Breaking NewsKERALANEWSTop News

രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന ചിത്രം ആരുടെ? പുതിയ വിവാദം ഇങ്ങനെ

കൊല്ലം: രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റേതെന്ന പേരിൽ പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്റെ ചിത്രമെന്ന് വെളിപ്പെടുത്തൽ. കോട്ടാത്തല സുരേന്ദ്രന്റെ ഇളയ സഹോദരൻ കലങ്ങുവിള ദിവാകരന്റെ മകൻ പ്രതാപനാണ് ഇപ്പോൾ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നത് തന്റെ അച്ഛന്റെ ചിത്രമാണ് എന്ന അവകാശവാദവുമായി രം​ഗത്തെത്തിയത്. എട്ടുവർഷം മുമ്പ് കോട്ടാത്തല സുരേന്ദ്രന്റെ ഭാവനാ ചിത്രം വരക്കുന്നതിന് വേണ്ടി തന്റെ അച്ഛന്റെ ചിത്രം വീട്ടിൽ നിന്നും കൊണ്ടുപോയിരുന്നെന്നും എന്നാൽ, അതേ ചിത്രം തന്നെ വരച്ച് കോട്ടാത്തല സുരേന്ദ്രന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നുമാണ് പ്രതാപൻ പറയുന്നത്.

കൊട്ടാരക്കര ലോക്കപ്പിൽ നഖവും മീശയും പിഴുതെടുക്കുന്നതുൾപ്പെടെ മർദനമേറ്റ് കൊല്ലപ്പെട്ട സുരേന്ദ്രന്റെ ഓർമകൾപോലും നാട്ടിലുണ്ടാകരുതെന്ന് പോലീസിനു നിർബന്ധമുണ്ടായിരുന്നു. വീട്ടിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പക്കലുമുണ്ടായിരുന്ന ചിത്രങ്ങളും രേഖകളുമെല്ലാം കണ്ടെടുത്തു നശിപ്പിച്ചു. ചിത്രം കൈയിലുണ്ടായിരുന്നവർ ഭയന്ന് സ്വയം നശിപ്പിച്ചു. കോട്ടാത്തലയിലും പോളയത്തോട് ശ്മശാനത്തിലുമുള്ള സ്മൃതിമണ്ഡപത്തിലും ആദ്യകാലത്ത് രക്തസാക്ഷിത്വം അനുസ്മരിക്കുമ്പോഴൊന്നും സുരേന്ദ്രന്റെ ചിത്രമുണ്ടായിരുന്നില്ല.

2018-ൽ കൊല്ലത്ത് നടന്ന സി.പി.ഐ പാർട്ടി കോൺ​ഗ്രസിലാണ് കോട്ടാത്തല സുരേന്ദ്രന്റെ ഭാവനാ ചിത്രത്തിന് പാർട്ടി അം​ഗീകാരം നൽകുന്നത്. എട്ടുവർഷംമുൻപ്‌ കോട്ടാത്തലയിലെ പാർട്ടി പ്രവർത്തകൻ മുൻകൈയെടുത്താണ് സുരേന്ദ്രന്റെ ചിത്രം വരപ്പിച്ചത്. ബന്ധുക്കളുടെ പക്കലോ സുഹൃത്തുക്കളുടെ പക്കലോ സുരേന്ദ്രന്റെ ഒരുചിത്രംപോലും ഇല്ലാതിരുന്നതിനാലാണ് ചിത്രം വരയ്ക്കേണ്ടിവന്നത്. സുരേന്ദ്രനെ നേരിട്ടറിയാവുന്നവരുടെയും അടുപ്പക്കാരുടെയും ഓർമകളിൽനിന്നുള്ള രൂപമാണ് പുത്തൂരുള്ള കലാകാരനെക്കൊണ്ട്‌ വരപ്പിച്ചത്. സുരേന്ദ്രന്റെ അടുത്ത സഹായിയുടെയും സഹോദരന്റെയും മാർഗനിർദേശത്തോടെയായിരുന്നു ചിത്രംവര. ഇന്ന് സിപിഐയും സിപിഎമ്മും ഈ ചിത്രം അം​ഗീകരിക്കുന്നുണ്ട്.

1950 സെപ്റ്റംബർ മൂന്നിനാണ് കൊട്ടാരക്കര ലോക്കപ്പിൽ പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിൽ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷിയാകുന്നത്. നിരായുധനായ ഒരു കമ്മ്യൂണിസ്റ്റ് സായുധരായ പോലീസിന് മുന്നിൽ പതറാതെ നിൽക്കുകയും നാവ് പിഴുതെടുക്കുമ്പോഴും ധീരത നഷ്ടപ്പെടാതെ, ഒരു തേങ്ങലില്ലാതെ, നാടിനെ ഒറ്റുകൊടുക്കാതെ രക്തസാക്ഷിയാകുകയും ചെയ്തു.അതാണ് ഉജ്ജ്വല കമ്മ്യൂണിസ്റ്റായിരുന്ന കോട്ടാത്തല സുരേന്ദ്രൻ. പ്രാണനെക്കാൾ വില നാടിനുണ്ടെന്ന് പ്രഖ്യാപിച്ച് നാടിനായി രക്തസാക്ഷിയായ സഖാവ് അനശ്വരമായൊരു അന്തസ് വിപ്ലവ കേരളത്തിന് അർപ്പിച്ചാണ് ഓർമ്മയായത്.

കോട്ടാത്തല കളങ്ങുവിളവീട് എന്ന ജന്മികുടുംബത്തിലെ അഗമായിരുന്ന സുരേന്ദ്രൻ വിപ്ലവം ആരംഭിച്ചത് സ്വന്തം കുടുംബത്തിൽത്തന്നെയായിരുന്നു. തറവാട്ടിലെ തൊഴിലാളികൾക്ക് കൂലി കൂട്ടിനൽകാനായിരുന്നു ആദ്യപോരാട്ടം. ശാസ്താംകോട്ട രജിസ്‌ട്രാർ കച്ചേരിയിലും തിരുവിതാംകൂർ ട്രാൻസ്പോർട്ട് സർവീസിലും ജോലി കിട്ടിയെങ്കിലും രണ്ടും ഉപേക്ഷിച്ചു.

പുന്നപ്ര-വയലാർ സമരക്കാരെ നേരിടാൻ പട്ടാളക്കാരുമായി പോയ ട്രാൻസ്പോർട്ട് വണ്ടിയുടെ ഡ്രൈവറായിരുന്നു സുരേന്ദ്രൻ. പുന്നപ്രയിലെ പോരാട്ടക്കാഴ്ചകൾ സുരേന്ദ്രനെ കമ്യൂണിസ്റ്റാക്കി. നാട്ടിലെത്തി നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചു. ജന്മിമാരിൽനിന്ന്‌ നെല്ല് പിടിച്ചെടുത്തു വിതരണം ചെയ്തു. നെല്ലുകേസുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയി. ഒളിവിലായിരിക്കെ സുഹൃത്തുക്കളെയും ഭാര്യ ഭാരതിയെയും കാണാൻ കോട്ടാത്തല ഭൂതനാഥക്ഷേത്രത്തിനുസമീപമുള്ള കുന്നിൻമുകളിൽ എത്തിയപ്പോഴാണ് പോലീസുകാർ സുരേന്ദ്രനെ വളഞ്ഞത്. പോലീസുകാരിലൊരാളെ കുത്തിവീഴ്‌ത്തിയശേഷമായിരുന്നു സുരേന്ദ്രന്റെ കീഴടങ്ങൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close