പോലീസിനെതിരായ വിമർശനം ശരിയല്ല; ഷാൻ കൊലക്കേസിൽ വീഴ്ചയില്ലെന്ന് കോട്ടയം എസ്പി; പ്രതികളായ അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു

കോട്ടയം: പോലീസിന് വീഴ്ചയില്ല. ഷാൻ കൊലക്കേസിൽ വീഴ്ചയില്ലെന്ന് കോട്ടയം എസ്പി ഡി.ശിൽപ. പോലീസിനെതിരായ വിമർശനം ശരിയല്ല. പ്രതികളായ അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു. കുപ്രസിദ്ധ ഗുണ്ടയായി പുൽച്ചാടി ലുതീഷ്, സുധീഷ്, കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പിടിയിലായത്.
നേരത്തെ ഇവർ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഓട്ടോയുടെ ഡ്രൈവറായ പാമ്പാടി എട്ടാംമൈൽ സ്വദേശി ബിനുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ഷാൻ ബാബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയായിരുന്നു. ഷാൻ കൊലക്കേസിലെ പ്രതി ജോമോൻ എതിർ ഗുണ്ടാസംഘത്തിൽ പെട്ട സൂര്യൻ എന്ന ശരത് രാജിനെ കണ്ടെത്താൻ വേണ്ടിയാണ് സൂര്യന്റെ സുഹൃത്തായ ഷാനിനെ തട്ടികൊണ്ടുപോയത്. മറ്റൊരു കൊലപാതക കേസിൽ തന്നെ ഒറ്റിക്കൊടുത്തത് സൂര്യൻ ആണെന്ന സംശയം ജോമോനുണ്ടായിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഷാനിനെ തട്ടിക്കൊണ്ടുപോയത്.
ഷാൻ ബാബു സൂര്യനൊപ്പം കൊടൈക്കനാലിൽ ഉല്ലാസ യാത്ര പോയതും പ്രകോപനത്തിന് കാരണമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിന്ന് ചിത്രം കണ്ടാണ് ഷാനിനെ ജോമോൻ തട്ടിക്കൊണ്ടുപോയത്. ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മർദ്ദിച്ചതും.
കൊല്ലപ്പെട്ട ഷാൻ ബാബുവും സൂര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. സൂര്യനോട് വൈരാഗ്യം തീർക്കുകയിരുന്നു പ്രതിയായ ജോമോന്റെ ലക്ഷ്യം. എന്നാൽ സൂര്യൻ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലിൽ പോയ വിനോദയാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സൂര്യൻ ഇടുന്നത്. ചിത്രത്തിൽ ഷാനും ഉണ്ടായിരുന്നു. ഇതോടെ സൂര്യൻ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന വിലയിരുത്തതിലായിരുന്നു ജോമോൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോകുന്നത്.
ക്രൂരമായ മർദ്ദനമാണ് ഷാൻ ബാബുവിന് നേരിടേണ്ടിവന്നത്. ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിച്ചു. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മർദ്ദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങൾ മൃതദേഹത്തിലുണ്ട്. ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്.
ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകളുണ്ട്. രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേർ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുകയാണ്.
ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലാണ് ജോമോൻ ഷാൻ ബാബു ജോസഫിന്റെ മൃതദേഹവുമായി എത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തിരച്ചിൽ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് യുവാവിനെ കൊന്ന് പോലീസിനെ ഞെട്ടിച്ച് മൃതദേഹം ചുമന്ന് പ്രതി എത്തുകയായിരുന്നു.
കളക്ടറേറ്റിൽനിന്ന് നാലുകിലോമീറ്റർ അകലെ ആനത്താനത്തെ മൈതാനത്തുവെച്ചായിരുന്നു ഷാനിനെ മർദ്ദിച്ചത്. പിന്നീട് ഓട്ടോയിൽ നഗരത്തിലേക്കുവന്നു. ശേഷം മൃതദേഹം തോളിലിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..