
തലയോലപ്പറമ്പ്: വിമുക്തഭടന്റെ വീട്ടിൽ മോഷണശ്രമം നടത്തിയയാളെ പൊലീസ് സാഹസികമായി പിടികൂടി. വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടൻ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കീഴൂർ സ്വദേശി ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസനെ (32)യാണ് പിടികൂടിയത്. സ്റ്റേഷൻ പരിധി നോക്കാതെ എസ്ഐ നടത്തിയ സമയോചിതമായ ഇടപെടലിലാണ് കള്ളൻ കുടുങ്ങിയത്. കള്ളൻ വീട്ടിൽ കയറിയ ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടു. ഇതാണ് കള്ളനെ കുടുക്കാൻ ഇടയാക്കിയത്.
സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷൻ പരിധി പോലും നോക്കാതെ എത്തിയ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി എം.ജയ്മോനും സംഘവുമാണ് കള്ളനെ പിടികൂടിയത്. ഒന്നര കിലോമീറ്റർ പിന്നാലെ ഓടിയാണ് ഇവർ കള്ളനെ പിടികൂടിയത്. കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) ആണ് പിടിയിലായത്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.
തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് കീഴൂരിലെ ഒരു വീട്ടിൽ കള്ളൻ കയറിയതായി എസ്ഐ ജയ്മോനു ഫോൺ വന്നത്. മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു തൽസമയം സ്വന്തം ഫോണിൽ കണ്ടതാണ്. ഭയന്നു പോയ മകൾ കീഴൂരിൽ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്ഐ ജയ്മോനു വിവരം കൈമാറുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് സംഘം ഓടി എത്തി. വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്മോനും സീനിയർ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞത്. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടിയോടി.
അപ്പോഴേക്കും വെള്ളൂർ എസ്ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടിൽനിന്ന് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.
ഏതാനും വർഷം മുമ്പുവരെ കീഴൂരിൽ താമസിച്ചിരുന്ന റോബിൻസണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണുമായി സോണിയ ബന്ധിപ്പിച്ചത്. മാതാപിതാക്കളെ തുടർച്ചയായി വിളിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഇടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ മോഷ്ടാവിനെ റിമാൻഡ് ചെയ്തു. തലയോലപറമ്പ്, വെള്ളൂർ പ്രദേശങ്ങളിൽ മുമ്പ് നടന്ന മോഷണങ്ങളിൽ റോബിൻസണു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വെള്ളൂർ എസ്എച്ച്ഒ എ പ്രസാദ് പറഞ്ഞു.
തലയോലപറമ്പ്, വെള്ളൂർ എസ്ഐമാരായ ജയ് മോൻ, കെ സജി, സിപിഒമാരായ വി പിൻ , പി എസ് രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ , സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.