KERALANEWS

രാത്രി പലപ്പോഴും സുരക്ഷാ ജീവനക്കാരില്ല; ആകെയുള്ള 2 ആംബുലൻസുകളിൽ ഒരെണ്ണം മിക്കവാറും വർക്ക്‌ഷോപ്പിൽ; രോഗികളെയും ജീവനക്കാരെയും വലച്ച് ഈ ജനറൽ ആശുപത്രി

ചങ്ങനാശേരി: ജനറൽ ആശുപത്രിയിലെ രോഗികൾ വലയുകയാണ്. സമയാസമയം പുതിയ മാസ്റ്റർ പ്ലാനും കെട്ടിട
സമുച്ചയങ്ങളും ഉൾപ്പെടെയുള്ള പദ്ധതി പ്രഖ്യാപനം ഉണ്ടാകുന്നുണ്ടെങ്കിലും രോഗികളുടെ ദുരിതത്തിന് ഇനിയും അറുതി ഇല്ല. ജില്ലയിൽ തന്നെ ഏറ്റവും അധികം രോഗികൾ എത്തുന്ന ജനറൽ ആശുപത്രിയിലെ സ്ഥലപരിമിതി തന്നെയാണ് രോഗികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു പുറമേയാണ് മറ്റു പ്രശ്നങ്ങൾ.

‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ ഭാഗമായി നിർമിച്ച, കഴിഞ്ഞ വർഷം ആദ്യം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് ആശുപത്രിയിലെ ഐപി ബ്ലോക്കും പ്രധാന വകുപ്പുകളും പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലവും വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും പഴയ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതോടെയാണ് ആശുപത്രിയിലെ പ്രവർത്തനങ്ങളിൽ ഏറിയ പങ്കും ഇവിടേക്കു ചുരുങ്ങിയത്. എന്നാൽ ആശുപത്രിയുടെ പിന്നിലെ കവാടത്തിനു സമീപമുള്ള ഈ കെട്ടിടത്തിൽ രാത്രി പലപ്പോഴും സുരക്ഷാ ജീവനക്കാർ ഉണ്ടാകാറില്ല. ആകെയുള്ള 6 സുരക്ഷാ ജീവനക്കാരിൽ 4 – 5 പേർക്കും പകൽ സമയത്താണ് ഡ്യൂട്ടി. രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാരൻ ഒപി ബ്ലോക്ക് ഭാഗത്താണ് ഉണ്ടാകാറുള്ളത്. ഫലത്തിൽ രാത്രി വൈകിയും ആർക്കും പരിശോധനകൾ ഇല്ലാതെ വാർഡുകളിൽ പ്രവേശിക്കാവുന്ന സാഹചര്യമാണ്.

അത്യാഹിത വിഭാഗം എന്നാണ് ഔദ്യോഗിക നാമം എങ്കിലും ഉച്ചയ്ക്ക് ശേഷം ഒപി വിഭാഗത്തിന്റെ ദൗത്യമാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർവഹിക്കുന്നത്. അതേസമയം തിരക്ക് കൂടുതലാണെങ്കിലും ഉച്ച മുതൽ രാത്രി വരെ ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിൽ ഉണ്ടാവുക. അപകടങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ, വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് വെരിഫിക്കേഷനുകൾ തുടങ്ങി പല ജോലികൾ ഇതിനിടയിൽ എത്തുന്നതോടെ കാത്തുനിന്ന് മുഷിയുന്ന രോഗികളും ആശുപത്രി ജീവനക്കാരുമായി ബഹളം പതിവാണ്. ഒപി ബ്ലോക്കിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നെങ്കിലും കോവിഡ് കാലമായതോടെ ഇവിടെ ആളില്ലാതായി. എൻഎച്ച്എമ്മിൽ നിന്ന് ഡോക്ടർമാരെ അധികമായി നിയമിക്കണമെന്ന ആവശ്യം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അടുത്തിടെ ചർച്ച ചെയ്തിരുന്നു.

‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായാണ് പ്രവർത്തിച്ചിരുന്നത്. ഈ സെന്റർ മറ്റൊരിടത്തേക്കു മാറ്റിയതിനു ശേഷമാണ് മറ്റു രോഗികളെ കഴിഞ്ഞ മാസം മുതൽ ഈ കെട്ടിടത്തിലേക്കു പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവർത്തനം ആരംഭിച്ച് അധിക കാലം ആയിട്ടില്ലെങ്കിലും പ്രവേശന കവാടത്തോടു ചേർന്ന് ഭിത്തിയിലെ സിമന്റ് അടർന്നു വീഴുന്നതാണ് ഇവിടത്തെ കാഴ്ച. ഒരു വശത്തെ ഭിത്തിയിൽ മരം വളർന്നു തുടങ്ങിയിട്ടുമുണ്ട്. ലിഫ്റ്റുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും പരാതികൾ ഉണ്ട്.

കോവിഡ് കാലത്ത് ആംബുലൻസുകളുടെ സേവനം കൂടുതലായി ആളുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലഭ്യമാകാറില്ല. ആകെയുള്ള 2 ആംബുലൻസുകളിൽ ഒരെണ്ണം മിക്കവാറും ദിവസങ്ങളിൽ വർക്​ഷോപ്പിൽ ആയിരിക്കും. 11 വർഷത്തെ കാലപ്പഴക്കമുള്ള രണ്ടാമത്തെ ആംബുലൻസാണ് മിക്ക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഈ ആംബുലൻസിനും പ്രശ്നങ്ങൾ ഉണ്ട്.

രോഗിയുമായി യാത്ര ചെയ്യുമ്പോൾ വാഹനം തകരാറിലായി റോഡിൽ കിടക്കരുതേ എന്ന പ്രാർഥനയോടെയാണ് ഡ്രൈവർമാർ ഓരോ തവണയും ആംബുലൻസിൽ കയറുന്നത്. മോർച്ചറിയിലെ ശീതീകരണ സംവിധാനം, ഫൊറൻസിക് സർജന്റെ നിയമനം തുടങ്ങി ആശുപത്രിയിൽ ആവശ്യങ്ങളുടെ പട്ടിക ഇനിയും നീളുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close