KERALANEWSTop News

`ഇല്ല, അതാണെനിക്കു പറ്റിയ തെറ്റ്`; വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്ന് തന്നെയെന്ന് സജിത വി നായർ

കൊല്ലം: ശാസ്താംകോട്ട പോരുവഴിയിൽ യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടർന്ന് തന്നെയെന്ന് മൂന്നാം സാക്ഷിയുടെ മൊഴി. മരിച്ച വിസ്മയയുടെ അമ്മ സജിത വി നായർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് മുൻപാകെയാണ് മൊഴി നൽകിയത്. വിവാഹത്തിനു സ്ത്രീധനമായി നൽകിയ സ്വർണം കുറവാണെന്നു പറഞ്ഞാണ് വിസ്മയയെ ഭർത്താവ് കിരൺ ഉപദ്രവിച്ചു തുടങ്ങിയതെന്നാണ് സജിത വി. നായർ കോടതിയിൽ പറഞ്ഞത്. തന്റെ ഫോണിൽ റെക്കോർഡ് ആയിരുന്ന സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി തിരിച്ചറിഞ്ഞു. സ്ത്രീധനത്തിനു വേണ്ടി തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞു കൊണ്ടു പറയുന്നതും കാർ യാത്രയ്ക്കിടെ കിരൺ ഭാര്യയെ അസഭ്യം പറയുന്നതും വിസ്മയയുടെ പിതാവിനെ ഉപദ്രവിക്കുമെന്നു കിരൺ ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദങ്ങളാണ് തിരിച്ചറിഞ്ഞത്.

ലോക്ഡൗൺ കാരണമാണ് 100 പവൻ സ്വർണം നൽകാൻ കഴിയാതിരുന്നതെന്നും അവർ പറയുന്നു. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലി വസ്ത്രം വാങ്ങി വരുമ്പോൾ വഴക്കുണ്ടായെന്ന് സജിത വെളിപ്പെടുത്തി. കാറിൽ വച്ചു ഉപദ്രവിച്ചതിനെ തുടർന്നു മകൾ ചിറ്റുമലയിലെ വീട്ടിൽ അഭയം തേടിയതായും സാക്ഷി മൊഴി നൽകി. മർദിച്ച വിവരം പറഞ്ഞപ്പോൾ, നൽകാമെന്നു പറഞ്ഞതു ലഭിച്ചാൽ പ്രശ്നം തീരുമെന്നു കിരണിന്റെ പിതാവ് പറയുകയുണ്ടായി. വേറെ കാർ വേണമെന്നു പറഞ്ഞു ജനുവരി 2നു അർധരാത്രിയിൽ വിസ്മയയെ കിരൺ ഉപദ്രവിച്ച ശേഷം കാറിൽ കയറ്റി തങ്ങളുടെ വീട്ടിൽ കൊണ്ടുവരുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ വീണ്ടും വിസ്മയ കിരണിന്റെ വീട്ടിലേക്കു പോയി. ഫെബ്രുവരിയിൽ സഹോദരന്റെ വിവാഹം നടക്കുന്നതിനാൽ വീട്ടിൽ നിൽക്കുന്നത് നാട്ടുകാരുടെ മുന്നിൽ കുറച്ചിലാണെന്നു പറഞ്ഞാണു വിസ്മയ ഭർതൃഗൃഹത്തിലേക്കു പോയത്.

മകൻ വിജിത്തിന്റെ വിവാഹത്തിനു ക്ഷണിക്കാൻ കിരണിന്റെ വീട്ടിലെത്തിയപ്പോൾ വിസ്മയ വിഷമിച്ചിരിക്കുകയായിരുന്നു. മകളെ വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്നതായി സാക്ഷി മൊഴി നൽകി. ഭർതൃ വീട്ടിലെ പീഡനത്തെക്കുറിച്ചു വിസ്മയ വിശദമായി പറഞ്ഞു. തുടർന്നു സമുദായ സംഘടനയെ വിവരം അറിയിച്ചു. ഇതു സംബന്ധിച്ചു ചർച്ച ചെയ്യാനിരിക്കെയാണ്, കിരണിന്റെ ജന്മദിനത്തിന് ഭർത്താവിനോടൊപ്പം വിസ്മയ പോയത്. അതിനു ശേഷം കിരണിന്റെ വീട്ടിലായിരുന്നു വിസ്മയ.

കിരണിനോടൊപ്പം വിസ്മയ ഭർതൃഗൃഹത്തിലേക്ക് തിരികെ പോകുന്നത് അറിയാമായിരുന്നോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനു കിരൺ വന്നു വിളിക്കുകയാണെങ്കിൽ പോകുമെന്ന് അറിയാമായിരുന്നെന്ന് സാക്ഷി മൊഴി നൽകി. ആ വിവരം വിസ്മയയുടെ പിതാവിനോടു പറഞ്ഞോ എന്ന ചോദ്യത്തിന് ‘ഇല്ല, അതാണെനിക്കു പറ്റിയ തെറ്റ്’ എന്നായിരുന്നു മറുപടി. എതിർ വിസ്താരം തിങ്കളാഴ്ച തുടരും. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ മർദിക്കുമായിരുന്നെന്നും പിതാവ് ത്രിവിക്രമൻനായരും നേരത്തേ കോടതിയിൽ മൊഴി നൽകിയിരുന്നു. മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവൻ നാൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു.

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കിരണിന്റെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേ‍ൾപ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരൺ മർദിച്ചപ്പോൾ ചിറ്റുമലയിൽ വീട്ടിൽ വിസ്മയ അഭയം തേടി.

താനും ഭാര്യയും കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ ‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ’ എന്നായിരുന്നു മറുപടി. തന്റെ വീട്ടിൽ വച്ച് മകൻ വിജിത്തിനെയും കിരൺ ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറ‍ഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറി‍ഞ്ഞശേഷം ഇറങ്ങിപ്പോയി. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചർച്ച ചെയ്യാനിരിക്കെയാണ് മകൾ കിരണിനോടൊപ്പം പോയത്. ജൂൺ 21ന് മകൾ ആശുപത്രിയിൽ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമൻനായർ നൽകിയ മൊഴിയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close