KERALANEWSTop News

പുരസ്കാര നിറവിൽ കോട്ടയം മെഡിക്കൽ കോളേജ്, രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ ആശുപത്രികളിൽ ഒന്നാമത്

തിരുവനന്തപുരം : കേരളത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജാണ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളെയും പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു. സൗജന്യ ചികിത്സ നൽകുന്നതിലുള്ള കാര്യക്ഷമതയാണ് പുരസ്കാര നിർണയത്തിന് വിലയിരുത്തിയത്.

“സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും മെഡിക്കല്‍ കോളെജ് ജീവനക്കാരുടെ പ്രവര്‍ത്തന മികവും ഈ അംഗീകാരം നേടാന്‍ സഹായകമായി. എല്ലാവിധ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ സന്നദ്ധമായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, ആശുപത്രി വികസന സമിതി, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് രാജ്യത്തെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന , ഏറ്റവും കൂടുതലാളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമായി മാറാന്‍ കഴിഞ്ഞതിനു പിന്നില്‍. എല്ലാവരെയും ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാവര്‍ക്കും നന്ദി.” മന്ത്രി വി.എന്‍. വാസവന്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൂടാതെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി-പിഎം-ജെഎവൈ-കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ അശ്വതി സ്വന്തമാക്കി.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close