ദൈവമുണ്ട് കോടിയേരി.. കൊടുത്താൽ കൊല്ലത്തല്ല, കർണാടകത്തിലും കിട്ടും

നിരഞ്ജൻ
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കർണാടക സർക്കാരിന്റെ ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഒരു ജാമ്യ ഹർജിയിൽ തീരുമാനം എടുക്കാൻ കോടതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതി ബിനീഷ് കോടിയേരി ആയതുകൊണ്ട് ഈ ലോകത്ത് ആരും അതിനെ അപലപിക്കാനും പോകുന്നില്ല. മകൻ കോടിയേരിയുടെയും അച്ഛൻ കോടിയേരിയുടെയും അവരുടെ പാർട്ടിയുടെയും കയ്യിലിരിപ്പും നിലപാടുകളും അത്ര നല്ലതല്ലെന്ന് മാലോകർക്ക് മുഴുവൻ അറിയാം. എന്നാലും ഒരു കോടതി ഒരു മനുഷ്യനോട് ഇങ്ങനെയൊക്കെ ചെയ്യാമോ? തന്നെ കുറ്റവിമുക്തനാക്കണം എന്ന അഭ്യർത്ഥനയൊന്നുമല്ലല്ലോ ബിനീഷ് കോടിയേരി നടത്തിയത്. വെറുമൊരു ജാമ്യം. അതങ്ങ് കൊടുക്കുമെന്നോ ഇല്ലെന്നോ പറഞ്ഞാൽ പോരേ? അതിന് പകരം പതിനാറ് തവണ വാദം കേട്ട് മാറ്റിവെച്ച ഹർജി ഒടുവിൽ പുതിയ ബെഞ്ച് പരിഗണിക്കും എന്നല്ലിയോ കർണാടക ഹൈക്കോടതി ഇന്നലെ പറഞ്ഞത്. ഹൈക്കോടതി കർണാടകത്തിൽ ആയിപ്പോയി അല്ലെങ്കിൽ കാണാമായിരുന്നു..
സ്വന്തമായി പൊലീസും കോടതിയും എന്തിനേറെ അന്വേഷണ സംഘങ്ങൾ വരെയുള്ള പാർട്ടിയാണ് കേരളത്തിലെ സിപിഎം. എന്നാൽ അതൊന്നും കന്നഡിഗർക്ക് അറിയില്ലെന്നത് കഷ്ടമാണ്. ടിപി ചന്ദ്രശേഖരൻ എന്ന പഴയ സഖാവിനെ 51 വെട്ടുവെട്ടിയതും സ്കൂൾ വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററെ നിഷ്ഠൂരം കൊത്തിമുറിച്ചതും ഈ ബിനീഷ് കോടിയേരിയുടെ പാർട്ടിക്കാരാണ്. അതുകൊണ്ടും തീരുന്നില്ല സിപിഎമ്മിന്റെ വീരഗാഥകൾ. കോടതി മുറ്റത്ത് പ്രകടനം നടത്തിയും ജഡ്ജിയെ ശുംഭനെന്ന് വിളിച്ചും ഇന്ത്യൻ ജുഡീഷ്യറിയെ വരച്ച വരയിൽ നിർത്താൻ ശേഷിയുള്ള പാർട്ടിയാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. കോടതി അങ്ങ് കർണാടകത്തിൽ ആയിപ്പോയില്ലേ.
സോഷ്യലിസത്തിന്റെ പേരിൽ നിരപരാധികളായ നിരവധി പേരുടെ ചോരയാണ് സിപിഎം ഈ മണ്ണിൽ വീഴ്ത്തിയത്. ഇരകളെ കുറിച്ച് നിശ്ബദത പാലിക്കുകയും വേട്ടക്കാരായ സഖാക്കളെ കുറിച്ച് വാചാലരാകുകയും ചെയ്യുക എന്നതാണ് സഖാക്കളുടെ പൊതു രീതി. അത്തരം നരവേട്ടകൾക്ക് അറിഞ്ഞും അറിയാതെയും നേതൃത്വം കൊടുത്തിരുന്നത് കോടിയേരി ബാലകൃഷ്ണൻ തന്നെയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11 മുതൽ അദ്ദേഹം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രോഗബാധിതനായ പിതാവിനെ കാണാൻ ജാമ്യം അനുവദിക്കണം എന്നാണ് ബിനീഷിന്റെ ആവശ്യം. ഇന്നലെയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും എന്ന് കോടതി അറിയിച്ചത്. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയിൽ പോകുന്നതിനാലാണ് നടപടി. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. വാദം തുടങ്ങിയ ഉടനെ തന്നെ ജഡ്ജി താൻ അവധിയിൽ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുൻപാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങൾ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു.
എന്നാൽ ഇത്രയും നാൾ കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടു. എത് ബെഞ്ചിന് മുൻപാകെയാണെങ്കിലും വാദം അവതരിപ്പിക്കാൻ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മാതാപിതാക്കളെ കാണാൻ ബിനീഷിന് രണ്ട് ദിവസത്തെ പരോൾ അനുവദിക്കണമെന്ന് അഭിഭാഷകൻ അവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകൻ ഇതിനെ ശക്തമായി എതിർത്തു. കേസിൽ തുടർന്ന് വാദം കേൾക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ദൈവമില്ലെന്ന് പറയുന്ന സിപിഎമ്മുകാർ ഇനിയെങ്കിലും ദൈവവിശ്വാസികളാകണം. കാരണം ദൈവമില്ലെങ്കിൽ വെറും രണ്ട് ദിവസം- വെറും രണ്ടു ദിവസം അച്ഛനെയും അമ്മയേയും കാണാൻ പുറംലോകത്തിറങ്ങാൻ അനുമതി തേടി ബിനീഷ് കോടിയേരി എന്ന കേരളത്തിലെ കിരീടം വെക്കാത്ത യുവരാജാവിന് ഇങ്ങനെ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നോ. നോട്ടം കൊണ്ട് മാത്രം കേരളത്തിലെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിച്ചിരുന്ന യുവാവ്.. കേരള പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയിരുന്നവൻ.. ഇന്ന് വെറും രണ്ടു ദിവസത്തെ സമയം ചോദിച്ച് കർണാടക ജയിലിൽ കഴിയുകയാണ്. അച്ഛൻ കോടിയേരി ബാലകൃഷ്ണന് ക്യാൻസർ ബാധ നാലാം സ്റ്റേജിലെത്തിയെന്നും, മകനായ താൻ ശ്രുശ്രൂഷിക്കാൻ അടുത്തുവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയിലെത്തിയത്. എത്രയോ മക്കളുടെ ഇത്തരം ആഗ്രഹങ്ങളാണ് സിപിഎം എന്ന പാർട്ടി കേരളത്തിൽ തല്ലിക്കെടുത്തിയത്. എത്രയോ മക്കൾക്കാണ് ഈ പാർട്ടി അച്ഛനില്ലാതാക്കിയത്. എത്രയോ അച്ഛന്മാർക്ക് മക്കളെ നഷ്ടമായി. അതൊക്കെ വെച്ച് നോക്കുമ്പോൾ ബിനീഷ് കോടിയേരിയും അച്ഛൻ കോടിയേരിയും ഭാഗ്യവാന്മാർ തന്നെയാണ്. ഇരുവരും പരസ്പരം കാണാൻ കഴിയുന്നില്ലെങ്കിലും ജീവനോടെയുണ്ടല്ലോ.