്റു എന്ന് മാത്രമല്ല കുണ്ടറയിൽ കൂടി ബേബി പിറകിലായി. ബേബിയുടെ കൊല്ലത്തെ പരാജയത്തിന്റെ കാരണം പരനാറി പ്രയോഗമാണ് എന്ന് വ്യാഖ്യാനം വന്നു. ടി ജെ ചന്ദ്രചൂഡനാകട്ടെ ഒരു പടി കൂടി കടന്നു പിണറായി വിജയനാണ് പ്രേമചന്ദ്രനെ ജയിപ്പിച്ചതെന്നു പറഞ്ഞുവെച്ചു.

സഭയിൽ പോകാതെയും എം എൽ എ ബോർഡ് ഇളക്കിമാറ്റിയും ബേബി പ്രതിഷേധിച്ചു. പക്ഷെ പാർട്ടിയിലെ ഔദ്യോഗികപക്ഷം അപകടം മുൻകൂട്ടി കണ്ടു. പല പത്രങ്ങളിലും കുണ്ടറക്കാരോട് പിണങ്ങി ബേബി സഭയിൽ പോകുന്നില്ല എന്ന രീതിയിൽ വാർത്തകൾ വന്നു.

തന്റെ പരാജയത്തിനു പിന്നിൽ പല താൽപ്പര്യങ്ങളും ഉണ്ടന്ന് ബേബി വിശ്വസിക്കുന്നു. മാത്രമല്ല സംസ്ഥാന കമ്മിറ്റിയിലെ ഒരാൾ സംസാരിക്കുകയും മറ്റുള്ളവർ മൂളി ഉറപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ബേബിയെ മടുപ്പിക്കുന്നു. താൻ പലരുടെയും ധാർഷ്ട്യത്തിനു ബാലിയാടാവുകയായിരുന്നു എന്ന് ബേബിക്ക് തോന്നുന്നു. കൂടാതെ, മാരാരിക്കുളത്തെ തോൽവിയിൽ നിന്നും ഉയർത്തെണീറ്റ വി.എസിന്റെ മാതൃക തുടരാം എന്നും ബേബി കരുതുന്നു; ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സംസ്ഥാന നേതൃത്വത്തോട്, അതായത് കണ്ണൂർ ലോബിയോടു താഴെത്തട്ടിൽ ഉള്ള അതൃപ്തി തന്റെ പോരാട്ടത്തിനു മൂലധനമാക്കാം എന്ന് ബേബി കരുതുന്നു.

ബേബി നിയമസഭയിൽ പോകാതെ തന്റെ പ്രതിഷേധം പടർത്തിയപ്പോൾ അതിനു സോഷ്യൽ മീഡിയയിൽ ചില അനുരണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഔദ്യോഗികപക്ഷമാകട്ടെ നേരിട്ട് ബേബിയെ ആക്രമിക്കാതെ വളഞ്ഞവഴി തേടുന്ന കാഴ്ചകളും ധാരാളം ഉണ്ടായി. സ്വരവും ലയവും നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തണമെന്നും പബ്ലിക് റിലേഷന് വി എസ്സിനെ കണ്ടു പഠിക്കണം എന്നുമുള്ള കുത്തുകൾ ഔദ്യോഗികപക്ഷം ഇറക്കി. ഇന്നലെ വരെ ഔദ്യോഗികപക്ഷത്തെ പോരാളി ആയിരുന്ന ബേബി ഒറ്റ ദിവസം കൊണ്ട് വിമതനാകുന്ന കാഴ്ച.

ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷമാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നത്. ഒരു മകൻ ജാമ്യത്തിലിറങ്ങിയതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുത്തെങ്കിലും നേതാവിന്റെ പുത്രദുഃഖം ഒഴിയാറായിട്ടില്ല. മൂത്തമകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബീഹാർ സ്വദേശിനി കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡിഎൻഎ ഫലം പുറത്തുവരുന്നതോടെ ആ കുട്ടി തന്റെ ചെറുമകനാണോ എന്ന് കോടിയേരിക്ക് വ്യക്തമാകും.

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇളയ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെയാണ് കോടിയേരി ഒരു വർഷം മുമ്പ് സ്ഥാനമൊഴിഞ്ഞ് അവധിയിൽ പ്രവേശിച്ചത്. എന്നാൽ അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അവധി അനുവദിക്കുകയായിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്.

ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക് പദവിയിലേക്ക് തിരികെ വരാൻ പാർട്ടി പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും അൽപം സമയമെടുത്താണ് കോടിയേരിയുടെ മടക്കം. ബിനീഷിൻ്റെ ജയിൽവാസം അനിശ്ചിതമായി നീണ്ടത് കോടിയേരിയുടെ മടങ്ങിവരവ് നീളാൻ കാരണമായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2020 നവംബർ പത്തിനാണ് ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയർന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോൾ പാർട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നവംബർ 13നാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും അവധിയെടുത്തത്.

കോടിയേരിയുടെ മടങ്ങി വരവ് ചർച്ചയാകുമ്പോൾ ബേബിയെകൂടിയാണ് ഇപ്പോൾ ഓർക്കേണ്ടത്. കേരളത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണെങ്കിലും കേരളത്തിൽ നടക്കുന്ന എല്ലാ കാര്യത്തിലും തന്റെ അഭിപ്രായം വെട്ടി തുറന്നു പറയുന്ന ബേബിയ്ക്ക് പിണറായിയും കോടിയേരിയും പി.ബി.യിലെത്തിക്കഴിഞ്ഞിട്ടേ ഊഴമെത്തിയുള്ളൂ. കേരളത്തിലേക്ക് ഒരു തിരിച്ചു വരവ് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്നതും ഇപ്പോൾ ചർച്ചയാകേണ്ട വിഷയം തന്നെയാണ്. മാറ്റി നിർത്തി പിണറായി ചെയ്യുന്ന രാഷ്ട്രീയ ചിത്രത്തിൽ എം എ ബേബിയെ അണിനിരത്താത്തതിന് പിന്നിൽ എന്താണെന്ന് ഇപ്പോഴും നിഗൂഢമായി തുടരുന്ന ഒരു വിഷയം തന്നെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close