Breaking NewsKERALANEWSTop News

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണവും കോൺ​ഗ്രസിന് നഷ്ടമായി; കസേര നഷ്ടമായത് അടൂർ പ്രകാശ് എംപിയുടെ നോമിനിക്ക്; കോൺ​ഗ്രസിൽ പോര് മുറുകുമ്പോൾ നേട്ടം ഇടതിന് തന്നെ

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായതോടെ കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായി. യുഡിഎഫ് ഭരണ സമിതിക്കെതിരേ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ആറിനെതിരേ ഏഴ് വോട്ടുകൾക്കാണ് പാസായത്. ഒരു കോൺഗ്രസ് അംഗം വിപ്പ് ലംഘിച്ച് എൽഡിഎഫിനൊപ്പം നിന്നതോടെ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. കോൺ​ഗ്രസ് നേതാവായ ജിജി സജി ഇടതു പക്ഷത്തെ പിന്തുണച്ചതോടെ പ്രസിഡന്റ് എംവി അമ്പിളിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം നഷ്ടമാകുകയായിരുന്നു.

13 അംഗങ്ങളാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് ആറ് എന്നായിരുന്നു കക്ഷി നില. ജിജി സജി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകണം എന്നായിരുന്നു ഭൂരിപക്ഷം കോൺ​ഗ്രസ് നേതാക്കളുടെയും അഭിപ്രായം. എന്നാൽ, അടൂർ പ്രകാശ് എംപിയുടെ പ്രത്യേക താത്പര്യം കണക്കിലെടുത്താണ് അമ്പിളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത് എന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾ‌ ആരോപിക്കുന്നത്.

എംവി അമ്പിളിയെ പ്രസിഡന്റാക്കണമെന്ന തീരുമാനം അടൂർ പ്രകാശ് മറ്റ് അംഗങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അഞ്ചു വർഷവും അമ്പിളി പ്രസിഡന്റായി തുടരുമെന്നും അന്ന് അറിയിച്ചിരുന്നു. അന്ന് കോൺ​​ഗ്രസിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത ഇപ്പോൾ പരസ്യമായി പുറത്തുവരികയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജിജിക്ക് സീറ്റ് നൽകാതിരിക്കാൻ ആവുന്നത് അടൂർ പ്രകാശ് ശ്രമിച്ചിരുന്നു. അമ്പിളിയെ പ്രസിഡന്റാക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചായിരുന്നു അടൂർ പ്രകാശിന്റെ കരുനീക്കം. എന്നാൽ, ആന്റോ ആന്റണി എംപി ഇടപെട്ടാണ് ജിജിക്ക് സീറ്റ് നൽകിയത്. അതും സ്വന്തം ഡിവിഷനിൽ ജിജിക്ക് സീറ്റ് കിട്ടാതിരിക്കാൻ അടൂർ പ്രകാശ് ശ്രമിച്ചു. അങ്ങനെ ഇളകൊള്ളുർ ഡിവിഷനിലാണ് ജിജി മത്സരിച്ചത്. അടൂർ പ്രകാശിന്റെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ജിജിയും മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫും വിജയിച്ചു.

പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതോടെ മൂന്നു പേരാണ് അവകാശ വാദമുന്നയിച്ചത്. ലിസിയെയും ജിജിയെയും വെട്ടി അമ്പിളിയെ കൊണ്ടു വരാൻ അടൂർ പ്രകാശ് നീക്കം നടത്തി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടന്ന യോഗത്തിൽ നിന്ന് ലിസി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. മറ്റ് അംഗങ്ങൾ എതിർത്തിട്ടും അടൂർ പ്രകാശ് ഏകപക്ഷീയമായി അമ്പിളിയുടെ പേര് നിർദേശിക്കുകയായിരുന്നു. അടൂർ പ്രകാശിന്റെ അപ്രമാദിത്വമാണ് ഇപ്പോൾ ഭരണ നഷ്ടത്തിന് കാരണമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിലേറ്റ കനത്ത തോൽവി അടൂർ പ്രകാശിന് ആഘാതമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close